Connect with us

Kerala

ഉദ്വോഗത്തിന്റെ രാപകല്‍

Published

|

Last Updated

രാവിലെ 8.15: ക്ലിഫ്ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളെത്തുന്നു. വി എം സുധീരന്‍, പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല, പിന്നെ കെ സി ജോസഫും തിരുവഞ്ചൂരും. ഘടകക്ഷി നേതാക്കളോട് ക്ലിഫ് ഹൗസിലെത്താന്‍ നിര്‍ദേശം.
8.30: കുഞ്ഞാലിക്കുട്ടി ക്ലിഫ്ഹൗസില്‍. തൊട്ടുപിന്നാലെ കെ പി എ മജീദും ഇ ടി മുഹമ്മദ് ബഷീറും. ആര്‍ എസ് പി നേതാക്കളും അനൂപ് ജേക്കബും സി പി ജോണും ജോണി നെല്ലൂരും മറ്റും പിറകേ. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. തിരുവനന്തപുരത്ത് തുടരാന്‍ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
9.00: മാണി ഗ്രൂപ്പുകാര്‍ പ്രശാന്തിയിലും ജോസഫ് ഗ്രൂപ്പുകാര്‍ പെരിയാറിലും വെവ്വേറെ യോഗങ്ങള്‍.
11.00: “ഉചിതമായ തീരുമാനം” ഉടനെ ക്ലിഫ്ഹൗസില്‍ നിന്നു പുറത്തുവന്ന വി എം സുധീരന്റെ പ്രസ്താവന. കുറച്ചുകൂടി കാത്തിരിക്കാനും നിര്‍ദേശം. കുഞ്ഞാലിക്കുട്ടി വീണ്ടും ക്ലിഫ് ഹൗസിലേക്ക്.
11.30: മാണിയുടെ വസതിയില്‍ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലേക്ക് ജോസഫ് വിഭാഗം നേതാക്കളെത്തുന്നു. നാല് മണിക്കൂറിലേറെ നീണ്ട യോഗം. ജോസഫും ഉണ്ണിയാടനും തനിക്കൊപ്പം രാജിവെക്കണമെന്ന മാണിയുടെ ആവശ്യം ജോസഫും കൂട്ടരും തള്ളുന്നു. തീരുമാനമെടുക്കാന്‍ ജോസഫിനെയും മാണിയെയും ചുമതലപ്പെടുത്തി യോഗം പിരിയുന്നു. അഞ്ച് മിനുട്ട് നീണ്ട ചര്‍ച്ചക്ക് ശേഷം ജോസഫ് സ്വവസതിയിലേക്ക്.
4.30: വീണ്ടും രണ്ടിടത്തായി ഗ്രൂപ്പ് യോഗം. രാജിവെക്കാന്‍ തയ്യാറല്ലെന്ന നിലപാട് ഒടുവില്‍ ജോസഫ് ഫോണിലൂടെ മാണിയെ അറിയിക്കുന്നു.
5.00: ജോസഫിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ദൂതുമായി കെ സി ജോസഫ് പി ജെ ജോസഫിന്റെ പെരിയാറിലേക്ക്. 20 മിനുട്ട് നീണ്ട ചര്‍ച്ചക്ക് ശേഷം സൗഹൃദ സന്ദര്‍ശനമെന്ന് പറഞ്ഞ് ജോസഫിന്റെ മടക്കം.
രാജി തീരുമാനം ഫോണിലൂടെ മുഖ്യമന്ത്രിയെ മാണി അറിയിക്കുന്നു. മാണിക്കൊപ്പം രാജിക്കില്ലെന്ന തീരുമാനം ജോസഫും മുഖ്യമന്ത്രിക്ക് കൈമാറി. ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ മാണിയുടെ രാജിക്കത്ത് തയ്യാറാക്കുന്നു.
രാത്രി 8.05: സുസ്‌മേരവദനനാണെന്ന് വരുത്താന്‍ ശ്രമിച്ച് കെ എം മാണിയുടെ പ്രത്യക്ഷപ്പെടല്‍. ഒപ്പം പുതുശ്ശേരിയും റോഷി അഗസ്റ്റിനും സി എഫ് തോമസും. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാണിയുടെ പ്രഖ്യാപനം. ചുരുങ്ങിയ വാക്കുകളില്‍ രാജി പ്രഖ്യാപിച്ച് മാണി പ്രശാന്തിനുള്ളിലേക്ക്.
8.10: രാജിക്കത്തുമായി റോഷിയും പുതുശ്ശേരിയും ക്ലിഫ് ഹൗസിലേക്ക്. മാണിയെ വാഴ്ത്തി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. അഭ്യൂഹങ്ങളും ആശങ്കകളും സമ്മാനിച്ച ഒരു പകലിന് സമാപ്തി കുറിച്ച് മാണിയുടെ രാജി മുഖ്യമന്ത്രിയും പിന്നീട് ഗവര്‍ണറും സ്വീകരിച്ചതോടെ നാടകത്തിന് തീരശ്ശീല വീഴുന്നു

Latest