Connect with us

Articles

അപമാനിതനായി പടിയിറക്കം

Published

|

Last Updated

നില്‍ക്കകള്ളിയില്ലാതെയാണ് കെ എം മാണിയുടെ രാജി. പിടിച്ചുനില്‍ക്കാനുള്ള അടവുകളെല്ലാം പരാജയപ്പെട്ട ശേഷം അപമാനിതനായുള്ള പടിയിറക്കം. രാഷ്ട്രീയ കീഴ്‌വഴക്കങ്ങളെയും മലയാളികളുടെ സാമാന്യനീതി ബോധത്തെയും അവസാന നിമിഷം വരെ വെല്ലുവിളിക്കുകയായിരുന്നു കെ എം മാണി. ബാര്‍കോഴ, ആരോപണമായും പിന്നീട് എഫ് ഐ ആറും വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമൊക്കെയായി തനിക്കെതിരെ മുറുകിയ കുരുക്കുകളെല്ലാം നിയമ സംവിധാനത്തെ അട്ടിമറിച്ചാണ് മാണി അഴിച്ചെടുക്കാന്‍ ശ്രമിച്ചത്. വിജിലന്‍സ് കോടതിയും ഇപ്പോള്‍ ഹൈക്കോടതിയും ഈ നീക്കം പരാജയപ്പെടുത്തിയതോടെയാണ് നില്‍ക്കകള്ളിയില്ലാതെയുള്ള പടിയിറക്കം. അപ്പോഴും കോടതി വിധിയുടെയോ ബാര്‍കോഴയുടെയോ പേരിലല്ല രാജിയെന്ന് വരുത്താന്‍ ശ്രമിച്ചു. അതിന് വേണ്ടിയാണ് തന്റെ കൂടെ പി ജെ ജോസഫും തോമസ് ഉണ്ണിയാടനും കൂടി രാജിവെക്കട്ടെയെന്ന നിലപാട് മാണി സ്വീകരിച്ചത്.
മാണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് പദവിയില്‍ നിന്ന് സ്വയം രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍, മാണിക്ക് വേണ്ടിയെന്തിന് പി ജെ ജോസഫ് ബലിയാടകണമെന്ന ചിന്ത ജോസഫ് ഗ്രൂപ്പിലുണ്ടായതോടെ ഈ നീക്കം പാളി. ഒടുവില്‍ ഒരു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമ്മര്‍ദത്തിനുമൊടുവില്‍ രാജിയെന്ന യാഥാര്‍ഥ്യം മാണി ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
സര്‍ക്കാറിന്റെ നിലനില്‍പ്പ് എന്ന ഒറ്റ അജന്‍ഡയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് കൊണ്ട് മാത്രമാണ് കെ എം മാണിക്ക് ഇത്രയും നാള്‍ പിടിച്ചുനില്‍ക്കാനായത്. അവസാന ദിവസവും കെ എം മാണി പുറത്തെടുത്ത ആയുധം കൂടെയുള്ള എട്ട് എം എല്‍ എമാരുടെ ബലമായിരുന്നു. താനില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഉണ്ടാകില്ലെന്ന് പറയാതെ പറഞ്ഞ് യു ഡി എഫിനെ വിരട്ടി നിര്‍ത്തുകയായിരുന്നു മാണി. സര്‍ക്കാറിനെ വീഴ്ത്തുമെന്ന ധ്വനിയില്‍ മാണിയുടെ അടുപ്പക്കാര്‍ സംസാരിച്ച് തുടങ്ങിയതോടെ യു ഡി എഫും വലിയ സമ്മര്‍ദത്തിലായി.
മുമ്പെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് മാണിക്ക് പ്രതിരോധത്തിന്റെ ഇരുമ്പ് മറ തീര്‍ത്തിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം അന്ന് കാഴ്ച്ചക്കാരന്റെ റോളിലേക്ക് മാറി. വിരുദ്ധാഭിപ്രായവും വിയോജിപ്പും ഉള്ളവരെ പ്രസ്താവനാ വിലക്ക് കാട്ടി ഭീഷണിപ്പെടുത്തി. കെ എം മാണിക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയെല്ലാം പരസ്യമായി ശാസിച്ച് വിരട്ടിനിര്‍ത്തി. ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട ഘട്ടത്തില്‍ പോലും മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി വിജിലന്‍സിനെക്കൊണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ പോയി അന്വേഷണം തടസ്സപ്പെടുത്തിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ സ്വീകരിച്ച വളഞ്ഞ വഴിയായിരുന്നു ഇത്. ഇതിനാണ് ശക്തമായ തിരിച്ചടി നേരിട്ടത്.
