Connect with us

National

15 തന്ത്ര പ്രധാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിരോധ മേഖല ഉള്‍പ്പടെ രാജ്യത്തെ 15 തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധ മേഖലയില്‍ 49 ശതമാനവും റബ്ബര്‍ ഉള്‍പ്പടെയുള്ള തോട്ടം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് നിര്‍ണായക തീരുമാനമെന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രതിരോധ മേഖലക്ക് പുറമെ ബേങ്കിംഗ്, പ്രക്ഷേപണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിവില്‍ വ്യോമയാനം, ചില്ലറ വ്യാപാരം, ഇന്‍ഫ്രാസ്ട്രക്ചര്‍, നിര്‍മാണം തുടങ്ങി 15 മേഖലകളിലാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പ്ലാന്റേഷന്‍, ഡി ടി എച്ച് കേബിള്‍ നെറ്റ്‌വര്‍ക്ക് മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് നടപ്പില്‍ വരുന്നതോടെ രാജ്യത്തെ വാര്‍ത്താ ചാനലുകളിലെ വിദേശ നിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയരും. ഇതോടൊപ്പം വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കമ്പനികള്‍ക്ക് നടപടിക്രമങ്ങളിലുണ്ടായിരുന്ന കാലതാമസവും സങ്കീര്‍ണതകളും ലഘൂകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി വിദേശ നിക്ഷേപ നയത്തില്‍ 35 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 16 ലധികം മന്ത്രിസഭാ തീരുമാനങ്ങളുടെ പിന്തുണയോടെയാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ഉദാര സമീപനം സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇന്റര്‍ മിനിസ്റ്റീരിയല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് 3000 കോടി രൂപ വരെയുള്ള നിക്ഷേപ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ബോര്‍ഡിന് 5000 കോടി രുപ വരെയുള്ള പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ അനുമതി നല്‍കുന്നുണ്ട്. നേരത്തെ ഇത്തരം പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ അനുമതിക്ക് പുറമെ മിനിസ്റ്റീരിയല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ പലതവണയുള്ള കണ്‍സള്‍ട്ടേഷന് ശേഷമായിരുന്നു അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതിയില്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാകും. ഇതിലൂടെ നിക്ഷേപകരുടെ ഊര്‍ജവും സമയവും ലാഭിക്കാനാകുമെന്ന് കേന്ദ്രവ്യവസായ മന്ത്രാലയ വാക്താവ് പറഞ്ഞു. ഒപ്പം നിര്‍മാണ മേഖലലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്നിലൂടെ രാജ്യത്ത് 50 ദശലക്ഷം വീടുകളുടെ നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഇതി മൊത്ത ചില്ലറ ഉത്പാദന മേഖലയെ സ്വാധീനിക്കുമെന്നും ഇവര്‍ പറയുന്നു.
ഇതോടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ് ജനുവരി മുതല്‍ ജൂണ്‍വരെ 19.39 ബില്യണ്‍ വിദേശ നിക്ഷേപമാണ് ലഭിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest