കെ എം മാണിയെ താഴെയിറക്കിയ ബാര്‍കോഴ വിവാദത്തിന്റെ നാള്‍വഴി

Posted on: November 10, 2015 8:59 pm | Last updated: November 12, 2015 at 10:29 am
SHARE

mani-biju-bar copy

തിരുവനന്തപുരം: കെ എം മാണിയെ രാജിയിലേക്കെത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സജീവ ചര്‍ച്ചയായ ബാര്‍ കോഴക്കേസിന്റെ നാള്‍വഴിയിലേക്ക്.

പൂട്ടിയ ബാറുകള്‍ തുറക്കാനും തുറന്നവ പൂട്ടാതിരിക്കാനും ധനമന്ത്രി മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെകുറിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍, മന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണമാണ് ബാര്‍കോഴ കേസായി മാറിയത്. മാണിക്ക് പിന്നാലെ മന്ത്രി കെ ബാബുവിനെതിരെയും ആരോപണമുയര്‍ന്നു. 2014 ഒക്ടോബര്‍ 30ന് സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ബാര്‍ വിഷയം വന്‍ ചര്‍ച്ചയായത്. കോടതിയുത്തരവിന് പിന്നാലെയായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തല്‍.

ആരോപണത്തിന്റെയും കേസിന്റെയും നാള്‍വഴി ഇങ്ങനെ:

