Connect with us

Kerala

മന്ത്രി കെ ബാബുവിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് കോടതിയിലേക്ക്

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ നടത്തിയ ക്വിക്ക് വെരിഫിക്കേഷന്‍ നീതിയുക്തമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു രമേശ് കോടതിയെ സമീപിക്കുക. ബാര്‍ കോഴക്കേസില്‍ ബാബുവിനുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കോടതി മുമ്പാകെ ഹാജരാക്കിക്കൊണ്ടാകും ബിജു രമേശ് പുനരന്വേഷണം ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാകും ആവശ്യപ്പെടുക. കെ എം മാണിക്കെതിരായ കേസ് അട്ടമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബിജു രമേശ് കെ ബാബുവിനെതിരെ പുതിയ നീക്കത്തിന് തുടക്കം കുറിക്കുന്നത്.
നേരത്തെ വിജിലന്‍സ് എറണാകുളം യൂനിറ്റിലെ ഡിവൈ എസ് പി രമേശ് നടത്തിയ ക്വിക്ക് വെരിഫിക്കേഷനില്‍ ബാബു ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവില്ലെന്നാണ് കണ്ടെത്തിയത്. ബിജു രമേശില്‍ നിന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട ബാറുടമകളും ഐ എ എസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് ബാബുവിനെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് അദ്ദേഹം നല്‍കിയത്.
എന്നാല്‍ താന്‍ നല്‍കിയ മൊഴികള്‍ പലതും അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയില്ലെന്നും കോഴ നല്‍കിയതിന് സാക്ഷികളായി ഹാജരായ രണ്ട് പേര്‍ നല്‍കിയ മൊഴികള്‍ വിശ്വാസത്തിലെടുക്കാതെ അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ബിജു രമേശ് ആരോപിക്കുന്നു. തന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചെന്നും താന്‍ കോടതിയില്‍ നല്‍കിയതിനപ്പുറമുള്ള ഒരു കാര്യവും മൊഴിയില്‍ രേഖപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചെന്നും അതോടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ എസ് പി തിരക്കിട്ട് മൊഴിയെടുക്കല്‍ അവസാനിപ്പിച്ചെന്നും ബിജു രമേശ് ആരോപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധമായ തുടരന്വേഷണം നടന്നാല്‍ ബാബു പണം വാങ്ങിയതായി തെളിയിക്കാന്‍ കഴിയുമെന്നും താനും ബാബുവിന് താന്‍ പണം നല്‍കുന്നതിന് ദൃക്‌സാക്ഷികളായവരും നുണപരിശോധനക്ക് വിധേയരാകാന്‍ തയ്യാറാണെന്നും ബിജു രമേശ് പറയുന്നു.
ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷം രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാതിരിക്കാന്‍ കെ ബാബു ബാറുടമകളില്‍ നിന്ന് പത്ത് കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ ആരോപണം. പലപ്പോഴായാണ് പണം നല്‍കിയതെന്നും ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 50 ലക്ഷം രൂപ ബാബുവിന് അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് താന്‍ നേരിട്ടാണ് കൊടുത്തതെന്നും ബാബുവിന്റെ പി എ സുരേഷാണ് പണം വാങ്ങി കാറില്‍ വെച്ചതെന്നും ഇതിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി റസീഫ് സാക്ഷിയാണെന്നും ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സുരേഷിനെ നുണപരിശോധനക്ക് വിധേയനാക്കിയാല്‍ സത്യം തെളിയുമെന്നാണ് ബിജു രമേശ് പറയുന്നത്. റസീഫ് അടക്കമുള്ള സാക്ഷികളുടെ മൊഴി വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷനില്‍ പരിഗണിച്ചു പോലുമില്ലെന്നാണ് ആക്ഷേപം.