Connect with us

National

ദയനീയ പരാജയത്തിന് പിറകേ ബി ജെ പിയില്‍ കൂടുതല്‍ വിമത സ്വരങ്ങള്‍

Published

|

Last Updated

പാറ്റ്‌ന: തന്നെ പട്ടിയോടുപമിച്ച ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയക്ക് ചുട്ട മറുപടിയുമായി മുന്‍ നടനും ബി ജെ പി. എം പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. “വിജയ് വര്‍ഗീയക്ക് മറുപടി നല്‍കണമെന്ന് ജനങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നു. ഒറ്റ വരി മറുപടിയേ ഉള്ളൂ. ശുനകന്‍മാര്‍ കുരക്കട്ടേ, സാര്‍ഥവാഹക സംഘം മുന്നോട്ട്”- സിന്‍ഹ ട്വിറ്ററില്‍ രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ബി ജെ പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. മഹാസഖ്യത്തിന്റെ വിജയം ബീഹാറിന്റെ വിജയമാണെന്നും ബീഹാറിക്ക് പകരം ബാഹറി( പുറത്തു നിന്നുള്ളയാള്‍)യെ ഉയര്‍ത്തിക്കാണിച്ചതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിജയ്‌വര്‍ഗീയ, സിന്‍ഹയെ പട്ടിയോട് ഉപമിച്ചത്. “കാര്‍ നീങ്ങുമ്പോള്‍ അതിനുള്ളിലെ പട്ടി കരുതും, താനുള്ളത് കൊണ്ടാണ് കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ നിലനില്‍പ്പ് പാര്‍ട്ടിയുടെ കെട്ടുറപ്പിലാണ്. അല്ലാതെ പാര്‍ട്ടിയുടെ കെട്ടുറപ്പ് അദ്ദേഹത്തിന്റെ കഴിവിലല്ല” എന്നായിരുന്നു വര്‍ഗീയയുടെ വിവാദ പ്രതികരണം. അതിനിടെ, ശത്രുഘ്‌നന്‍ സിന്‍ഹ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവിനെയും നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു.
അതിനിടെ, കൂടുതല്‍ ബി ജെ പി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബി ജെ പിക്ക് ബീഹാര്‍ നഷ്ടമായി എന്ന് പറഞ്ഞാല്‍ പോര. മുട്ടോളം വെള്ളത്തില്‍ മുങ്ങി മരിച്ചു എന്നാണ് പറയേണ്ടതെന്ന് ബിഗുസറായിയില്‍ നിന്നുള്ള ബി ജെ പി. എം പി ഭോല സിംഗ് തുറന്നടിച്ചു. രണ്ട് ടേം എം പിയായി തുടരുന്ന തന്നെ സ്വന്തം മണ്ഡലത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തി. ഇതാണ് മിക്ക മണ്ഡലങ്ങളിലും നടന്നത്. നരേന്ദ്ര മോദിയുടെ മാന്യതയില്ലാത്ത വാക്കുകള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും ഭോലാ സിംഗ് പറഞ്ഞു. ബിഗുസറായിയിലെ നിയമസഭാ മണ്ഡലങ്ങളിലും മഹാസഖ്യം ഉജ്ജ്വല വിജയം നേടിയിരുന്നു.
പടയാളികളല്ല, സേനാപതികളാണ് ബീഹാറില്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചത്. കേന്ദ്ര സഹമന്ത്രിയും നവാദയില്‍ നിന്നുള്ള എം പിയുമായ ഗിരിരാജ് സിംഗ് നടത്തിയ പ്രസ്താവനകള്‍ നിരുത്തരവാദപരമായിരുന്നുവെന്നും സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പൂര്‍ണമായി പാളിയതാണ് തോല്‍വിക്ക് കാരണമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. എന്‍ ഡി എ സഖ്യത്തിന്റെ സമുദായ സമവാക്യങ്ങള്‍ മഹാസഖ്യത്തെ അപേക്ഷിച്ച് ചെറുതായിരുന്നു. അവരുടേത് വിശാലവും ഫലപ്രദവുമായിരുന്നുവെന്നും അമരേന്ദ്ര പറഞ്ഞു. അറായില്‍ മത്സരിച്ച അമരേന്ദ്ര ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. ഇവിടെ തുടര്‍ച്ചയായി നാല് തവണ എം എല്‍ എയായിരുന്നു അമരേന്ദ്ര.
മോഹന്‍ ഭഗവതും അമിത് ഷായും നടത്തിയ പ്രസ്താവനകള്‍ എന്‍ ഡി എക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി പ്രതികരിച്ചിരുന്നു. ബി ജെ പിയിലെ മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരിയും ഇതേ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തോട് ബി ജെ പി സഖ്യം ദയനീയമായ തോറ്റതോടെ പാളയത്തില്‍ പട ശക്തമാകുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വിമതസ്വരവുമായി രംഗത്തെത്തുമെന്നാണ് സൂചന.

Latest