വനവിഭവങ്ങളില്‍ വരുമാനം കണ്ടെത്തി ആദിവാസി കുടുംബങ്ങള്‍

Posted on: November 11, 2015 10:12 am | Last updated: November 11, 2015 at 10:12 am

മാനന്തവാടി: വനവിഭവങ്ങളില്‍ നിന്നും വരുമാനം കണ്ടെത്തുകയാണ് തിരുനെല്ലിയിലെ ആദിവാസി കുടുംബങ്ങള്‍. ഭാരിച്ച ജോലി ചെയ്യാന്‍ സാധിക്കത്തവരാണ് ഇത്തരത്തില്‍ വരുമാനം കണ്ടെത്തുന്നത്. ഉപജീവനത്തിനായാണ് കൂടുതല്‍ പേരും വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. മാനന്തവാടി താലൂക്കില്‍ ഇങ്ങനെ ഉപജീവനം നയിക്കുന്ന ആദിവാസി കുടുംബത്തില് പെട്ട ഭൂരിഭാഗവും തിരുനെല്ലി പഞ്ചായത്തില്‍ പെട്ടവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്നതും തിരുനെല്ലിയിലാണ്.
കുറുന്തോട്ടിയാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് കൂടുതലായും വരുമാനം നല്‍കുന്ന വനവിഭവം. ഇതിന്റെ ഔഷധവീര്യം തന്നെയാണ് വിപണിയില്‍ കുറുന്തോട്ടിക്ക് ആവശ്യമേറുന്നതും. കുറുന്തോട്ടിക്ക് പുറമെ തേന്‍, പൂപ്പല്‍, പാടത്താളി കിഴങ്ങ് എന്നിവയും വനത്തില്‍ നിന്നും ശേഖരിക്കുന്നുണ്ട്. അപ്പപ്പാറയിലുള്ള പട്ടിക വര്‍ഗ സഹകരണ സംഘത്തിലാണ് തങ്ങള്‍ ശേഖരിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കുന്നത്.
പച്ചക്കുറുന്തോട്ടിക്ക് കിലോയ്ക് 15 രൂപ ലഭിക്കുമ്പോള്‍ ഉണങ്ങിയവയ്ക്ക് കിലോയ്ക് 30 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. തേനിന് 210 ഉം പാടത്താളി കിഴങ്ങിന് 140 ഉം പൂപ്പലിന് 240 ഉം രൂപ കിലോ കണക്കിന് ലഭിക്കുന്നുണ്ട്. പൂപ്പലിനാണ് കൂടുതല്‍ തുക ലഭിക്കുകയെന്നതു കൊണ്ടു തന്നെ ഇവ ശേഖരിക്കാനാണ് യുവാക്കള്‍ക്ക് താത്പര്യം. പട്ടിക വര്‍ഗ സഹകരണ സംഘത്തില്‍ നിന്നും കോട്ടയ്കല്‍ ആര്യവൈദ്യശാലയും മറ്റുമാണ് വനവിഭവങ്ങള്‍ മൊത്തമായി വിലയ്‌കെടുക്കുന്നത്.
2015 ഒക്ടോബര്‍ 31 വരെ സംഘത്തില്‍ നിന്നും 25000 കിലോ ഉണക്ക കുറുന്തോട്ടിയാണ് ഇത്തരത്തില്‍ കയറ്റി കൊണ്ടു പോയത്. 4200 കിലോ തേനും 1000 കിലോ പൂപ്പലും 690 കിലോ പാടത്താളി കിഴങ്ങും ഒക്ടോബര്‍ 31 വരെ വില്പന നടത്തി.
തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിയ, കാട്ടു നായ്ക വിഭാഗക്കാരാണ് ഏറ്റവും കൂടുതലുള്ളത്. 1219 പണിയ കുടുംബങ്ങളും 871 കാട്ടുനായ്ക കുടുംബങ്ങളും 435 പണിയ കുടുംബങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളതായാണ് കണക്ക്. കുറുമ, ഊരാളി കുറുമ മലയരന്‍, കുറിച്യ, തച്ചനാടന്‍ മൂപ്പന്‍ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവരില്‍ ഭൂരിഭാഗം കുടുംബങ്ങളും വനവിഭവങ്ങള്‍ ശേഖരിച്ചാണ് ജീവിത മാര്‍ഗം കണ്ടെത്തുന്നത്.
വനവിഭവങ്ങള്‍ സാമ്പത്തികം നല്‍കുന്നുണ്ടെങ്കിലും ഇവ ശേഖരിക്കുന്നതിന് വളരെ പ്രയാസമുണ്ട്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ ജീവന്‍ പണയം വച്ചാണ് മിക്കവരും ഇവ ശേഖരിച്ചു മടങ്ങുന്നത്.