ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ ഭിന്നത

Posted on: November 10, 2015 12:30 am | Last updated: November 10, 2015 at 12:30 am
SHARE

BJP MEETINGന്യൂഡല്‍ഹി: ബീഹാറിര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. ബീഹാറില്‍ മഹാസഖ്യത്തിന്റെ ശക്തി തിരിച്ചറിയുന്നതില്‍ പാര്‍ട്ടിക്ക് കുറ്റകരമായ വീഴ്ചപറ്റിയെന്ന് യോഗം വിലയിരുത്തി. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സംവരണ പരാമര്‍ശത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ആര്‍ എസ് എസ് മേധാവിയുടെ പരാമര്‍ശം പരാജയത്തിന് പ്രധാനകാരണമായെന്ന് ബി ജെ പി നേതാവ് ഹുക്കും ദേവ് നാരായണ്‍ യാദവാണ് ആരോപണം ഉന്നയിച്ചത്.
സംവരണ വിഷയത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ശത്രുഘനന്‍ സിന്‍ഹയുടെയും വിവാദ പരാമര്‍ശങ്ങള്‍ തിരിച്ചടിക്ക് കാരണമായെന്ന ഹുക്കുംദേവ് നാരായണ്‍ യാദവിന്റെ വാദത്തെ പിന്തുണച്ച് ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി ജെ പി നേതാക്കള്‍ക്കിടിയില്‍ ഉടലെടുത്ത അസംതൃപ്തിക്കിടെയാണ് ബി ജെ പിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്നത്. മഹാസഖ്യത്തിന്റെ ശക്തി തിരിച്ചറിയുന്നതില്‍ ബി ജെ പിക്ക് വീഴ്ച പറ്റിയെന്ന് യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് പറഞ്ഞ ജയ്റ്റ്‌ലി, കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച നേട്ടമുണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച ശത്രുഘനന്‍ സിന്‍ഹയെ പട്ടിയെന്ന് വിളിച്ചാണ് ബി ജെ പി ജന.സെക്രട്ടറി കൈലാശ് വിജയ വര്‍ഗീയ ആക്ഷേപമുന്നയിച്ചത്. കാറിനടിയില്‍ കിടക്കുന്ന പട്ടിക്ക് കാര്‍ താനാണ് ഓടിക്കുന്നത് എന്ന ചിന്തയാണ് ശത്രുഘനന്‍ സിന്‍ഹക്ക് ഉള്ളതെന്നും പറഞ്ഞു. ശത്രുഘനന്‍ സിന്‍ഹക്കെതിരെ നടപടിവേണമെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതിയും ആവശ്യപ്പെട്ടു. ബീഹാറിന് പുറത്തുള്ളവരെ ബീഹാറികള്‍ അംഗീകരിക്കില്ല എന്നതായിരുന്നു ശത്രുഘനന്‍ സിന്‍ഹയുടെ വിവാദ പരാമര്‍ശം.
അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചെങ്കിലും സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ വിദ്വേഷ പരാമര്‍ശങ്ങളും സംഘപരിവാര്‍ ഇടപെടലുമൊക്കെ പാര്‍ട്ടിക്ക് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രായോഗിക നടപടികളൊന്നും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല.
ബീഹാറില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടലില്‍ നിന്ന് ദേശീയ നേതാക്കള്‍ മുക്തമായിട്ടില്ല. മോദിയുടെ നേതൃത്വത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോയതെങ്കിലും അപ്രതീക്ഷിത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയത്.
ഇതിനിടെ ബി ജെ പിയുടെ വിമര്‍ശനങ്ങള്‍ തള്ളി ശത്രുഘനന്‍ സിന്‍ഹ നിതീഷ്‌കുമാറിനെയും ലാലുപ്രസാദ് യാദവിനെയും നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here