Connect with us

National

ബിജെപി നേതൃത്വത്തിനെതിരെ പ്രസ്താവനയുമായി മുതിര്‍ന്ന നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി :ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെ മോദി- അമിത്ഷാ കൂട്ടുകെട്ടിനെതിരെ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത്. നേരത്തെ തന്നെ മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അവസരം മുതലെടുത്ത് ചിതറിക്കിടക്കുന്ന മോദി വിരുദ്ധ നേതാക്കളുടെ കൂട്ടായ്മ സജീവമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്താ കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരാണ് കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ച് സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ബീഹാറില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ പാളിയതായി കാണിച്ച് നേരത്തെ തന്നെ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അമിത്ഷായെയും മോദിയെയും വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ എം പി അതി രൂക്ഷമായി പ്രതികരിച്ചിരുന്നു. അദ്വാനിപക്ഷ നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. വന്‍ പരാജയത്തോടെ മോടികുറഞ്ഞ മോദിക്കെതിരായ എന്‍ ഡി എയിലും വിമര്‍ശം ഉയര്‍ന്നിരുന്നു. ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നതാണ് പ്രസ്താവനയിലെ പ്രധാന പരാമര്‍ശം. ബിഹാറിലെ തോല്‍വിക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നു പറയുന്നതിലൂടെ എല്ലാവരെയും ഉത്തരവാദിത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. വിജയത്തിന്റെ അംഗീകാരം നേടാന്‍ ശ്രമിച്ചവര്‍ പരാജയം സംഭവിച്ചപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതായാണ് കാണുന്നത്.
ബീഹാറിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പ്രധാന കാരണം കഴിഞ്ഞ ഒരു വര്‍ഷമായിട്ടുള്ള ബി ജെ പിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി വിശദമായ പുനഃപരിശോധന ആവശ്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Latest