കേരള രാഷ്ട്രീയത്തിലെ അതികായകന് ഒടുവില്‍ ദയനീയ പടിയിറക്കം

Posted on: November 10, 2015 9:07 pm | Last updated: November 11, 2015 at 11:58 am
SHARE

km mani copyതിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് ബാര്‍കോഴ കേസില്‍ തലതാഴ്ത്തി മന്ത്രിസ്ഥാനത്തു നിന്നും രാജി വെച്ചത്. ഒരു വര്‍ഷവും പത്ത് ദിവസവും പിന്നിട്ട ബാര്‍ കോഴ കേസിന്റെ വ്യവഹാരത്തിലാണ് മാണിയെന്ന വന്‍മരത്തിന്റെ കടക്കല്‍ കത്തി വീണത്. നിയമസഭാംഗമായതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയും 12 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നിലയില്‍ റെക്കാഡിടുകയും ചെയ്ത വര്‍ഷത്തില്‍ തന്നെയാണ് രാജി.
വിജിലന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും അടിയേറ്റ്, അപമാനിതനായി സ്ഥാനമൊഴിയേണ്ടിവരുന്ന മറ്റ് സംസ്ഥാന മന്ത്രിമാരില്ല. മുമ്പ് കോടതി വിധിയെ തുടര്‍ന്ന് മന്ത്രിമാരായ കെ പി വിശ്വനാഥന്റെയും എം പി ഗംഗാധരന്റെയുമെല്ലാം രാജി ഉണ്ടായിട്ടുണ്ടെങ്കിലും വസതിയില്‍വച്ച് ബാറുടമകളില്‍നിന്ന് നോട്ടുകെട്ടുകള്‍ ചോദിച്ച് എണ്ണിവാങ്ങിയെന്ന പരാതിയും കേസും മറ്റൊരു മന്ത്രിക്കെതിരെയും ഉണ്ടായിട്ടില്ല.
തൃശിനാപള്ളി സെന്റ് ജോസഫ്‌സ് കോളജിലെ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദം. ഹൈക്കോടതി ജഡ്ജ് പി ഗോവിന്ദമേനോന്റെ കീഴില്‍ 1955ല്‍ അഭിഭാഷകനായി ചേര്‍ന്നു. 1959ല്‍ കെ പി സി സി അംഗം. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമാകുമ്പോള്‍ കെ എം മാണി കോട്ടയം ഡി സി സി സെക്രട്ടറിയായി. 65നു ശേഷം തുടര്‍ച്ചയായി നിയമസഭാംഗം.
കെ എം ജോര്‍ജ് ചെയര്‍മാനായാണ് 1964ല്‍ കേരളാ കോണ്‍ഗ്രസ്സ് രൂപംകൊണ്ടത്. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറി. 1965 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ തിരക്കി നടന്ന നേതാക്കള്‍ കെ എം മാണി എന്ന പാലക്കാരനെ ശ്രദ്ധിച്ചു. ചെറുപ്പക്കാരന്‍, മിടുക്കന്‍, നന്നായി പ്രസംഗിക്കും. കേരള കോണ്‍ഗ്രസ്സ് നേതാവ് മോഹന്‍ കുളത്തുങ്കല്‍ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാന്‍ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കല്‍ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏല്‍പ്പിച്ചു. പാലായില്‍ കെ എം മാണി സ്ഥാനാര്‍ഥിയായി. 65ല്‍ പാലയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.
അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ തന്റെ വരവ് പ്രഖ്യാപിച്ച നേതാവിനാണ് അഴിമതിക്കേസില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുന്നത്. പ്രതിപക്ഷത്ത് അന്ന് കറുത്ത സ്യൂട്ട് കെയ്‌സുമായി എത്തിയിരുന്ന യുവാവ് ഭരണകക്ഷിക്ക് എന്നും ഭീഷണി തന്നെയായിരുന്നു. അക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ബി വെല്ലിംഗ്ടണെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല അത് അന്വേഷിക്കാന്‍ നിയുക്തമായ വെലുപ്പിള്ള കമ്മീഷന്റെ മുന്നില്‍ കറുത്ത ഗൗണിട്ട് ഒരു അഭിഭാഷകനായി അദ്ദേഹം അവതരിച്ചു. സാക്ഷി മൊഴികളും രേഖകളും കൊണ്ട് ആരോപണം വാദിച്ച് തെളിയിച്ചിട്ടേ മാണി അടങ്ങിയുള്ളൂ.
എം എല്‍ എ ആയി കഴിഞ്ഞപ്പോള്‍ മാണി കോട്ടയത്തും ഓഫീസിലും അതിനെ ചുറ്റിപ്പറ്റിയുള്ള അധികാരപ്രഭയിലും ആകൃഷ്ടനായി. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാര്‍ട്ടി ചെയര്‍മാന്‍ കെ എം ജോര്‍ജിന് മുമ്പില്‍ ഒരു നിര്‍ദ്ദേശം വെച്ചു. തന്നെ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയാല്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പെടുക്കാം. ജോര്‍ജ് ഇക്കാര്യം മാത്തച്ചന്‍ കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. ഇരുവരും അതിനോട് യോജിച്ചില്ല. മാണിയെ ആ ചുമതല ഏല്‍പ്പിച്ചാല്‍ കെ എം ജോര്‍ജ് ദുഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കി. അവസാനം ജോര്‍ജ് മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായി മാണി.
1975 ഡിസംബര്‍ 26ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യം മന്ത്രിയായി. അതിന് പിന്നിലും ഒരു കഥയുണ്ട്. പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്സ്. ഇ എം എസ്, എ കെ ജി, എം പി മന്മഥന്‍, ഒ രാജഗോപാല്‍, കെ ശങ്കരനാരായണന്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം കെ എം ജോര്‍ജിനെയും ആര്‍ ബാലകൃഷ്ണ പിള്ളയേയും പോലീസ് ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ എം മാണി രഹസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒളിവില്‍ പോയി. അന്നത്തെ അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസ്സിനെ ക്ഷണിച്ചു. ഡിസംബറില്‍ ജോര്‍ജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു. ‘തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ’ എന്നതായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോര്‍ജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോര്‍ജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയില്‍ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.
1975 ഡിസംബര്‍ 25ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാര്‍ യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരാളായിരിക്കാന്‍ പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ എം മാണി മുന്നോട്ട് വെച്ചിരുന്നു. അച്ചന്മാരുടെ യോഗം ഈ നിലപാടിനെ പിന്തുണച്ചു. ജോര്‍ജ്ജ് പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞാല്‍ കെ എം മാണി പാര്‍ട്ടി ചെയര്‍മാനാകും. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയ്യിലാകും. ജോര്‍ജ്ജ് ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ മാണി മന്ത്രിയാവും. ഡിസംബര്‍ 26ന് കെ എം മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. ആ സ്ഥാനത്ത് കെ എം ജോര്‍ജ്ജ് മന്ത്രിയായി.

LEAVE A REPLY

Please enter your comment!
Please enter your name here