Connect with us

International

ബീഹാര്‍ ഫലം: മോദിയുടെ സന്ദര്‍ശനം നിറം മങ്ങുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

Published

|

Last Updated

ലണ്ടന്‍: ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ നിറം കെടുത്താന്‍ സാധ്യത. ബ്രിട്ടീഷ് മാധ്യമങ്ങളില്‍, മോദിയുടെ പാര്‍ട്ടിയുടെ പരാജയം ചര്‍ച്ചയായിരുന്നു. നാളെ മുതലാണ് സന്ദര്‍ശനം ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ മോദി വെംബഌ സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടിയില്‍ സംബന്ധിക്കും.
18 മാസം മുമ്പ് അധികാരത്തിലെത്തിയതിന് ശേഷം ലോക നേതാക്കളെ സന്ദര്‍ശിച്ച് സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായും ഇത് ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ നിറം കുറക്കുമെന്നും ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡിപെന്‍ഡന്റ് പത്രവും സമാനമായ രീതിയിലാണ് മോദിയുടെ സന്ദര്‍ശനത്തെ വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ പ്രതിച്ഛായക്ക് മങ്ങലേറ്റെന്ന് ഡെയ്‌ലി ടെലഗ്രാഫും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് നൂറുക്കണക്കിന് ബ്രിട്ടീഷ് ഇന്ത്യക്കാര്‍ തെരുവിലിറങ്ങിയിരുന്നു. ഇതിന് പുറമെ ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ ചുവരുകളില്‍ “മോദി ബ്രിട്ടനിലേക്ക് വരരുത്” എന്ന സന്ദേശം പ്രൊജക്ടറുകളുടെ സഹായത്തോടെ ചിത്രീകരിച്ചിരുന്നു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. ബ്രിട്ടീഷ് പാര്‍ലിമെന്റിനെ മോദി അഭിസംബോധന ചെയ്യുന്ന സമയത്ത് പാര്‍ലിമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിക്കാനും പദ്ധതിയുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും രാജ്ഞിയെയും മോദി കാണും.