അമിത് ഷാ തുടരും; മോഹന്‍ ഭഗവതിനെ ന്യായീകരിച്ച് രാജ്‌നാഥ് സിംഗ്

Posted on: November 11, 2015 12:20 am | Last updated: November 11, 2015 at 12:20 am

rajnath singhന്യൂഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് സംവരണം സംബന്ധിച്ച് നടത്തിയ പ്രസ്താവന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പരാജയത്തിന് ഒരു തരത്തിലും കാരണമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റെടുക്കാനാകില്ലെന്നും സിംഗ് പറഞ്ഞു. ഭഗവതിന്റെ പ്രസ്താവന പരുക്കേല്‍പ്പിച്ചുവെന്ന് പറയാനാകില്ല. അദ്ദേഹം സംവരണം സംബന്ധിച്ച് ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. ഇപ്പോഴത്തെ സംവരണം സംവിധാനം അടിമുടി പൊളിച്ച് പണിയണമെന്നും സംവരണത്തിന്റെ ആനുകൂല്യം അര്‍ഹര്‍ക്ക് തന്നെയാണോ കിട്ടുന്നതെന്ന് പരിശോധിക്കണമെന്നുമായിരുന്നു ഭഗവത് പറഞ്ഞത്. പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളുടെ സാധ്യതകള്‍ വല്ലാതെ കുറയുന്നുവെന്ന കാഴ്ചപ്പാടും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.
മഹാസഖ്യത്തിന്റെ സമുദായ സമവാക്യമാണ് എന്‍ ഡി എക്ക് വിനയായത്. ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ദീവാലി മിലനിന്റെ ഭാഗമായി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്ര മോദി രാജിവെക്കേണ്ടതല്ലേയെന്ന ചോദ്യത്തെ ചിരിയോടെയാണ് രാജ്‌നാഥ് സിംഗ് നേരിട്ടത്. തോറ്റത് ബി ജെ പിയല്ലേ മോദിയല്ലല്ലോ എന്ന് അദ്ദേഹം മറുപടി നല്‍കി. അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന പ്രശ്‌നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരാജയത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും വിശദമായി പരിശോധിക്കും. ഭാവിയില്‍ എന്ത് നടപടികളെടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്യും. ജയ, പരാജയങ്ങള്‍ ജനാധിപത്യത്തില്‍ സാധാരണയാണ്. മുമ്പ് ബി ജെ പി തോറ്റിട്ടുണ്ട്, ജയിച്ചിട്ടുമുണ്ട്. ബീഹാറില്‍ താന്‍ 50ലധികം റാലികളില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയെല്ലാം കാണാന്‍ കഴിഞ്ഞത് എന്‍ ഡി എക്ക് അനുകൂലമായ തരംഗമാണ്. അത്‌കൊണ്ട് തന്നെ ഈ പരാജയം താന്‍ പ്രതീക്ഷിച്ചതല്ല. ചില നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ വിനയായില്ലേ എന്ന ചോദ്യത്തിന് രാജ്യത്തെ ഒരേയൊരു മതേതര പാര്‍ട്ടി ബി ജെ പിയാണെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.
ആര്‍ ജെ ഡിയുമായി ജെ ഡി യു തെറ്റിപ്പിരിയുന്ന ഒരു സ്ഥിതിയുണ്ടായാല്‍ ബി ജെ പിയുടെ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന്, അത്തരമൊരു ചോദ്യം ഇപ്പോള്‍ ഉദിക്കുന്നില്ല. ഇപ്പോള്‍ ബീഹാറിന് ആവശ്യം സുസ്ഥിര സര്‍ക്കാറാണ്. അതിന് പരുക്കോല്‍ക്കുന്ന ഒന്നും മഹാസഖ്യത്തില്‍ ഉണ്ടാകില്ലെന്ന് തന്നയാണ് ബി ജെ പി പ്രതീക്ഷിക്കുന്നതെന്നായിരുന്നു മറുപടി. ബീഹാറിലെ ജനവിധി 2017ല്‍ നടക്കാനിരിക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.