എക്‌സിറ്റ് പോളുകള്‍

Posted on: November 11, 2015 4:20 am | Last updated: November 10, 2015 at 11:01 pm
SHARE

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നാണം കെട്ടവരില്‍ എന്‍ ഡി എ സഖ്യത്തിന് പുറമെ മറ്റൊരു വിഭാഗമുണ്ട്. ഏതാനും എക്‌സിറ്റ്‌പോള്‍ ഏജന്‍സികളാണത്. പല പ്രമുഖ ഏജന്‍സികളുടെയും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ അവിടെ പിഴച്ചു. ഏഴ് ഏജന്‍സികളാണ് ബീഹാറില്‍ ഫലങ്ങള്‍ പ്രവചിച്ചത്. അതില്‍ മൂന്നെണ്ണവും എന്‍ ഡി എക്ക് അനുകൂലമായിരുന്നു. 243 സീറ്റില്‍ 155ഉം എന്‍ ഡി എ നേടുമെന്നായിരുന്നു ചാണക്യയുടെ വിധിയെഴുത്തെങ്കില്‍, 120 മുതല്‍ 130 സീറ്റുകളാണ് എന്‍ ഡി ടി വി ഹന്‍സ പ്രവചിച്ചത്. ന്യൂസ് 24 ടുഡേയുടെയും കണക്കുകൂട്ടലില്‍ വിജയം ബി ജെ പി സഖ്യത്തിനായിരുന്നു. മഹാസഖ്യത്തിന് അനുകൂലമായി വിധിയെഴുതിയ മറ്റു ഏജന്‍സികളാകട്ടെ നേരിയ ഭൂരിപക്ഷമായിരുന്നു പ്രവചിച്ചത്. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടുള്ള വിധി നിര്‍ണയമാണ് ബീഹാറില്‍ കണ്ടത്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തെറ്റുന്നത് ഇതാദ്യമല്ല. 2004ലേയും 2009ലേയും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന എക്‌സിറ്റ്‌പോളുകളില്‍ ചില ഏജന്‍സികള്‍ എന്‍ ഡി എ സഖ്യത്തിനായിരുന്നു വിജയം പ്രവചിച്ചിരുന്നത്. രണ്ടിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫ് വ്യക്തമായ മേല്‍ക്കൈ നേടുമെന്നായിരുന്നു സെന്റര്‍ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് എന്ന സംഘടനയുടെ അഭിപ്രായ വോട്ടെടുപ്പ് ഫലം. തിരുവനന്തപുരത്ത് ബന്നറ്റ് എബ്രഹാമും കൊല്ലത്ത് എം എ ബേബിയും വിജയിക്കുമെന്നും അവര്‍ വിധിയെഴുതി. കഴിഞ്ഞ മേയില്‍ നടന്ന ബ്രിട്ടന്‍ തിരഞ്ഞെടുപ്പിലും എക്‌സിറ്റ്‌പോള്‍ വിധിയെഴുത്ത് തെറ്റി. കണ്‍സര്‍വേറ്റീവ് സഖ്യവും ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യവും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍ 650ല്‍ 331 സീറ്റും നേടി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലേറുകയുണ്ടായി.
