ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് രണ്ടു കാര്‍ഗോ വിമാനങ്ങള്‍

Posted on: November 10, 2015 7:39 pm | Last updated: November 10, 2015 at 7:39 pm
SHARE

Qatar Airwaysദോഹ: ഖത്വര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ നിന്ന് രണ്ടു കാര്‍ഗോ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ഫാര്‍മ എക്‌സ്പ്രസ് സര്‍വീസുകളാണ് ആരംഭിക്കുന്നത്. മരുന്നുകള്‍ കൊണ്ടു വരുന്നതിനായുള്ളതാണ് സര്‍വീസ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മ എക്‌സ്പ്രസുകള്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഫാര്‍മ എക്‌സ്പ്രസ് ഇന്ന് ആരംഭിക്കും. മുംബൈയില്‍ നിന്നും അഹമ്മദാബാദ് വഴി ദോഹക്കായിരിക്കും ചൊവ്വ, വെള്ളി ദിവങ്ങളില്‍ സര്‍വീസ്. രണ്ടാമത്തെ സര്‍വീസിന് നാളെ തുടക്കമാകും. ഹൈദരാബാദില്‍ നിന്നും ദോഹയിലേക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ സര്‍വീസ് നടക്കും. രണ്ടു വിമാനങ്ങളും ഖത്വര്‍ എയര്‍വേയ്‌സിന്റെ ലോകവ്യാപകമായുള്ള സര്‍വീസ് നഗരങ്ങളിലേക്ക് കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള കണക്ഷന്‍ സേവനവും നല്‍കും. ഇന്ത്യയില്‍ നിന്നും ലോകത്തെ വിവിധ നഗരങ്ങളിലേക്കുള്ള കാര്‍ഗോ സര്‍വീസിനാണ് ഇതോടെ ഖത്വര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കാതെ നിശ്ചിത താപനില സന്തുലിതാവസ്ഥയില്‍ മരുന്നുത്പന്നങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള ഖത്വര്‍ എയര്‍വേയ്‌സിന്റെ ഫാര്‍മ എക്‌സ്പ്രസ് കാര്‍ഗോ വിമാനങ്ങള്‍ ഈ രംഗത്ത് ബിസിനസ് വികസിപ്പിക്കുന്നതിന് കമ്പനി ശ്രമിക്കുകയാണ്.