അഹ്‌ലുസ്വുഫ മുതല്‍ ജാമിഅത്തുല്‍ ഹിന്ദ് വരെ

Posted on: November 10, 2015 11:07 pm | Last updated: November 10, 2015 at 11:08 pm
SHARE

madrassa_1657839cകേരളത്തിന്റെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് മഹിതമായ പാരമ്പര്യമാണുള്ളത്. ചരിത്രത്തിന്റെ ഇന്നലെകളിലൂടെ ഇതിന്റെ ഉറവിടവും അന്വേഷിച്ചിറങ്ങിയാല്‍ തീര്‍ച്ചയായും മദീനാ പള്ളിയില്‍ തിരുനബിയുടെ കാലത്ത് ഓതി പ്പഠിച്ചിരുന്ന അഹ്‌ലുസ്സുഫ്ഫയുടെ കാലത്തിലേക്ക് നാം എത്തിച്ചേരുന്നു. പ്രവാചക പരമ്പരയില്‍പ്പെട്ടവരും അല്ലാത്തവരുമായ പണ്ഡിതരും പ്രാപ്തരുമായ പ്രബോധക സംഘങ്ങളെയും വഹിച്ച് നിരവധി പേര്‍ കേരളതീരത്തണഞ്ഞു. പള്ളിയും പള്ളി ദര്‍സ് സമ്പ്രദായവും അനുബന്ധ മതപഠന സംരംഭങ്ങളും കേരളീയ മുസ്‌ലിംകള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കുന്നതില്‍ അഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഹിജ്‌റ 870ല്‍ മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്‍ ഹള്‌റമി എന്ന മഹാപണ്ഡിതന്റെ നേതൃത്വത്തില്‍ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ വിപുലമായ ദര്‍സ് നടന്നിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കൊല്ലം, കോഴിക്കോട്, പൊന്നാനി, ചാലിയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ദര്‍സുകള്‍ നടന്നു വന്നിരുന്നു. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ സ്ഥാപിച്ച ദര്‍സില്‍ അധ്യാപനം നടത്താനായി വിശ്രുത പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈതമി ഇവിടെയെത്തിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു.
ഹിജ്‌റ 800 കള്‍ക്ക് ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ മഖ്ദൂമിമാരുടെ കര്‍മികത്വത്തില്‍ നടന്ന ദര്‍സാണ് കേരളത്തിലെ പള്ളി ദര്‍സുകളുടെ ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. മദീന, യമന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ പോയി പണ്ഡിതശ്രേഷ്ഠരില്‍ നിന്ന് വിജ്ഞാനം നേടി സ്വദേശത്ത് ദര്‍സുമായി ജീവിതം നയിച്ച അഗാധ ജ്ഞാനികളായിരുന്നു പൊന്നാനി മഖ്ദൂമുമാര്‍. വിവിധ ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ ഇവിടെയെത്തി പഠനമാരംഭിച്ചു. പിന്നീടത് പൊന്നാനിയില്‍ പോയി ഉന്നത വിദ്യാഭ്യാസം എന്ന രീതിയിലേക്ക് വരെ ഉയരുകയും ചെയ്തു. മതപഠന രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ദര്‍സുകള്‍ മഹല്ലുകളില്‍ കൊണ്ടുവരാന്‍ ഓരോ നാട്ടിലെയും ദീനി സ്‌നേഹികളായ മഹല്ല് ഭരണാധികാരികള്‍ മത്സരാത്മക പരിശ്രമങ്ങള്‍ നടത്തി. കേരളത്തിലൂടനീളം വിപുലമായ തോതില്‍ പള്ളി ദര്‍സുകള്‍ വ്യാപിക്കാന്‍ ഇത് കാരണമായി.
