മുന്‍ഗാമികളുടെ ദുരന്തം മാണിയേയും മാടിവിളിച്ചു

Posted on: November 11, 2015 12:02 am | Last updated: November 11, 2015 at 1:49 pm
SHARE

maniകോട്ടയം: ബാര്‍കോഴ കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തിന് വിധേയനായി കെ എം മാണി മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ വിവാദങ്ങളുടെ പേരില്‍ സ്ഥാനഭ്രഷ്ടനായി പുറത്തുപോയ കേരള കോണ്‍ഗ്രസിലെ മുന്‍കാല നേതാക്കള്‍ക്കൊപ്പം മാണിയുടെ പേരും ചരിത്രത്തിലേക്ക്. അര നൂറ്റാണ്ട് നിയമസഭാംഗമായും മന്ത്രിയായും സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിന്റെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായ കെ എം മാണി തന്റെ വിശ്വസ്തരുടെ പോലും അപ്രീതിക്ക് പാത്രമായാണ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായെന്ന റെക്കോര്‍ഡും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണിയുടെ പേരിലാണ്. ഇത്തരം രാഷ്ട്രീയ പാരമ്പര്യങ്ങള്‍ അവകാശപ്പെടുമ്പോഴും കേരള കോണ്‍ഗ്രസിലെ പൂര്‍വ്വീകരായ നേതാക്കള്‍ക്ക് രാഷ്ട്രീയ ജീവിതത്തിലുണ്ടായ പതനം മാണിയിലേക്കും വന്നുചേരുകയായിരുന്നു.
1963 ഡിസംബര്‍ എട്ടിന് പീച്ചിയിലേക്കുള്ള പി ടി ചാക്കോയുടെ യാത്രയും അതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ ഉണ്ടായ ലൈംഗികാരോപണവും അദ്ദേഹത്തിന്റെ രാജിക്കും പിന്നീട് മരണത്തിനും കാരണമായി. ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ചേര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചു. പാര്‍ട്ടി രൂപവത്കരണത്തിനു ശേഷം നേതാക്കളായ കെ എം ജോര്‍ജും കെ എം മാണിയും തമ്മില്‍ ഗ്രൂപ്പ് മത്സരം മൂര്‍ഛിച്ച് കെ എം ജോര്‍ജ് ഹൃദയംപൊട്ടി മരിച്ചത് മറ്റൊരു ചരിത്രം.
മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ഒരു ഭാഗത്തും ആഭ്യന്തരമന്ത്രി പി ടി ചാക്കോ മറുഭാഗത്തുമായി നടന്ന ഗ്രൂപ്പുയുദ്ധം സംബന്ധിച്ച് 1964 ഫെബ്രുവരി 11ന് കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജ് കേരളത്തില്‍ വന്ന് തെളിവെടുപ്പ് നടത്തി മടങ്ങി. എന്നിട്ട് രണ്ട് നേതാക്കളേയും ഡല്‍ഹിക്ക് വിളിച്ചു. അവര്‍ തിരിച്ചുവന്നത് രണ്ട്‌വഴിയിലൂടെയാണ്. ചെന്നൈയിലൂടെ ഇവിടെയെത്തിയ ചാക്കോ, എല്ലാം ശങ്കര്‍ പറയുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീടുവന്ന ശങ്കറാകട്ടെ, ചാക്കോ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നറിയിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ശങ്കറില്‍ തനിക്ക് വിശ്വാസമില്ലാതായെന്നും ചാക്കോ പ്രതികരിച്ചു. ഉടന്‍ ശങ്കര്‍ തിരിച്ചടിച്ചു. തന്നില്‍ വിശ്വാസമില്ലെങ്കില്‍ രാജിവെക്കൂ എന്നായി. അങ്ങനെ 1964 ഫെബ്രുവരി 20ന് ചാക്കോ രാജിവെച്ചു.
