അന്ന് ഗണേഷ്, ഇന്നലെ മാണി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ രണ്ടാം രാജി

Posted on: November 11, 2015 12:30 am | Last updated: November 11, 2015 at 12:30 am
SHARE

mani-oommenchandyതിരുവനന്തപുരം: രണ്ട് അംഗങ്ങളുടെ ചെറിയ ഭൂരിപക്ഷവുമായി 2011 ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് കെ എം മാണി. എന്നാല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവെക്കുന്ന ആദ്യത്തെ മന്ത്രിയാണ് മാണി. ഗാര്‍ഹിക പീഡനമാരോപിച്ച് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയെ തുടര്‍ന്ന് കെ ബി ഗണേഷ്‌കുമാറിനാണ് ആദ്യം മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ഗണേഷ് കുമാറിന്റെ ഭാര്യ പരാതി നല്‍കിയതോടെ മുഖ്യമന്ത്രി ഗണേഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2013 ഏപ്രില്‍ ഒന്നിന് കെ ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനം യു ഡി എഫ് കൈക്കൊണ്ടതിന് പിന്നാലെയാണ് അടച്ച ബാറുകള്‍ തുറക്കാന്‍ കെ എം മാണിക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന് ബിജു രമേശ് എന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തലുണ്ടായത്. ഇതാണ് മാണിയുടെ രാജിയില്‍ കലാശിച്ചത്.
2005ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാന കാലവും രാജിവിവാദം അരങ്ങേറിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പെട്ട പി കെ കുഞ്ഞാലിക്കുട്ടിക്കാണ് അന്ന് ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും ഒടുവില്‍ രാജിവെച്ച് ഒഴിയേണ്ടി വന്നത്. ആറ് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്ന യു ഡി എഫിന് തദ്ദേശ തിരഞ്ഞടുപ്പിന് പിന്നാലെ മാണിയുടെ രാജികൂടി വന്നത് യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.