Connect with us

Wayanad

ബൈരക്കുപ്പ ഒരുങ്ങി; മൂരിഹബ്ബ നാളെ

Published

|

Last Updated

കല്‍പ്പറ്റ: കേരള – കര്‍ണാടക അതിര്‍ത്തിയിലെ ബൈരക്കുപ്പ ഗ്രാമത്തിലെ മൂരിഹബ്ബ ആഘോഷം നാളെ നടക്കും. കര്‍ണാടകത്തിലെ വേടൈ ഗൗഡറുടെ ദേശീയ ഉത്സവമായ മൂരിഹബ്ബ മഹോത്സവം അതിര്‍ത്തി ഗ്രാമത്തിലെ മലയാളികളുടെ കൂടി ആഘോഷമാണ്. മൂരിഹബ്ബക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങില്‍ പങ്കെടുക്കുന്ന കാളക്കപട്ടന്മാരെ ഒരുക്കുന്ന പരിപാടി തകൃതിയായി നടക്കുകയാണ്. ദീപാവലി കഴിഞ്ഞ് രണ്ടാം ദിവസമാണ് ഇത്തവണ അതിര്‍ത്തിയില്‍ ആഘോഷം നടക്കുന്നത്. ബൈരക്കുപ്പയില്‍ താമസിക്കുന്ന 500ഓളം വേടൈ ഗൗഡ കുടുംബങ്ങള്‍ ചേര്‍ന്നാണ് മൂരിഹബ്ബ ആഘോഷിക്കുന്നത്. ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതി ഉദ്ഘാടനം ചെയ്യും. ബൈരക്കുപ്പയിലെ ബസവേശ്വരം, ബൈരേശ്വര ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തിയാണ് മൂരിഹബ്ബ ആഘോഷം നടത്തുന്നത്. ആക്രമണം ഭയന്ന് കര്‍ണാടകത്തിലെ ചിത്രി ദുര്‍ഗത്തില്‍ നിന്ന് വേടൈ ഗൗഡര്‍മാര്‍ ഓടി രക്ഷപ്പെട്ടതിന്റെ ഓര്‍മ്മക്കായിട്ടാണ് ഗൗഡര്‍മാര്‍ മൂരിഹബ്ബ ആഘോഷിക്കുന്നത്. ബൈരക്കുപ്പ അങ്ങാടിയുടെ ഒരു അറ്റത്തുള്ള ബസവേശ്വര ക്ഷേത്രത്തിന് മുന്നില്‍നിന്നും ബൈരന്‍കുപ്പ അങ്ങാടിയിലേക്ക് മൂരിയുടെ പുറത്ത് കയറിയും അല്ലാതേയും മൂരികളെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതുമാണ് ഉത്സവത്തിന്റെ പ്രദാനചടങ്ങ്. ഉത്സവത്തിന് തലേന്ന് തന്നെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകേണ്ട മൂരികളെ നന്നായി തീറ്റയും വെള്ളവും മറ്റ് ഭക്ഷണവും നല്‍കി പ്രത്യേകം ഒരുക്കി നിര്‍ത്തും. അതിരാവിലെ തന്നെ മൂരികളെ കബനി നദിയില്‍ കൊണ്ടുപോയി കുളിപ്പിച്ച് ശരീരം തുടച്ച് തീറ്റ നല്‍കി കഴുത്തില്‍ മണിയും മലര്‍മാലകളും അണിയിച്ച് ക്ഷേത്രസന്നിധിയിലെത്തിക്കും. ഹൊസ്സള്ളി, ബാവലി, ദൊഡ്ഡ – ബൈരന്‍കുപ്പ, ആനമാലം, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇത്തരത്തില്‍ മൂരികളെ എത്തിക്കും. രാവിലെ തന്നെ ക്ഷേത്രത്തിലെത്തുന്ന പൂജാരി ഉത്സവത്തിന് വേണ്ടിയും ഗൗഡര്‍മാര്‍ക്കും മൂരികള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. പീന്നീട് ക്ഷേത്രത്തില്‍ കാണിക്കയിട്ട് പൂജാരിക്ക് ദക്ഷിണയും നല്‍കി മൂരികളെ ഓടിക്കാന്‍ തുടങ്ങും. മൂന്നും നാലും പേര്‍ ചേര്‍ന്നായിരിക്കും ഒരു മൂരിയെ ഓടിക്കുന്നത്. ഓട്ടത്തിനിടയില്‍ ഓരോരുത്തരും മൂരിയുടെ പുറത്ത് ചാടിക്കയറും. ഓടി അങ്ങാടിയിലെത്തുന്ന മൂരികളെ അവിടെനിന്നും ക്ഷേത്രത്തിനടുത്തേക്കും ഓടിക്കും. ഓട്ടത്തിനിടയില്‍ പലരും മൂരിയുടെ പുറത്തുനിന്നും താഴെ വീഴും. അപ്പോഴും മൂരികള്‍ ഓടിക്കൊണ്ടേയിരിക്കും. ഉച്ചവരെ ഈ ഓട്ടം തുടരും. അപ്പോഴേക്കും ആനമാളത്തുനിന്നുമെത്തുന്ന ഘോഷയാത്രയില്‍ മൂരിക്കാരും പങ്കെടുത്ത് ബൈരേശ്വര ക്ഷേത്രത്തില്‍ പോയി തിരികെ അങ്ങാടിയിലെത്തി ഉത്സവം സമാപിക്കും. ബസവേശ്വര ക്ഷേത്രത്തില്‍ മൂരിക്കാര്‍ കാണിക്കയിടും.

---- facebook comment plugin here -----

Latest