2014 നവംബര്‍ ഒന്ന്: ആരോപണം സത്യമല്ല, അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി. ഗൂഢാലോചനയെന്ന് കെ എം മാണി.
നവംബര്‍ രണ്ട്: വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സിന്റെ സത്വരാന്വേഷണ തീരുമാനം.
നവംബര്‍ നാല്: വിജിലന്‍സ് അന്വേഷണം തുടങ്ങി.
നവംബര്‍ അഞ്ച്: പിന്നില്‍ ഗൂഢാലോചനയെന്നും അത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും കേരള കോണ്‍ഗ്രസ് എം.
നവംബര്‍ ആറ്: നാല് വര്‍ഷം കൊണ്ട് 20 കോടി രൂപ കോഴ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം.
നവംബര്‍ ഏഴ്: ബാറുടമകള്‍ മലക്കംമറിഞ്ഞു. കോഴ നല്‍കിയെന്നുപറഞ്ഞത് മദ്യലഹരിയിലെന്ന് ബാറുടമ.
നവംബര്‍ 16: മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍ ഡി എഫ് തീരുമാനം.
നവംബര്‍ 19: കോഴക്ക് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നവംബര്‍ 22: മാണിക്ക് യു ഡി എഫിന്റെ പൂര്‍ണ പിന്തുണ.
നവംബര്‍ 25: പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിന് മാണിയുടെ മൊഴി.
നവംബര്‍ 26: മാണിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കോഴ വാങ്ങിയോ ഇല്ലയോ എന്നറിയില്ലെന്ന് പി സി ജോര്‍ജിന്റെ മൊഴി.
ഡിസംബര്‍ ഒന്ന്: മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ഡിസംബര്‍ രണ്ട്: സഭയില്‍ വീണ്ടും ബഹളം. വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍. നാല് എം എല്‍ എമാര്‍ക്ക് താക്കീത്.
ഡിസംബര്‍ മൂന്ന്: കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.
ഡിസംബര്‍ ഒന്‍പത്: സത്വരാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.
ഡിസംബര്‍ 11: മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
ഡിസംബര്‍ 18: പൂട്ടിയ ബാറുകളില്‍ ബിയറും വൈനും അനുവദിക്കാന്‍ തീരുമാനം. മാണിക്കെതിരെ സഭയില്‍ ബഹളം.
2015 ജനവരി 17: മാണിക്ക് പണം നല്‍കിയില്ലെന്ന് ബാറുടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിന് മൊഴിനല്‍കി. മൊഴി മാറ്റാന്‍ മന്ത്രി പി ജെ ജോസഫും ജോസ് കെ മാണിയും നിര്‍ബന്ധിച്ചെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
ജനവരി 19: ആര്‍ ബാലകൃഷ്ണ പിള്ള, പി സി ജോര്‍ജ് എന്നിവരും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മാണി സ്വര്‍ണക്കടക്കാരില്‍ നിന്ന് 19 കോടിയും മില്ലുകാരില്‍ നിന്ന് രണ്ട് കോടിയും വാങ്ങിയെന്ന് ബാലകൃഷ്ണ പിള്ളയുടെ ആരോപണം.
ഫെബ്രുവരി ആറ്: പോലീസ് സംരക്ഷണം തേടി ബിജു രമേശ് കോടതിയില്‍.
മാര്‍ച്ച് 13: പ്രതിപക്ഷ എതിര്‍പ്പിനിടെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചു. നിയമസഭയില്‍ അടിപിടി. എം എല്‍ എമാര്‍ക്ക് പരുക്കേറ്റു.
മാര്‍ച്ച് 31: ബിജുവിന്റെ കാര്‍ മന്ത്രി മാണിയുടെ വീട്ടിലെത്തിയതായി വിജിലന്‍സ്.
ഏപ്രില്‍ 18: മാണിക്കെതിരെ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പരാതി വിജിലന്‍സില്‍.
മെയ് ഏഴ്: വിജിലന്‍സ് സംഘം മാണിയെ ചോദ്യംചെയ്തു.
മെയ് എട്ട്: അന്വേഷണച്ചുമതല എ ഡി ജി പി ജേക്കബ് തോമസില്‍ നിന്ന് മാറ്റി എ ഡി ജി പി. ദര്‍വേഷ് സാഹിബിന് കൈമാറി.
മെയ് 18: ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിവെച്ച് നുണപരിശോധനാ ഫലം.
ജൂണ്‍ നാല്: മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം.
ജൂണ്‍ എട്ട്: തെളിവുകളില്‍ വൈരുധ്യം. ബിജുവിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു.
ജൂണ്‍ 12: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് എ ഡി ജി പി.
ജൂണ്‍ 20: അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.
ജൂണ്‍ 27: മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ തീരുമാനം.
ജൂണ്‍ 29: അന്വേഷണ സംഘം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ആഗസ്റ്റ് എട്ട്: തുടരന്വേഷണം ആവശ്യപ്പെട്ട് സാറാ ജോസഫ്, വൈക്കം വിശ്വന്‍, അഡ്വ. സണ്ണി മാത്യു എന്നിവര്‍ ഹരജി നല്‍കി.
ആഗസ്റ്റ് 17: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ് പി. ആര്‍ സുകേശന്റെ റിപ്പോര്‍ട്ട്.
ആഗസ്റ്റ് 23: സുപ്രീം കോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി.
സെപ്തംബര്‍ 30: മാണിക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി.
ഒക്ടോബര്‍ രണ്ട്: എസ് പി. ആര്‍ സുകേശന്റെ നടപടികളോട് യോജിപ്പില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഒക്ടോബര്‍ 29: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചുകൊണ്ട് വിജിലന്‍സ് കോടതിയുടെ വിധി വന്നതോടെ മാണിക്കെതിരെ വീണ്ടും കുടുക്ക് മുറുകി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളും കോടതി ഉന്നയിച്ചു.
നവംബര്‍ ഒന്‍പത്: ഹൈക്കോടതി വിധി, കേസില്‍ തുടരന്വേഷണം വേണം. പദവിയില്‍ തുടരുന്ന കാര്യം മാണിക്ക് തീരുമാനിക്കാമെന്നും രൂക്ഷമായ പരാമര്‍ശം. രാജിവെക്കണമെന്ന ആവശ്യം യു ഡി എഫില്‍ നിന്ന് തന്നെ ഉയരുന്നു.
നവംബര്‍ പത്ത്: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ എം മാണിയും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here