രാജി നിര്‍ബന്ധിതമാക്കിയത് കോടതി പരാമര്‍ശം

Posted on: November 11, 2015 12:35 am | Last updated: November 11, 2015 at 12:35 am
SHARE

kamal pashaതിരുവനന്തപുരം :ഹൈക്കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശമാണ് ഇത്രയും നാള്‍ പിടിച്ചുനിന്ന കെ എം മാണിയെ ദുര്‍ബലനാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് നേരിട്ട തിരിച്ചടി ഇതിനോട് ചേര്‍ന്നുനിന്നതോടെ രാജിയില്‍ കവിഞ്ഞൊരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന ഗതി വന്നു. ആരോപണവും അന്വേഷണവും വന്ന ഘട്ടങ്ങളിലെല്ലാം കൂടെയുള്ള എം എല്‍ എമാരുടെ എണ്ണം കാണിച്ച് സര്‍ക്കാറിനെയും യു ഡി എഫിനെയും ഭീഷണിപ്പെടുത്തിയ കെ എം മാണി കോടതി പരാമര്‍ശത്തോടെ കീഴടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
ഹൈക്കോടതി ജസ്റ്റിസ് കമാല്‍പാഷയുടെ രൂക്ഷമായ വിമര്‍ശമാണ് ബാര്‍കോഴയുടെ ഗതി തിരിച്ചുവിടുന്നതില്‍ നിര്‍ണായകമായത്. തുടരന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നടക്കുമ്പോള്‍ കുറ്റാരോപിതന്‍ പദവിയില്‍ തുടരുന്നത് ജനങ്ങളില്‍ സംശയം ഉണ്ടാക്കുമെന്നുമുള്ള പരാമര്‍ശം മാണിയുടെ എല്ലാ പിടിവള്ളിയും നഷ്ടപ്പെടുത്തുകയായിരുന്നു. വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്റെ ഉത്തരവും കേസില്‍ നിര്‍ണായകമായി. കേസ് അന്വേഷിച്ച വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തലുകള്‍ വിളിച്ചുവരുത്തിയാണ് വിജിലന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ മേല്‍നോട്ട ചുമതലയില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയ ശേഷം നടത്തിയ നീക്കങ്ങളാണ് വിജിലന്‍സ് കോടതി ചോദ്യം ചെയ്തത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന കോടതിയുടെ നിരീക്ഷണം വിജിലന്‍സിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്നതാണ്. വസ്തുതാ വിവര റിപ്പോര്‍ട്ട് പൂര്‍ണമായി ശരിവെക്കുന്നതാണ് കോടതി വിധി.
വിജിലന്‍സ് കോടതിയുടെ ഈ ഉത്തരവിന് സ്‌റ്റേ സമ്പാദിക്കാന്‍ നടത്തിയ നീക്കമാണ് ഹൈക്കോടതി തിരിച്ചടിച്ചത്. മന്ത്രിയല്ലാത്ത മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഹൈക്കോടതി ഒരുക്കിയത്. ബാര്‍കോഴ കേസില്‍ ഏറെ നിര്‍ണായകമായത് എസ് പി സുകേശന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്.
ലഭ്യമായ മൊഴികളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കി മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടിവരുമെന്ന നിലപാടാണ് എസ് പി. സുകേശന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് ഉള്‍പ്പെടെ നിയമോപദേശം തേടിയ ശേഷം അതു വേണ്ടെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രി കെ എം മാണിക്ക് കോഴ നല്‍കാന്‍ പണം പിരിച്ചതു മുതല്‍ അദ്ദേഹത്തിന്റെ പാലായിലേയും തിരുവനന്തപുരത്തേയും വസതികളില്‍ വെച്ച് പണം നല്‍കിയത് ഉള്‍പ്പടെയുള്ള കോഴയിടപാടിന്റെ പരാതികളില്‍ മുഴുവന്‍ വിവരങ്ങളും എസ് പി സുകേശന്‍ ശേഖരിച്ചിരുന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ മിനുട്‌സ് മുതല്‍ കോഴയിടപാടിലേക്ക് വഴിവെച്ച, ബാര്‍ ലൈസന്‍സ് നിശ്ചയിക്കുന്നതിനായി ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനത്തിന്റെ മിനുട്‌സ് വരെയുള്ള തെളിവുകള്‍ കണ്ടെത്തി. ഈ രേഖകളെല്ലാം സാഹചര്യത്തെളിവുകളായിരുന്നു. കോഴ നല്‍കിയില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി വ്യക്തമാക്കുമ്പോഴും അദ്ദേഹത്തിന്റെ നാല് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍, കോഴയിടപാട് നടന്നതായി പറയുന്ന സമയത്തെ ടവര്‍ ലോക്കേഷനുകളും യാത്രാവിവരങ്ങള്‍, ഫോണ്‍കോള്‍ വിശദാംശങ്ങള്‍ തുടങ്ങിയവ വിജിലന്‍സ് സംഘത്തിന് നിര്‍ണായക രേഖകളായി മാറി.
കോഴ ആരോപണത്തില്‍ കെ എം മാണിയെ പ്രതിയാക്കി 2014 ഡിസംബര്‍ 11ന് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തിലാണ് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയും കോഴയിടപാടിന് ദൃക്‌സാക്ഷിയായ അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലവും കേസിന് ബലം നല്‍കുന്ന തെളിവുകളായി അവതരിപ്പിച്ചു. മാണിയുടെ തിരുവനന്തപുരത്തെ വസതിയില്‍ നടന്ന കോഴയിടപാട് നേരിട്ടു കണ്ടുവെന്ന അമ്പിളിയുടെ മൊഴി ശരിവെക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നുണ പരിശോധനാ ഫലം.
രാഷ്ട്രീയ നേതാക്കളും ബാര്‍ ഉടമകളും ഉള്‍പ്പെടെ മൂന്നുറ്റമ്പതോളം പേരില്‍ നിന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. ഇതില്‍, ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ കുടാതെ കോട്ടയത്തെ ബാര്‍ ഉടമകളായ സാജു ഡൊമിനിക്കും അമ്പാസിഡര്‍ തങ്കച്ചനും പാലായില്‍ നടന്ന കോഴയിടപാടിന്റെ സാഹചര്യത്തെളിവുകളും വിജിലന്‍സിന് മൊഴിയായി നല്‍കി. കെ എം മാണി അധികാര ദുര്‍വിനിയോഗം നടത്തുകയും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്തായാലും കെ എം മാണി രാജിവെച്ചതോടെ ഇനി മന്ത്രിയല്ലാത്ത മാണിക്കെതിരെ കൂടുതല്‍ സ്വതന്ത്രമായി അന്വേഷണം നടത്താന്‍ വിജിലന്‍സിന് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here