എസ് എന്‍ കോളജുകളിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞു

Posted on: November 11, 2015 9:13 pm | Last updated: November 12, 2015 at 10:30 am
SHARE

High-Court-of-Keralaകൊച്ചി: എസ് എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകളിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞു. 16 കോളജുകളില്‍ 83 അധ്യാപകരുടെ നിയമനമാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തടഞ്ഞത്. നിയമനത്തിനായുള്ള അഭിമുഖം നടത്താമെങ്കിലും നിയമന നടപടികള്‍ കോടതി വിധിക്കു വിധേയമാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നിയമനത്തില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രസ്റ്റ് അംഗമായ കെ സുന്ദരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ട്രസ്റ്റിന്റെ ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും.
അധ്യാപക നിയമനത്തിനുള്ള നടപടികള്‍ കോടതി വിധിക്കു വിധേയമായിരിക്കുമെന്ന് നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നും അഭിമുഖം നടക്കുന്ന കോളജുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അധ്യാപക നിയമനത്തിനായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൈക്കൊള്ളുന്ന മുഴുവന്‍ നടപടികളും പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലന്ന വെള്ളാപ്പള്ളിയുടെ അഭിഭാഷകന്‍ എന്‍ രാജന്‍ബാബുവിന്റെ വാദം കോടതി നിരസിച്ചു. പത്ത് കോടിയിലധികം രൂപയുടെ ഇടപാടാണ് നടക്കാന്‍ പോകുന്നതെന്ന് ഹരജി ഭാഗം ആരോപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള സ്‌കീം നടപ്പിലാക്കിയാണ് നിലവില്‍ ട്രസ്റ്റിന്റെ ഭരണം നടക്കുന്നത്. എന്നാല്‍ കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് ഭരണം നടക്കുന്നതെന്ന് പരാതിപ്പെട്ടുള്ള ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കോടതി അനുമതിയില്ലാതെ നിയമന ഉത്തരവുകള്‍ നല്‍കരുതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here