Connect with us

Kerala

LIVE: നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ കെ എം മാണി രാജി പ്രഖ്യാപിച്ചു; കൂടെ തോമസ് ഉണ്ണിയാടനും

Published

|

Last Updated

കെഎം മാണി തിരുവനന്തപുരത്ത് രാജി പ്രഖ്യാപിക്കുന്നു. തോമസ് ഉണ്ണിയാടന്‍ സമീപം

LIVE UPDATES:
[oa_livecom_event id=”2″ template=”minimal” animation=”fadein” anim_duration=”1000″ ]

തിരുവനന്തപുരം: ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി മന്ത്രിപദം രാജിവെച്ചു. മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് പദവിയും ഒഴിഞ്ഞു. രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇന്നലെ രാത്രി 8.05നാണ് രാജി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ദൂതന്‍ വശം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജ്ഭവനിലെത്തിച്ച രാജിക്കത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സ്വീകരിച്ചു. മാണിയുടെ രാജി മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും ചീഫ് വിപ്പിന്റെ രാജി സ്വീകരിച്ചിട്ടില്ല. പി ജെ ജോസഫ് കൂടി രാജി വെക്കണമെന്ന ആവശ്യം കെ എം മാണി മുന്നോട്ടുവെച്ചെങ്കിലും ജോസഫ് ഗ്രൂപ്പ് തള്ളി.
മാണി കൈകാര്യം ചെയ്തിരുന്ന ധനം, നിയമം വകുപ്പുകളുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കും. കെ എം മാണിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും തുടര്‍ തീരുമാനങ്ങള്‍.
നിയമവ്യവസ്ഥയോടുള്ള ആദരവിന്റെ ഭാഗമായാണ് രാജിയെന്ന് പ്രഖ്യാപനം നടത്തിയ ശേഷം കെ എം മാണി പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിവെക്കാന്‍ കെ എം മാണി നിര്‍ബന്ധിതനായത്.
മാണിക്ക് പുറമെ പി ജെ ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ ഒരുമിച്ച് രാജിവെക്കണമെന്നാണ് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടതെങ്കിലും ജോസഫ് ഗ്രൂപ്പ് ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക വസതിയായ പ്രശാന്തില്‍ മാണിയും തോമസ് ഉണ്ണിയാടനും രാജി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന്, ജോസഫ് എം പുതുശ്ശേരി, റോഷി അഗസ്റ്റിന്‍ എം എല്‍ എ എന്നിവര്‍ വശം രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കെത്തിച്ചു. യു ഡി എഫ് യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് മാണിയുടെ രാജിക്കത്ത് ക്ലിഫ് ഹൗസിലെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, രാജി സ്വീകരിച്ചതായി അറിയിച്ചു. തോമസ് ഉണ്ണിയാടന്റെ രാജി തത്കാലം സ്വീകരിച്ചിട്ടില്ല.
ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെ തന്നെ കെ എം മാണി രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ യു ഡി എഫ് യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും മാണി രാജിവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നിലപാടെടുത്തതോടെ ഇത് അനിശ്ചിതത്വത്തിലായി. രാവിലെ എട്ട് മണിയോടെ ക്ലിഫ് ഹൗസിലെത്തിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. യു ഡി എഫ് കക്ഷിനേതാക്കളും സമാന നിലപാട് സ്വീകരിച്ചു. രാജിവെക്കണമെന്നായിരുന്നു ആര്‍ എസ് പിയുടെയും ജെ ഡി യുവിന്റെയും അഭിപ്രായം. മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്‍കണമെന്ന പൊതുഅഭിപ്രായം യു ഡി എഫില്‍ ഉയര്‍ന്നു. കെ എം മാണി തന്നെ ഒരു തീരുമാനമെടുക്കട്ടെയെന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തു. സാഹചര്യങ്ങള്‍ ഫോണില്‍ വിളിച്ച് മാണിയെ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തിനിടെ യു ഡി എഫിലെ പൊതുവികാരം രാജിവെക്കണമെന്നാണെന്ന് മാണിയെ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
പിന്നീടാണ് പി ജെ ജോസഫ് കൂടി രാജിവെക്കണമെന്ന നിര്‍ദേശം മാണി ഗ്രൂപ്പ് ഉയര്‍ത്തിയത്. ഇത് ജോസഫ് തള്ളിയതോടെ മാണിയും ഉണ്ണിയാടനും മാത്രം രാജിവെക്കുകയായിരുന്നു.