ആദ്യം ഭീഷണി, പിന്നെ സമ്മര്‍ദം; ഗത്യന്തരമില്ലാതെ രാജി

Posted on: November 11, 2015 12:37 am | Last updated: November 11, 2015 at 12:37 am

km maniതിരുവനന്തപുരം: ആദ്യം പിടിച്ചുനില്‍ക്കാനുള്ള ശ്രമം, പിന്നീട് ഭീഷണി, ഒടുവില്‍ സമ്മര്‍ദം കൂട്ടാനുള്ള നീക്കം. 32 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ എട്ടുനിലയില്‍ പൊട്ടിയതോടെയാണ് ഗത്യന്തരമില്ലാതെ കെ എം മാണി ധനമന്ത്രി പദമൊഴിഞ്ഞത്. മന്ത്രിപദം പോയെന്ന് മാത്രമല്ല, പാര്‍ട്ടിയെ തന്റെ ചൊല്‍പ്പടിയില്‍ ഒരുമിച്ചുനിര്‍ത്താന്‍ പോലും കഴിയാതെയാണ് അധികാര രാഷ്ട്രീയത്തില്‍ നിന്ന് കെ എം മാണി പുറത്താകുന്നത്. പല അടവുകളാണ് പിടിച്ചുനില്‍ക്കാന്‍ കെ എം മാണി പയറ്റിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വിശ്വസ്തരെ മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. കൂട്ടരാജിയെന്ന നിര്‍ദേശം തള്ളി മന്ത്രിസഭയില്‍ തുടരാന്‍ പി ജെ ജോസഫ് തീരുമാനിച്ചതോടെ പിളരാതെ പിളര്‍ന്നുവെന്ന അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ്.
രാജിവെക്കില്ലെന്ന നിലപാടാണ് കെ എം മാണി ആദ്യം സ്വീകരിച്ചത്. കോടതി വിധിയില്‍ രാജിവെക്കാന്‍ തക്ക പരാമര്‍ശങ്ങളൊന്നുമില്ലെന്നായിരുന്നു നിലപാട്. പ്രതികൂലമാണെന്ന് തോന്നുന്ന ഒരു പരാമര്‍ശം നീക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു. രാവിലെ നിയമ സെക്രട്ടറിയെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി. കോടതി വിധിയില്‍ അപ്പീല്‍ പോയാല്‍ അനുകൂല നിലപാട് പ്രതിക്ഷിക്കേണ്ടെന്നായിരുന്നു നിയമ സെക്രട്ടറിയുടെ ഉപദേശം. പിന്നീടാണ് കോടതി വിധിയില്‍ പ്രതികൂല പരാമര്‍ശമില്ലെന്ന നിലപാട് കടുപ്പിച്ചത്. രാജിവെക്കാന്‍ നിര്‍ബന്ധിച്ചാല്‍ സര്‍ക്കാറിനുള്ള പിന്തുണ തന്നെ പിന്‍വലിക്കുമെന്നായി ഭീഷണി. കെ എം മാണി രാജിവെക്കില്ലെന്ന് വിശ്വസ്തനായ തോമസ് ഉണ്ണിയാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാണിയുടെ നിലപാടില്‍ രാവിലെ ചേരാന്‍ നിശ്ചയിച്ച യു ഡി എഫ് യോഗവും അനിശ്ചിതത്വത്തിലായി. കക്ഷിനേതാക്കള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അഭിപ്രായം അറിയിച്ചു. രാജിയല്ലാതെ പോംവഴിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉറച്ച നിലപാടെടുത്തു. ആര്‍ എസ് പിയും കേരള കോണ്‍ഗ്രസ് ജേക്കബും രാജി വേണമെന്ന നിലപാട് സ്വീകരിച്ചു. എല്ലാവരും മാണി തന്നെ സ്വയം ഒരു തീരുമാനമെടുക്കട്ടെയെന്ന് അഭിപ്രായം പറഞ്ഞു. ഈ സന്ദേശം മാണിയെ അറിയിച്ചെങ്കിലും വഴങ്ങാന്‍ മനസ്സില്ലെന്ന നിലപാടിലായിരുന്നു മാണി. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വേണമെങ്കില്‍ താന്‍ രാജിവെക്കാമെന്ന് മാണി അറിയിച്ചു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആവര്‍ത്തിച്ചു. രാജിയാണ് ഉചിതമെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് സ്വീകരിച്ചത്.