മുമ്പും മാണി വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതാണ് ചരിത്രം. വിമര്‍ശിക്കുന്നവരെ കൈയിലെടുക്കുന്നതില്‍ അസാമാന്യപാടവം കാണിച്ച് എല്ലാറ്റില്‍ നിന്നും രക്ഷപ്പെടും. സ്വന്തം മുന്നണി ആയാലും പ്രതിപക്ഷം ആയാലും രക്ഷപ്പെടുന്നതില്‍ എന്നും മിടുക്ക് കാണിച്ചു. മതികെട്ടാന്‍ കൈയേറ്റം വരിഞ്ഞ് മുറുക്കിയപ്പോഴും മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ കാലത്ത് സംശയത്തിന്റെ നിഴലില്‍ നിന്നപ്പോഴും ഈ മിടുക്ക് കൊണ്ടാണ് രക്ഷപ്പെട്ടത്. വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തും. അവരെ കൊണ്ട് തന്നെ സ്തുതി പാടുന്നതില്‍ കാര്യങ്ങളെത്തിക്കും. അവിടെയാണ് കെ എം മാണിയുടെ വിജയം. എന്നാല്‍ ബാര്‍കോഴയില്‍ അക്ഷരാര്‍ഥത്തില്‍ മാണി കുരുങ്ങുകയായിരുന്നു. അഴിമതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധാഗ്നി തന്നെയാണ് മാണിയുടെ കുരുക്ക് മുറുക്കിയതെന്ന് നിസ്സംശയം പറയാം. നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും പ്രതീക്ഷയും ഉയര്‍ത്തുന്ന നടപടി കൂടിയാണിത്. കാരണം ബാര്‍കോഴ മുറുകിയ ഘട്ടത്തിലെല്ലാം ഇത്രയും നാള്‍ കേരളീയ പൊതുസമൂഹത്തെ പുച്ഛിച്ച് കൊണ്ടാണ് കെ എം മാണി കേരളത്തിന്റെ ധനകാര്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയുടെ ഒരു വാചകമാണ് മാണിയുടെ കസേര തെറിപ്പിച്ചത്. അതുണ്ടായിട്ടും അവിടെ അള്ളിപ്പിടിച്ചിരിക്കാനാണ് മാണി ശ്രമിച്ചതെങ്കിലും ജനകീയ കോടതിയിലെ ശിക്ഷ ഏറ്റുവാങ്ങി നില്‍ക്കുന്ന യു ഡി എഫിന് അത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച വിജിലന്‍സ് അന്വേഷണ സംഘം പോലും മനസ്സ് കൊണ്ടെങ്കിലും ഈ മുഹൂര്‍ത്തത്തില്‍ ചിരിക്കുന്നുണ്ടാകും. സാമാജിക വേഷമിട്ടതിന്റെ സുവര്‍ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കവെ മനസില്‍ രൂഢമൂലമായ മുഖ്യമന്ത്രി പദമോഹമാണ് മാണിയുടെ പതനത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ബാര്‍കോഴ ആരോപണത്തില്‍ കെ എം മാണി ഗൂഢാലോചന ആരോപിക്കുന്നതിന് പിന്നിലെ വസ്തുതയും ഇത് തന്നെയാണ്. ഇങ്ങനെയൊരു പര്യവസാനം അന്ന് ആരും പ്രതീക്ഷിച്ചതല്ല. ഒരു വര്‍ഷം മുമ്പ് 2014ലെ കേരള പിറവിയുടെ തലേ ദിവസമാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഡോ. ബിജു രമേശ് മാണിക്കെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇതൊരു പരാതിയായി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയതോടെ മാണിക്കെതിരെ കുരുക്ക് ഒരുക്കുകയായിരുന്നു.
ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി മാണിക്കെതിരെ തെളിവുണ്ടെന്ന് കണ്ട് വിജിലന്‍സ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ തന്നെ മാന്യതയുണ്ടെങ്കില്‍ മാണി രാജിവെക്കേണ്ടതായിരുന്നു. ഉത്തമ സാക്ഷരതയും ധാര്‍മിക മൂല്യങ്ങളില്‍ വലിയ മേനിയും നടിക്കുന്ന മലയാളികളെ വെല്ലുവിളിച്ച് കൊണ്ട് മന്ത്രിപദത്തില്‍ തുടരാനായിരുന്നു മാണിയുടെ തീരുമാനം. പ്രതിപക്ഷ പ്രതിഷേധം മുഖവിലെക്കെടുക്കാതെ മാണിയുടെ പിന്നില്‍ യു ഡി എഫ് അണിനിരന്നു. ബജറ്റ് അവതരിപ്പിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ആംഗ്യഭാഷയില്‍ അനുമതി നേടി ബജറ്റ് അവതരിപ്പിച്ച് അവിടെയും ചരിത്രത്തില്‍ ഇടം പിടിച്ചു. നിയമസഭയുടെ കീഴ്‌വഴക്കങ്ങളിലും നടപടിക്രമങ്ങളിലും മാണിയെ സാധൂകരിക്കാന്‍ വെള്ളം ചേര്‍ത്തുവെന്ന പ്രതീതി സൃഷ്ടിച്ചു.
ഒടുവില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന സ്ഥിതി വന്നതോടെ അതും അട്ടിമറിക്കപ്പെട്ടു. വിജിലന്‍സ് ഡയറക്ടറെ മുന്നില്‍ നിര്‍ത്തി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കീഴ്‌മേല്‍ മറിക്കുകയായിരുന്നു സര്‍ക്കാര്‍. ഈ നീക്കമാണ് വിജിലന്‍സ് കോടതി പരാജയപ്പെടുത്തിയത്. മാണി പ്രതിയായ ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണമെന്നായിരുന്നു മൂന്ന് മാസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ തീര്‍പ്പ്. മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൂടി കോടതി പറഞ്ഞുവെച്ചു. കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിന്‍സന്‍ എം പോള്‍ എന്ന വിജിലന്‍സ് ഡയറ്കടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റ് കൊട്ടയിലേക്ക് എറിയുകയായിരുന്നു വിജിലന്‍സ് കോടതി. നിയമം നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കില്‍ അത് പോകാനുള്ള വഴിയുണ്ടാകുമെന്ന് ഈ വിധികേട്ട് പൊതുജനം ആശ്വസിച്ചു. ഈ വിധി വന്നപ്പോഴും മന്ത്രി പദം രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നായിരുന്നു കെ എം മാണിയുടെ ആദ്യപ്രതികരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിയെ പിന്തുണച്ചു. വിജിലന്‍സ് കോടതി ഉത്തരവില്‍ പുതുമയൊന്നും ഇല്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ വിശദീകരണം. പാമോലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ താന്‍ രാജിവെച്ചില്ലല്ലോയെന്നാണ് മാണിയെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പ്രതികരണം. എന്നാല്‍ പാമോലിനുമായി ഇതിനെ താരതമ്യപ്പെടുത്തുന്നതില്‍ ഒട്ടും യുക്തിയില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാത്തത് കൊണ്ടായിരുന്നില്ല. രണ്ടും രണ്ട് നിലയിലുള്ള കേസാണ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്ന് ധാര്‍മികതയുടെ പ്രശ്‌നമാണ് ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ഉയര്‍ത്തിയത്. കെ എം മാണിയുടെ കാര്യത്തില്‍ ധാര്‍മികതയുടെ മാത്രം പ്രശ്‌നമായിരുന്നില്ല, ആദ്യം ആരോപണമായി വരികയും പിന്നീട് മാണിയെ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്ത കേസാണ് ബാര്‍ കോഴ.
കൈക്കൂലി വാങ്ങിയതിനാണ് കെ എം മാണി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഉടമകളോട് മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നു കൈപ്പറ്റിയെന്നും കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ വിജിലന്‍സ് കൃത്യമായി പറയുന്നുണ്ട്. 42 ദിവസം നീണ്ട ക്വിക്ക് വെരിഫിക്കേഷന് ഒടുവിലാണ് ഇങ്ങിനെയൊരു നിഗമനത്തിലേക്ക് വിജിലന്‍സ് എത്തുന്നതും എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതും. മാണിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം ദുര്‍ബലമല്ല. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1)(ഡി) വകുപ്പുകള്‍ പ്രകാരമാണു കേസ്. പൊതുപ്രവര്‍ത്തകന്‍ പണം ചോദിച്ചു വാങ്ങുക, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ദുഷ്പ്രവൃത്തി ചെയ്യുക എന്നീ കുറ്റങ്ങളാണ് ഈ വകുപ്പില്‍. ഒന്നു മുതല്‍ ഏഴു വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പ്രാഥമികമായി ചുമത്തപ്പെട്ട എഫ് ഐ ആറിലും പ്രശ്‌നം അവസാനിക്കുന്നില്ലെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. എസ് പി സുകേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളാണ് പ്രധാനം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക തെളിവുകളുണ്ടെന്നായിരുന്നു എസ് പി സുകേശന്റെ കണ്ടെത്തല്‍. വിജിലന്‍സ് കോടതി വിധി ന്യായത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന എസ് പി സുകേശന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി ശരിവെക്കുന്നതായിരുന്നു കോടതി വിധി. ഹൈക്കോടതിയും ഇത് ശരിവെച്ച സ്ഥിതിക്ക് ഇനി നിയമത്തിന്റെയും അന്വേഷണത്തിന്റെയും വിശാലമായ സ്‌ക്രൂട്ട്‌നി നടക്കണം.
മന്ത്രിയല്ലാതായ മാണിയെ സ്വതന്ത്രമായി ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിയും. മാണി കുറ്റം ചെയ്‌തോയെന്ന് കണ്ടെത്തേണ്ടത് അന്തിമമായി കോടതി തന്നെയാണ്. പക്ഷെ, അതുണ്ടാകാന്‍ സ്വതന്ത്രമായ അന്വേഷണവും വിചാരണയും നടക്കണം. മാണിയുടെ രാജി ഇതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.

Latest