Connect with us

Articles

നിതീഷ്‌കുമാറില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്

Published

|

Last Updated

മതനിരപേക്ഷത ജീവവായു ആയി കാണുന്ന ഒരു മഹാ രാജ്യത്തിന്റെ ദേശീയ രാഷ്ട്രീയത്തില്‍ മതേതര ബദലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. നേരത്തെ വി പി സിംഗിന്റെയും പിന്നീട് ജനതാദള്‍-ഇടത് സഖ്യത്തിന്റെയും നേതൃത്വത്തില്‍ പല തവണ പരീക്ഷിച്ച് വിജയം കാണാതെ പോയ മതേതര മൂന്നാം ബദലിന്റെ സാധുതയിലേക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് ബീഹാറിലെ മഹാസഖ്യത്തിന്റെ മഹാവിജയം.
ഈ ബദലിന് നേതൃത്വം നല്‍കാന്‍ ജനതാ പരിവാറിന് കഴിയുമെന്ന പ്രതീക്ഷ നല്‍കാനും തിരഞ്ഞെടുപ്പ് ഫലത്തിനായിട്ടുണ്ട്. നിതീഷെന്ന മാന്യനായ തന്ത്രശാലിയും ലാലുവെന്ന കിംഗ് മേക്കറും നേതൃത്വം നല്‍കാനുണ്ടെങ്കില്‍ ഇടത് പാര്‍ട്ടികളും ശക്തരായ പ്രാദേശിക പാര്‍ട്ടികളും അണിനിരക്കുന്ന ഒരു ദേശീയ മതേതര ബദലിന് വര്‍ഗീയതയെയും ഫാസിസത്തെയും ഒരു പരിധിവരെ തടയാനായേക്കും. രാജ്യത്ത് ഒറ്റ കക്ഷി ഭരണം അപ്രായോഗികമായ ഈ ഘട്ടത്തില്‍ രാഷ്ട്രീയ നീക്കുപോക്കുകളിലൂടെ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാനായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇത് പുത്തന്‍ മുന്നേറ്റത്തിന് നാന്ദിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംഘ്പരിവാറും ബി ജെ പിയും ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണിക്കെതിരെ ദേശീയ തലത്തില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയ ചേരിയുടെ കാവലാളായി മാറാന്‍ നിതീഷ്‌കുമാറിന് കഴിയുമെന്ന് തന്നെയാണ് സമകാലിക രാഷ്ട്രീയ വര്‍ത്തമാനം വിളിച്ചു പറയുന്നത്.
പല തട്ടിലും ചേരികളിലുമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിച്ചുനയിക്കുന്നതിന് തലയെടുപ്പുള്ള നേതാക്കളില്ലെന്ന യാഥാര്‍ഥ്യം ചൂഷണം ചെയ്താണ് രാജ്യത്ത് ആര്‍ എസ് എസിന്റെ തണലില്‍ ബി ജെ പി ഇതുവരെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്തത്. ഈ കുറവ് പരിഹരിക്കാന് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്‌കുമാറിന് കഴിയുമെന്നാണ് മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിവിദൂരമല്ലാത്ത ഭാവിയില്‍ നിതീഷിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേശീയ രാഷ്ട്രീയത്തില്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് ഫലം തെളിയിക്കുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ പ്രയാസമാണെങ്കിലും ദേശീയതലത്തില്‍ ഫെഡറല്‍ പാര്‍ട്ടികളുടെ മുന്നണി എന്ന ആശയം നേരത്തേതന്നെ നിലവിലുണ്ട്. ബീഹാറിലെ വിജയം അത്തരമൊരു ചിന്തക്ക് പുത്തനുണര്‍വ് നല്‍കിയേക്കും.
1980കളില്‍ ദേശീയ രാഷ്ട്രീയത്തില്‍ മതേതര- ഐക്യ ബദലിന് നെടു നായകത്വം വഹിച്ച വി പി സിംഗിന്റെ പ്രതിരൂപം നിതീഷിലൂടെയും ജനതാ പരിവാറിലൂടെയും കാണാന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിതീഷ് കുമാറിന് ലാലുപ്രസാദ് യാദവ് നല്‍കുന്ന പിന്തുണ ഇതിന് കൂടുതല്‍ ശക്തി പകരുന്നതാണ്. അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളെ സജീവമാക്കാനും ചിതറിക്കിടന്ന സോഷ്യലിസ്റ്റ് കക്ഷികളെ “ജനതാദള്‍” എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ കീഴില്‍ അണിനിരത്താനും വി പി സിംഗിന് കഴിഞ്ഞ പോലെ നിലവിലെ സാഹചര്യത്തില്‍ നിതീഷിന് കഴിയുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന് ജനതാപരിവാര്‍ എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണം സമ്പൂര്‍ണമാക്കുക എന്ന വെല്ലുവിളിയായിരിക്കും നിതീഷിന് ഏറ്റെടുക്കാനുണ്ടാകുക. തിരഞ്ഞെടുപ്പിന് മുമ്പ് ഇതിന് ചെറിയ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇതിലെ മുഖ്യപാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്മാറ്റമാണ് ഇതിന് തടയിട്ടത്. എന്നാല്‍ പുതിയ ഫലത്തോടെ ഐക്യശ്രമങ്ങളെ ട്രാക്കില്‍ കയറ്റുകയെന്ന് ശ്രമകരമായ ജോലി നിതീഷ് ഏറ്റെടുക്കേണ്ടി വരും. ഇതോടൊപ്പം ഏറെ ആവശ്യമുയര്‍ന്ന ആര്‍ ജെ ഡി- ജെ ഡി യു ലയനം പൂര്‍ത്തിയാക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകും.
കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് വിമുഖതയുള്ള, ബി ജെ പിവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിതീഷിന് കഴിയുമെന്നതാണ് ഈ ബദലിന്റെ സാധ്യതകള്‍ക്ക് ജീവന്‍ നല്‍കുന്നത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു കക്ഷികള്‍ തുടങ്ങി നിലവില്‍ ബി ജെ പിക്ക് ഒപ്പം നില്‍ക്കുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനെ വരെ അനുനയിപ്പിക്കാന്‍ നിതീഷിനുള്ള മിടുക്ക് ബദലിന് ഗുണകരമാകും. ഒപ്പം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സീറ്റുതര്‍ക്കവുമായി ബന്ധപ്പെട്ട് ജനതാപരിവാറില്‍ നിന്ന് തെറ്റി നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയെയും മുലായം സിംഗിനെയും അനുനയിപ്പിക്കാനും നിതീഷ്‌കുമാറിന് കഴിയും. ബീഹാറില്‍ ഇടതുകക്ഷികള്‍ ഒന്നിച്ച് മഹാസഖ്യത്തിനെതിരെ മത്സരിച്ചിരുന്നുവെങ്കിലും ജനതാപരിവാര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന് സ്വീകാര്യമാകാതിരിക്കാനിടയില്ല.
തുല്യശക്തികളായ ബി ജെ പി യും കോണ്‍ഗ്രസും നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബി ജെ പിക്ക് മേല്‍ക്കൈ നേടാനായി എങ്കിലും മോദിയുടെ വരവിന് തൊട്ടുമുമ്പും ശേഷവുമായി മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയയിടങ്ങളില്‍ ഒതുങ്ങിയെന്നാണ് മനസ്സിലാക്കേണ്ടത്. തുടര്‍ന്ന് ഡല്‍ഹിയിലും ഇപ്പോള്‍ ബീഹാറിലും ബി ജെ പിയുടെ പരാജയം ഇത് തെളിയിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ടിടങ്ങളിലും ബി ജെ പി അടിയറവ് പറഞ്ഞത് കോണ്‍ഗ്രസിതര രാഷ്ട്രീയ പാര്‍ട്ടികളോടാണെന്നത് ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തില്‍ സംഘ്പരിവാറിന് തടയിടാന്‍ കോണ്‍ഗ്രസിനേക്കാള്‍ മതേതര ബദലിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത് വ്യക്തമായി മനസ്സിലാക്കുന്ന കോണ്‍ഗ്രസ് ഈ ബദലുമായി നീക്കുപോക്കുകള്‍ക്ക് തയ്യാറാകാന്‍ സാധ്യതയില്ല.
ഒപ്പം പ്രതിപക്ഷ ചേരിയില്‍ പുതിയ സൗഹൃദവും ചേരിതിരിവും ശക്തിപ്പെടാന്‍ തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. ഈ സൗഹൃദം അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ സാധ്യതകളെ തല്ലിക്കെടുത്തും.
വലിയ പ്രതീക്ഷകളില്ലെങ്കിലും വിവിധ അടവുനയങ്ങളിലൂടെ ഇവിടങ്ങളില്‍ മുന്നേറ്റം നടത്താനുള്ള ബി ജെ പിയുടെ നീക്കത്തിന് തടയിടാന്‍ ഇടതിനും കോണ്‍ഗ്രസിനും ഒപ്പം പ്രാദേശിക പാര്‍ട്ടികള്‍ക്കും പ്രചോദനമേകും. അതേസമയം നിലവിലെ സാഹചര്യത്തില്‍ 2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു പിയില്‍ ബി ജെ പി സ്വീകരിക്കുന്ന തന്ത്രങ്ങളും അതിനെ നേരിടാനുള്ള മറ്റുകക്ഷികളുടെ സമീപനത്തിലും ബീഹാര്‍ ഫലം സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസും എസ് പി, ബി എസ് പി പാര്‍ട്ടികളും ഭിന്നിച്ചു നിന്നപ്പോള്‍ ബി ജെ പി നേട്ടം കൊയ്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവം മുന്‍ നിര്‍ത്തിയാകും ഈ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക. എന്നാല്‍ യു പിയില്‍ മുലായം സിംഗും മായാവതിയും ഒന്നിക്കാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി ചേര്‍ന്നായിരിക്കും കോണ്‍ഗ്രസ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുക.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest