പ്രമേഹ രോഗനിര്‍ണയത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കും

Posted on: November 10, 2015 7:23 pm | Last updated: November 10, 2015 at 7:23 pm

diabetesദുബൈ: ഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് എന്‍ സി ഹെല്‍ത് കെയര്‍ ഗ്രൂപ്പ് പ്രമേഹരോഗ ചികിത്സാ നിര്‍ണയത്തിലൂടെ മിഡില്‍ ഈസ്റ്റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ചെയര്‍മാന്‍ ഡോ. ഷാഹിദ് മംഗലാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ ക്ലിനിക് ശൃംഖലകള്‍ വഴി കാല്‍ ലക്ഷം പേര്‍ക്ക് രോഗനിര്‍ണയം നടത്തിക്കൊടുക്കാനാണ് എച്ച് എന്‍ സി തയ്യാറെടുക്കുന്നത്.
യു എ ഇയിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളും കുടുംബങ്ങളും ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവരാണ്. ഇപ്ര പ്രമേഹരോഗമായി വളരാനുള്ള സാധ്യത 15 ഇരട്ടിയോളമാണ്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. അറബ് ഹെല്‍ത് കോണ്‍ഗ്രസിന്റെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും ഭീഷണമാംവിധം അതിവേഗം പെരുകുന്ന രോഗമാണ് പ്രമേഹം. യു എ ഇയിലെ കണക്ക് പ്രകാരം 20 മുതല്‍ 79 വരെ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ പ്രമേഹരോഗിയാണ്. യു എ ഇ ലോകത്ത് ഏറ്റവും പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ്, ഷാനിദ് മംഗലാട്ട് ചൂണ്ടിക്കാട്ടി.
രക്തസാമ്പിള്‍ പരിശോധനയിലൂടെ ടൈപ്പ് 2 ഡയബറ്റിസ് ഗുരുതരമായ പ്രമേഹരോഗമായിമാറുന്നത് മുന്‍കൂട്ടി തടയാന്‍ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണം മുന്‍കൂട്ടി കാണുന്നതിലൂടെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ഇത് സഹായകമാകും. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്‌ക്രീനിംഗ് നടത്തുന്നതെന്ന് ഗ്രൂപ്പ് മെഡിക്കല്‍ ഡയറകര്‍ ഡോ. നൗഷാദ് പറഞ്ഞു.
രോഗ പരിശോധനക്ക് പുറമെ ‘പ്രമേഹം എങ്ങനെ സ്വയം നിയന്ത്രിക്കാം’, ‘രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന’, ‘വ്യായാമവും പ്രമേഹ രോഗികകളും’, ‘പ്രമേഹവും ഹൃദയവും’, ‘മരുന്നുകളും പ്രമേഹവും’ തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ ബോധവത്കരണ ശില്‍പശാലകളും സംഘടിപ്പിക്കുമെന്നും ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എം എ ബാബു അറിയിച്ചു.
ഈ മാസം 13 (വെള്ളി)ന് രാവിലെ എട്ടിന് അല്‍ ഖൂസിലെ ശാഖയില്‍ ഡോ. ഷാനിദ് മംഗലാട്ട്, ഡോ. നൗഷാദ് പന്തപ്പാടന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ, സാമൂഹിക, മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ഇതിനുപുറമെ ബര്‍ദുബൈ, മംസാര്‍ എന്നിവിടങ്ങളിലെ കോസ്‌മോപൊളിറ്റന്‍ മെഡിക്കല്‍ സെന്ററിലും ഷാര്‍ജ മുവൈലിഹയിലെ അല്‍ സബാഹ് മെഡിക്കല്‍ സെന്ററിലും രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ ക്യാമ്പ് നടക്കും. താത്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ സൗജന്യമായി ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ വെച്ച് പ്രമേഹരോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശശികുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശോധനയുണ്ടായിരിക്കും. തുടര്‍ന്നുള്ള ടെസ്റ്റുകളും ചികിത്സകളും കുറഞ്ഞ നിരക്കില്‍ എച്ച് എന്‍ സിയുടെ ശാഖകളില്‍ ലഭ്യമാണ്.
കേരളത്തില്‍ മൂന്ന് ആശുപത്രികള്‍ നടത്തുന്ന എച്ച് എന്‍ സി ഹെല്‍ത് കെയര്‍ ഗ്രൂപ്പ് 2020നകം ഇന്ത്യയിലും മലേഷ്യയിലും ജി സി സി രാഷ്ട്രങ്ങളിലുമായി 100 പോളി ക്ലിനിക് ശൃംഖല വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ പുതിയ 10 ക്ലിനിക്കുകള്‍ വിവിധ എമിറേറ്റുകളിലായി ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നൗഷാദ് പന്തപ്പാടന്‍, ഡോ. വി ശശികുമാര്‍, ഡോ. എസ് എം എസ് പിള്ള, ഡോ. മഹ്‌റൂഫ് പി പുരയില്‍, ഹനീഷ് സംബന്ധിച്ചു.