മാണി രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ ആദ്യം ഉയര്‍ന്നത്. മാണി രാജിവെക്കേണ്ടതില്ലെന്ന് സി എഫ് തോമസ് പറഞ്ഞു. പിന്നീട് വന്ന ഒരു ഫോണ്‍കോള്‍ കാര്യങ്ങളെ മാറ്റിമറിച്ചു. യോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മാണിയെ ഫോണ്‍ വിളിച്ചത്. രാജിവെക്കാതെ നിര്‍വാഹമില്ലെന്ന കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും നിലപാട് ഉമ്മന്‍ ചാണ്ടി മാണിയെ അറിയിച്ചു. തുടര്‍ന്നാണ് രാജി സമ്മര്‍ദത്തിന് വഴങ്ങാന്‍ മാണി സമ്മതിക്കുന്നത്. രാജിവെക്കുകയാണെങ്കില്‍ പി ജെ ജോസഫും തോമസ് ഉണ്ണിയാടനും കൂടി രാജിവെക്കണമെന്നായിരുന്നു മാണി ഗ്രൂപ്പിന്റെ ആവശ്യം. മാണി രാജിവെക്കുകയാണെങ്കില്‍ പാര്‍ട്ടി മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ട് എന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. അതിന് പി ജെ ജോസഫും രാജിവെക്കണമെന്നായിരുന്നു ജോസ് കെ മാണി ആവശ്യപ്പെട്ടത്. ഇതിനെ ശക്തമായി എതിര്‍ത്ത ജോസഫ് ഗ്രൂപ്പിലെ ആന്റണി രാജു ഈ നിലപാട് സ്വീകര്യമല്ലെന്ന് തുറന്നു പറഞ്ഞു. മാണി കടുത്ത നിലപാടിലേക്ക് നീങ്ങിയാല്‍ ഒപ്പമുണ്ടാകില്ലെന്നും ജോസഫ് ഗ്രൂപ്പ് ഓര്‍മിപ്പിച്ചു.
യോഗത്തില്‍ മാണിയുടെ രാജി ശക്തമായി ആവശ്യപ്പെട്ടത് മോന്‍സ് ജോസഫാണ്. പി ജെ ജോസഫ് ഒരു അഭിപ്രായവും പറഞ്ഞില്ല. തുടര്‍ന്ന് കെ എം മാണിയും പി ജെ ജോസഫും ഒറ്റക്ക് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. കോടതി പരാമര്‍ശത്തിന്റെ പേരില്‍ അല്ല രാജിയെന്നും കേരള കോണ്‍ഗ്രസിനെതിരെ യു ഡി എഫില്‍ നടന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് എല്ലാവരും രാജിവെക്കുകയെന്ന നിര്‍ദേശം മാണി ജോസഫിന് മുന്നില്‍ വെച്ചു. ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു ജോസഫിന്റെ നിലപാട്. തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പി ജെ ജോസഫിന്റെ ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നു. ജോസഫിന്റെ നിലപാടിനെ കോണ്‍ഗ്രസും പിന്തുണച്ചു. കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി കെ സി ജോസഫ് ജോസഫിനെ അറിയിച്ചു. മാണിക്ക് വേണ്ടി പി ജെ ജോസഫ് ബലിയാടാകേണ്ടതില്ലെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ഇക്കാര്യം ആന്റണി രാജു കെ എം മാണിയെ അറിയിച്ചു. എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് കെ എം മാണിയും തോമസ് ഉണ്ണിയാടനും രാജിവെക്കാന്‍ തീരുമാനിച്ചത്.
കെ എം മാണിയുടെ നിര്‍ദേശം പി ജെ ജോസഫ് തള്ളിയതോടെ ഫലത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് സമാനമായി. എം എല്‍ എമാരായ ടി യു കുരുവിളയും മോന്‍സ് ജോസഫും പി ജെ ജോസഫിനൊപ്പം ഉറച്ചുനിന്നു.