പൊന്നാനി വലിയ ജുമഅത്ത് പള്ളിയില്‍ പ്രാദേശിക വിദ്യാര്‍ഥികളുടെ നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയില്‍ സമൂല മാറ്റം വരുത്തി സൃഷ്ടിച്ചെടുത്ത പൊന്നാനി സിലബസ് എന്ന പേരില്‍ അറിയപ്പെടുന്ന പഠനമാതൃകയായിരുന്നു ഈ മേഖലയിലെ ആദ്യ കാല്‍വെപ്പ്.
കാലാന്തരത്തില്‍ നിലവില്‍ വന്ന മറ്റൊരു സിലബസ്സാണ് നിസാമിയ്യ. തമിഴ്‌നാട്ടിലെ ബാഖിയാത്ത് സ്വാലിഹാത്ത് വഴി വ്യാപനം സിദ്ധിച്ച ഇതില്‍ പേര്‍ഷ്യന്‍, ഗ്രീക്ക്, അറബ്, തര്‍ക്കശാസ്ത്രം, തത്വ ശാസ്ത്രം എന്നിവ ഉള്‍ക്കൊള്ളിച്ചിരുന്നു. പിന്നീട് കേരളത്തില്‍ നിന്നും പഠനത്തിനായി ബാഖിയാത്തിലെത്തിയ ചിലര്‍ മുഖേന നിസാമിയ്യ, പൊന്നാനി സിലബസ് സംയോജിപ്പിച്ച് ഒരു പുത്തന്‍ പാഠ്യപദ്ധതിക്ക് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നേതൃത്വം നല്‍കി; വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഇത് നടപ്പില്‍ വരുത്തുകയും ചെയ്തു. അവിടെ നിന്നും പഠനം പൂര്‍ത്തീകരിച്ചവരില്‍ പ്രമുഖരാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍. പിന്നീട് മലപ്പുറം ജില്ലയിലെ പട്ടിക്കാട്ട് ജാമിഅ നൂരിയ്യ അറബിയ്യയും കാസര്‍കോട് ദേളിയയില്‍ ജാമിഅ സഅദിയ്യ അറബിയ്യയും 1978 ല്‍ കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയും സ്ഥാപിതമായി.
അടുത്ത കാലത്ത് ദര്‍സ് മേഖലകളില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുകയും പല ദര്‍സുകളും ശോഷിക്കുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഉലമാക്കളും ഉമറാക്കളും കൂടിയിരുന്നു സമന്വയ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇതേ തുടര്‍ന്ന് 1989 ന്റെ അവസാനത്തില്‍ ആദ്യമായി മര്‍കസ് ആര്‍ട്‌സ് കോളജിനോടനുബന്ധിച്ച് ദഅ്‌വാ കോളജിന് തുടക്കം കുറിച്ചു. തുടര്‍ന്ന് കേരളത്തില്‍ ദഅ്‌വാ കോളജുകള്‍ക്ക് വലിയ മുന്നേറ്റമാണുണ്ടായത്. ദര്‍സിന് വന്ന പുതിയ പരിഷ്‌കരണങ്ങളുടെ വ്യവസ്ഥാപിത രീതിയാണ് ഇത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ പരീക്ഷണങ്ങള്‍ നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്ലസ്ടു – ഡിഗ്രി, പി ജി പഠിപ്പിച്ച് മത രംഗത്ത് മുതവ്വല്‍ ബിരുദം നല്‍കുന്ന സംവിധാനമെന്ന് ദഅ്‌വാ കോളേജുകള്‍. നല്ല മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഭൗതിക വിജ്ഞാനം നല്‍കുന്നതില്‍ പണ്ഡിതര്‍ക്ക് ആധുനിക കാര്യങ്ങളെ യഥാവിധി തിരിച്ചറിയാനുള്ള അവസരം ഉണ്ടാക്കുക, അതിനൊപ്പം ദര്‍സ് രംഗത്ത് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍ അഡ്മിഷന്‍ നല്‍കി ജൂനിയര്‍ ദഅവ കോളജുകള്‍ കൂടി രംഗത്തെത്തി.