രാജിവെച്ച ചാക്കോ നേരെപോയത് മന്നത്ത് പത്മനാഭന്റെ അരികിലാണ്. ചാക്കോക്ക് മന്നത്തിന്റെ പിന്തുണ. അതോടെ സംസ്ഥാന വ്യാപകമായി ചാക്കോയുടെ പര്യടനം. എല്ലായിടത്തും സ്വീകരണം. ചാക്കോ വിരുദ്ധ കോണ്‍ഗ്രസുകാര്‍ ക്രിസ്ത്യന്‍പള്ളികള്‍ ആക്രമിച്ചു. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ കല്‍പ്പനപ്രകാരം സ്വീകരണസമ്മേളനം ചാക്കോ നിര്‍ത്തിവെച്ചു. ഹൈക്കമാന്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചാക്കോ പോയത് കോട്ടഗിരിയില്‍ ധ്യാനത്തിന്. അതോടെ ചാക്കോക്കു പകരം പൂഞ്ഞാര്‍ എം എല്‍ എ ആയിരുന്ന ടി എ തൊമ്മനെ മന്ത്രിയാക്കി. ഇതോടെ ചാക്കോക്ക് സഞ്ചരിക്കാന്‍ അംബാസഡര്‍ കാര്‍ അനുയായികള്‍ വാങ്ങിക്കൊടുത്തു. ഗ്രൂപ്പ് യുദ്ധം കടുത്തതിനെത്തുടര്‍ന്ന് മാധവന്‍നായര്‍ കെ പി സി സി അധ്യക്ഷസ്ഥാനം രാജിവെച്ചു. ആ കസേരയില്‍ വരുന്നതിന് ചാക്കോയെ അനുയായികള്‍ നിര്‍ബന്ധിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സി കെ ഗോവിന്ദന്‍നായരും താല്‍പ്പര്യം കാട്ടിയില്ല. അവരും ശങ്കറും സി എം സ്റ്റീഫനുമെല്ലാം ചേര്‍ന്ന് ചാക്കോക്കെതിരെ കെ സി എബ്രഹാമിനെ മത്സരിപ്പിച്ച് എഴുപതിനെതിരെ നൂറ്റിപന്ത്രണ്ട് വോട്ടിന് പ്രസിഡന്റാക്കി. അതോടെ അഭിഭാഷകവൃത്തിയില്‍ സജീവമായ ചാക്കോ കേസ് കാര്യത്തിനായി 1964 ആഗസ്റ്റ് ഒമ്പതിന് കോഴിക്കോട്ട് പോയപ്പോള്‍ അവിടെവച്ച് മരിച്ചു.
കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്ക് മുന്‍ ആഭ്യന്തരമന്ത്രിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ട ആദരവ് നല്‍കാതെ മൃതദേഹത്തോട് അനാദരവുകാട്ടിയെന്ന പരാതി ചാക്കോ അനുകൂലികള്‍ ഉയര്‍ത്തി 1964 സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് 15 എം എല്‍ എമാര്‍ പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ ഇരിക്കാന്‍ തീരുമാനിച്ചു. ഇതിന് സ്പീക്കര്‍ അംഗീകാരം നല്‍കി. ആ നിയമസഭാസമ്മേളനത്തില്‍ പി ടി ചാക്കോക്ക് അന്തിമോപചാരം അര്‍ഹിക്കുംവിധം നല്‍കാന്‍ ശങ്കര്‍ ഭരണം തയ്യാറാകാത്തതും ആക്ഷേപത്തിന് കാരണമായി. സെപ്തംബര്‍ എട്ടിന് പി കെ കുഞ്ഞ് അവിശ്വാസപ്രമേയം അവതരിപ്പിച്ചു. കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം എല്‍ എമാര്‍ പിന്തുണച്ചു. അവിശ്വാസം പാസാകുകയും ശങ്കര്‍ രാജിവെക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ ഒമ്പതിന് കോട്ടയത്ത് പുതിയ പാര്‍ടി രൂപവത്കരിക്കുന്ന സമ്മേളനം ചേര്‍ന്നത്. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ രണ്ട് പാര്‍ട്ടികള്‍ക്കും സുപ്രധാനമായിരുന്നു. അന്ന് കേരള കോണ്‍ഗ്രസിന് 23 സീറ്റ് കിട്ടി. സി പി ഐ എമ്മിന് 40ഉം. ഇരു പാര്‍ട്ടികളും സഹകരിച്ച് മന്ത്രിസഭ രൂപവത്കരിക്കുന്നതിനെപ്പറ്റി ഇ എം എസും കെ എം ജോര്‍ജും തമ്മില്‍ കൂടിയാലോചന നടത്തി. പക്ഷേ, ചര്‍ച്ച ഫലപ്രാപ്തിയിലെത്താത്തതിനാല്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തി. എന്നാല്‍, 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് പങ്കാളിയാവുകയും കെ എം മാണി മന്ത്രിയായി.
