Kerala
പ്രതിസന്ധി രൂക്ഷം; യുഡിഎഫ് യോഗം ചേരാനായില്ല
തിരുവനന്തപുരം: മാണിയുടെ രാജിക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിളിച്ച് ചേര്‍ത്ത യുഡിഎഫ് യോഗം കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന ചേരാനായില്ല. ഇന്ന് ഒന്‍പത് മണിക്ക് ചേരുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ആരും യോഗത്തിനെത്തിയില്ല. യുഡിഎഫ് യോഗം ചേര്‍ന്നില്ലെന്നും പ്രധാന കക്ഷിയെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി മുസ്‌ലിം ലീഗ് ചര്‍ച്ച നടത്തിയെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറാന്‍ അദ്ദേഹം തയ്യാറായില്ല. വേണ്ടി വന്നാല്‍ ഇനിയും യോഗത്തിന് എത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയുടെ രാജിയാവശ്യപ്പെടുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് കാരണമാണ് കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ യോഗത്തിനെത്താതിരുന്നത്.
രാജിവയ്‌ക്കേണ്ടെന്ന നിലപാടില്‍ മാണി ഉറച്ച് നില്‍ക്കുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാണിയുടെ രാജി ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനാണ് മാണി ആലോചിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന് ആലോചിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ മാരത്തണ്‍ ചര്‍ച്ചകള്‍.