ആധുനിക കാലത്ത് ആവശ്യമായേക്കാവുന്ന ഭൗതിക ജ്ഞാനമുള്ള മതപണ്ഡിതര്‍ വാര്‍ത്തെടുക്കുക എന്നതാണ് ദഅവ കോളജുകളെ താത്പര്യം. അവയില്‍ നിന്ന് പഠിച്ചിറങ്ങിയ പലരും മുദര്‍സുമാരായും മദ്‌റസകളില്‍ വിജ്ഞാന പരത്തിയും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിച്ചും പ്രഭാഷണം, എഴുത്ത്, സംവാദം, സംഘടന മേഖലയില്‍ സജീവമായും മുന്നിട്ടുനില്‍ക്കുന്നു. കേരളത്തിന് പുറത്ത് ദഅവത്തിന് പ്രാധാന്യം കൊടുത്ത് മതപ്രചാരണ രംഗങ്ങളില്‍ സജീവമായി നിലകൊള്ളുന്നവരുമുണ്ട്.
ദര്‍സ് രംഗത്ത് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാന്‍ ദഅ്‌വ കോളജുകള്‍ക്ക് സാധിച്ചെങ്കിലും അവയുടെ സിലബസ് വ്യത്യസ്തമായിരുന്നു. ഓരോ മാനേജമെന്റും അവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് സിലബസ് രുപപ്പെടുത്തി. അതോടൊപ്പം ചില ദഅവ കോളേജുകള്‍ ലക്ഷ്യം മറന്ന് സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തില്‍ സമസ്ത ഈ വിഷയത്തില്‍ ഇടപെടുകയും ഇതിന് പരിഹാരമുണ്ടാക്കാനും തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 2004ല്‍ ദഅ്‌വ കോളജുകള്‍ക്ക് ഏകീകൃത സിലബസും മറ്റ് നാനോന്മുഖ പ്രവര്‍ത്തനങ്ങളും രൂപകല്‍പ്പന ചെയ്യാന്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.
ഈ സമിതി മുത്വവ്വല്‍ ഉള്‍പ്പെടെ ഒമ്പത് വര്‍ഷം നീണ്ടു നില്‍ക്കുന്ന സിലബസ് തയ്യാറാക്കി. ഈ സിലബസിന് സമസ്ത മുശാവറ അംഗീകാരം നല്‍കി. പരിഷ്‌കാരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സമസ്തയുടെ നേതൃത്വത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ കേരളത്തിലെ മുഴുവന്‍ ദഅ്‌വ കോളജ് മാനേജ്‌മെന്റ്, ഉസ്താദുമാര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. ഇതില്‍ നിലവിലുള്ള സിലബസ് പരിവര്‍ത്തന വിധേയമാക്കാനും മറ്റു കാര്യങ്ങള്‍ക്കും 13 അംഗ സമിതിയെയും ചുമതലപ്പെടുത്തി. ഉസ്താദിന്റെ നേതൃത്വത്തില്‍ ഈ സമിതി സിലബസിന് രൂപം നല്‍കി. 2013 ല്‍ ജാമിഅയുടെ നിര്‍വാഹക സമിതിയില്‍ ഒരു യൂനിവേഴ്‌സിറ്റി തലത്തിലുള്ള ഫാക്കല്‍റ്റി സഹിതം രൂപപ്പെടുത്തിയ പുതിയ സിലബസിസിന് രൂപം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള ബോഡികള്‍ സെനറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, കരിക്കുലം സമിതി, ടെക്‌സ്റ്റ് ബുക്ക് ആന്റ് പരിശോധനാ സമിതി, എക്‌സാമിനേഷന്‍ ബോര്‍ഡ്, വിവിധ ഫാക്കല്‍റ്റികള്‍ എല്ലാം ഇന്ന് ജാമിഅക്ക് കീഴിലായി ഉണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ 72 ദഅ്‌വ കോളജുകളും 352 ഉസ്താദുമാരും 4000 വിദ്യാര്‍ഥികളും അടങ്ങുന്ന വലിയ സംരംഭമായി മാറിയിരിക്കുന്നു.
