നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണിയുടെ നിലപാട് നിര്‍ണായകമാകും: വെള്ളാപ്പള്ളി

Posted on: November 11, 2015 9:15 pm | Last updated: November 12, 2015 at 10:30 am
SHARE

vellappallyചേര്‍ത്തല: നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ സ്വാധീനമുള്ള കെ എം മാണിയുടെ നിലപാട് അടുത്ത തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ മാണിയുടെ നിലപാട് നിര്‍ണായകമാകും. ചില മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാനും ചിലയിടങ്ങളില്‍ ജയിപ്പിക്കാനും അവര്‍ക്കാകും. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ പി സി ജോര്‍ജ് വഴി ഓപറേഷന്‍ നടന്നുവെന്നത് യാഥാര്‍ഥ്യമാണ്. കെ എം മാണിക്ക് അതിനുള്ള യോഗ്യതയും കഴിവും ഉള്ളതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. എന്നാല്‍ ആ ദൗത്യത്തില്‍ നിന്ന് മാണി സ്വയം പിന്‍മാറുകയായിരുന്നു. കൊടുത്തതും മേടിച്ചതും പറഞ്ഞുനടക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്ന പണിയല്ല. കോടതി പരാമര്‍ശത്തിന്റെ പേരില്‍ പലരും രാജിവെച്ചൊഴിഞ്ഞ ചരിത്രം കേരളത്തിലുണ്ട്. കെ എം മാണി നേരത്തെ രാജിവെച്ചിരുന്നെങ്കില്‍ കൂടുതല്‍ ശോഭ ലഭിക്കുമായിരുന്നു. എന്നാല്‍ ആപത്തുവന്നപ്പോള്‍ പി ജെ ജോസഫ് മാണിയെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. ആപത്തുഘട്ടത്തില്‍ ഒന്നിച്ചുനില്‍ക്കേണ്ടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് എന്‍ഡി പി ആരുമായും ഒരു കൂട്ടുകെട്ടുമില്ലായിരുന്നു. പ്രാദേശിക തലത്തില്‍ രൂപപ്പെട്ട ചില നീക്കുപോക്കുകള്‍ മാത്രമാണ് നടന്നത്. ഇതുമൂലം അരൂര്‍ മണ്ഡലത്തില്‍ ഈ കൂട്ടുകെട്ടിന് 27,000 വോട്ട് നേടാനായി. എസ് എന്‍ ഡി പി യോഗം കൈക്കൊണ്ട നിലപാടുമൂലം ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഉള്‍പ്പെടെ നൂറുകണക്കിന് സീറ്റുകള്‍ ഇരുമുന്നണികളും വാരിക്കോരി നല്‍കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here