1936ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജോര്‍ജ് ഗാലപ്പ് എന്ന വ്യക്തിയാണ് ലോകത്ത് ആദ്യമായി എക്‌സിറ്റ്‌പോള്‍ പരീക്ഷിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞു പുറത്തിറങ്ങുന്ന സമ്മതിദായകരെ സമീപിച്ചു ചോദ്യോത്തര മാതൃകയില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയാറാക്കുന്നത്. 1980കളില്‍ എന്‍ ഡി ടി വി തലവനായിരുന്ന ഡോ. പ്രണോയ് റോയിയുടെ നേതൃത്വത്തിലുള്ള ഒരും സംഘമാണ് ഇന്ത്യയില്‍ ആദ്യമായി ഇതിന് തുടക്കമിട്ടത്. അക്കാലത്ത് വിവര ശേഖരണവും തുടര്‍നടപടികളും സത്യസന്ധവും കണിശവുമായതിനാല്‍ ഫലങ്ങള്‍ ഏറെക്കുറെ യഥാര്‍ഥ ഫലപ്രഖ്യാപനവുമായി ഒത്തുവന്നിരുന്നു. ക്രമേണ ഇതൊരു ബിസിനസായി മാറുകയും ഈ രംഗത്ത് കള്ളനാണയങ്ങള്‍ കടന്നുവരികയും ചെയ്തതോടെയാണ് പ്രവചനങ്ങള്‍ അടിതെറ്റാന്‍ തുടങ്ങിയത്. ഇന്ന് പണം നല്‍കിയാല്‍ ഏത് തരം ഫലങ്ങളും തയ്യാറാക്കി നല്‍കാന്‍ സന്നദ്ധതയുള്ള ഏജന്‍സികള്‍ രംഗത്തുണ്ട്. പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് എക്‌സ്പ്രസ് എക്‌സിറ്റ് പോളിലെ തട്ടിപ്പിന്റെ മുഖം അനാവരണം ചെയ്തതാണ്. ഓപറേഷന്‍ പ്രൈംമിനിസ്റ്റര്‍ എന്ന പേരില്‍ നടത്തിയ ഓപറേഷനിലാണ് സാധാരണക്കാരായ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജന്‍സികള്‍ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചാനല്‍ കണ്ടെത്തിയത്. പണം നല്‍കിയാല്‍ മാധ്യമ സ്ഥാപനങ്ങളുടെ നിലപാടുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായും പ്രവചിക്കാന്‍ ഈ ഏജന്‍സികള്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി.
ഒരു പ്രത്യേക കക്ഷിക്ക് വിജയസാധ്യതയോ മുന്‍തൂക്കമോ ഉണ്ടാകുമെന്ന് വരുത്തിത്തീര്‍ത്ത് ആ സഖ്യത്തിനും കക്ഷിക്കും, വ്യക്തമായ നയമില്ലാതെ ആടിക്കളിക്കുന്ന ചെറുകക്ഷികളുടെ പിന്തുണ നേടിയെടുക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇതിന്റെ രാഷ്ട്രീയപരമായ ഒരു നേട്ടം. മേല്‍കക്ഷികളോ അവര്‍ ഭരണത്തിലേറാന്‍ ആഗ്രഹിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളോ ആണ് ഇത്തരം സര്‍വേകള്‍ക്ക് മുന്‍കൈയെടുക്കുന്നതും ചെലവ് വഹിക്കുന്നതും. 2004ലെയും 2009ലെയും പൊതുതിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് അനുകൂലമായി ഫലം പ്രഖ്യാപിച്ച എക്‌സിറ്റ് പോളിന് പിന്നില്‍ കോര്‍പറേറ്റ് ഭീമന്മാരാണെന്നാണ് വിവരം. ടാംറൈറ്റിംഗ് വര്‍ധിപ്പിച്ചു ചാനലുകള്‍ക്ക് സാമ്പത്തിക നേട്ടത്തിന് അവസരമൊരുക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു വശം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം അറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന പൊതുജനത്തെ പ്രവചനത്തിലൂടെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ് മാധ്യമങ്ങള്‍. തുടര്‍ന്ന് ഫലപ്രവചനവും അതിന്മേലുള്ള ചര്‍ച്ചകളും വിലങ്ങും തലങ്ങും നടക്കുന്നു. ഇത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും അതുവഴി പരസ്യവരുമാനം വര്‍ധിപ്പിക്കാനും ചാനലുകള്‍ക്ക് സാധിക്കുന്നു. തട്ടിപ്പിന്റെ ഒരു പുതിയ മുഖമായി അധഃപതിച്ചതാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യവുമായി ഏറെ അകന്നുനില്‍ക്കാനിടവരുന്നതിന്റെ പ്രധാന കാരണം.