മദ്‌റസകളില്‍ അധ്യാപകര്‍ക്ക് പതിറ്റാണ്ടുകളായി ട്രെയിനിംഗിന് ജാമിഅ നല്ലൊരു മുന്നേറ്റം തന്നെ നടത്തി. പതിനാല് സ്ഥലങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള ട്രെയിനിംഗ് ഇതിനകം നടന്നു കഴിഞ്ഞു. ദര്‍സു കിതാബുകളുടെ മൂല്യവും അടിസ്ഥാനവും ചോര്‍ന്നു പോകാതെ ഗ്രന്ഥപരിഷ്‌കരണം നടപ്പില്‍ വരുത്താന്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല നിലയില്‍ മുന്നോട്ടു1പോയിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വഭാവ സംസ്‌കരണത്തിന് തസ്‌യീനുത്തുല്ലാബ്’എന്ന ഗ്രന്ഥവും, ഹദീസുകളിലൂടെ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ പഠിപ്പിക്കാന്‍ അല്‍ ഉര്‍വ്വത്തുല്‍ വുസ്ഖാ എന്ന ഗ്രന്ഥവും കാലോചിത ഉദാഹരണങ്ങള്‍ കോര്‍ത്തിണക്കി’തസ്‌രിഹ് മന്‍ത്വിക്കും അറബി ഭാഷ പരിപോഷിപ്പിക്കാന്‍’ഇഖ്‌റഅ് എന്ന ഗ്രന്ഥവും സ്വര്‍ഫിലെ അടിസ്ഥാന വിവരങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും പ്രകടിപ്പിക്കാനും ഉതകുന്ന അഭ്യാസങ്ങളും സമകാലിക ഉദാഹരണങ്ങളും ചാര്‍ട്ടുകളും എല്ലാം അടങ്ങിയ മീസാന്‍, അജ്‌നാസ്, സഞ്ചാന്‍ ‘ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഷ്‌കരിച്ച പതിപ്പും പ്രകാശിതമായി. ഇതിന്റെ രണ്ടാം ഭാഗമായ നഹ്‌വ് (വ്യാകരണം) കിതാബിന്റെ പ്രകാശനവും സന്‍ജാനിന്റെ പി പി ടിയും കോണ്‍വെക്കേഷനില്‍ സമൂഹത്തിന്റെ കൈകളിലെത്തും. മറ്റു ഗ്രന്ഥങ്ങളുടെ പരിഷ്‌കരണങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നു. താമസിയാതെ ഇത് പുറത്ത് വരും. സൗത്തുല്‍ ജാമിഅ എന്ന നാമത്തില്‍ അറബി മാഗസിനും പുറത്തിറക്കുന്നുണ്ട്.
ദഅ്‌വാ കോളജുകളില്‍ നിന്ന് ബിരുദം നല്‍കുന്നതിന് പകരം സമസ്ത നല്‍കുന്ന ഏകീകൃത ബിരുദം നടപ്പില്‍ വരുത്താന്‍ മുശാവറ തീരുമാനിച്ചിട്ടുണ്ട്. ബിരുദത്തിന്റെ പേര് പ്രഖ്യാപനം കോണ്‍വെക്കേഷനില്‍ നടക്കും. ഈ കോണ്‍വെക്കേഷന്‍ 120 വിദ്യാര്‍ഥികള്‍ക്കാണ് ജാമിഅ ബിരുദം നല്‍കുന്നത്. പൂര്‍വ്വ സൂരികളായ പണ്ഡിതര്‍ പഠിപ്പിച്ചതും അവര്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങളും സിലബസും കരിക്കുലവും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ കാലത്ത് നടക്കുന്ന വിഷയങ്ങളെ കൂടി കോര്‍ത്തിണക്കി ഇസ്‌ലാമിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഉന്നത പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിക്കുകയാണ് ജാമിഅയുടെ ലക്ഷ്യം.