1964ല്‍ കേരള കോണ്‍ഗ്രസിന്റെ രൂപവത്കരണത്തിനുശേഷം 1979 ലാണ് മാണിയും ജോസഫും ആദ്യമായി വേര്‍പിരിയുന്നത്. 1977ല്‍ പാലായില്‍ നിന്ന് മാണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഹൈക്കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പകരക്കാരനായി മന്ത്രിയായ ജോസഫ് പിന്നീട് മാണി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി രാജിവെച്ചു. മന്ത്രിസ്ഥാനം രാജിവെച്ചുവെങ്കിലും അത് കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ചരല്‍ക്കുന്നില്‍ നടന്ന സംസ്ഥാന ക്യാമ്പിനും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതവസാനിച്ചത് പാര്‍ട്ടി പിളര്‍പ്പിലും. 1979ലെ പിളര്‍പ്പില്‍ മാണിക്കൊപ്പം 14 എം എല്‍ എമാരുണ്ടായിരുന്നു. ജോസഫിനൊപ്പം ആറ് പേരും. മാണി ഭരണമുന്നണിയില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് പ്രതിപക്ഷത്ത് കെ കരുണാകരന്റെ ഒപ്പമായി. 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരണത്തില്‍ എ കെ ആന്റണിക്കൊപ്പം മാണിയും പങ്കാളിയായി ആദ്യ നായനാര്‍ സര്‍ക്കാറിന്റെ ഭാഗമായതോടെ ജോസഫ് പ്രതിപക്ഷത്ത് സജീവമായി. യു ഡി എഫ് കണ്‍വീനറുമായിരുന്നു. മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ട് 1982ല്‍ കെ എം മാണിയും ആന്റണി കോണ്‍ഗ്രസിനൊപ്പം യു ഡി എഫില്‍ എത്തി. ഇതോടെ യു ഡി എഫില്‍ കേരള കോണ്‍ഗ്രസുകള്‍ മൂന്നായി. കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം യു ഡി എഫിലായിരുന്നു. ഒരു മുന്നണിയില്‍ എന്തിന് മൂന്ന് കേരള കോണ്‍ഗ്രസുകള്‍ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ആദ്യ ലയന ചര്‍ച്ചക്ക് തുടക്കമാകുന്നത്. 1984ല്‍ മാണിയും ജോസഫും ലയിച്ചു. എന്നാല്‍, ഐക്യത്തിന് ആയുസ്സ് കുറവായിരുന്നു. ലയിച്ചുവെങ്കിലും ഇന്നത്തേത് പോലെ അന്നും രണ്ട് പാര്‍ട്ടിയെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1987ലെ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസുകള്‍ വഴി പിരിഞ്ഞു. രണ്ട് കൂട്ടരും യു ഡി എഫില്‍ തുടര്‍ന്നതിനാല്‍ 1987ലെ തിരഞ്ഞെടുപ്പില്‍ പരസ്പരം കാലുവാരി തോറ്റു.
1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാണിക്ക് മൂവാറ്റുപുഴയും ജോസഫിന് ഇടുക്കിയും മണ്ഡലങ്ങള്‍ നല്‍കിയെങ്കിലും ജോസഫിന് മൂവാറ്റുപുഴ വേണമെന്നായിരുന്നു വാശി. ജോസഫിലെ ബേബി മുണ്ടക്കല്‍ വിജയിച്ച മൂവാറ്റുപുഴ തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, സ്വന്തം തട്ടകമായ പാല ഉള്‍പ്പെടുന്ന മൂവാറ്റുപുഴ വിട്ടുകൊടുക്കാന്‍ മാണി തയാറായില്ല. ജോസഫിലെ ബേബി മുണ്ടക്കല്‍ വിജയിച്ച മൂവാറ്റുപുഴ തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നായിരുന്നു അവരുടെ വാദം. സ്വന്തം തട്ടകമായ മൂവാറ്റുപുഴ വിട്ടുകൊടുക്കാന്‍ മാണി തയാറായില്ല. ഒടുവില്‍ മൂവാറ്റുപുഴയില്‍ പി ജെ ജോസഫ് സ്ഥാനാര്‍ഥിയായതോടെ യു ഡി എഫില്‍നിന്നും പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here