Connect with us

National

മോഹന്‍ ഭഗവതും അമിത് ഷായും പരാജയ കാരണം: മാഞ്ജി

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ എന്‍ ഡി എ സഖ്യത്തിനേറ്റ കനത്ത പ്രഹരത്തിന് പിറകേ പാളയത്തില്‍ പട തുടങ്ങി. ആര്‍ ജെ ഡി, ജെ ഡി യു, കോണ്‍ഗ്രസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ എന്‍ ഡി എയില്‍ നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയാണ്. പരാജയത്തിന് കാരണം ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്തും ബി ജെ പി പ്രസിഡന്റ് അമിത് ഷായുമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ഘടകക്ഷിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ നേതാവുമായ ജിതന്‍ റാം മാഞ്ജി പറഞ്ഞു. ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാനായി ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് അടര്‍ത്തിയെടുത്ത നേതാവാണ് മാഞ്ജി.
ഒ ബി സിക്കും ദളിതുകള്‍ക്കുമുള്ള സംവരണം എടുത്തു കളയമമെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയാണ് എന്‍ ഡി എ സഖ്യത്തിന്റെ പതനത്തിന് മുഖ്യ കാരണമായത്. ഈ പ്രസ്താവന ഏറ്റവും നന്നായി ഉപയോഗിക്കാന്‍ മഹാസഖ്യത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലുമുള്ള സംവരണം ബീഹാര്‍ പോലുള്ള സംസ്ഥാനത്ത് വൈകാരികമായ പ്രശ്‌നമാണ്. ഇതിനെതിരെ ആര്‍ എസ് എസ് മേധാവി സംസാരിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ സംവരണവിരുദ്ധ നീക്കമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ സാധ്യതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മാഞ്ജി തുറന്നടിച്ചു.
ബി ജെ പി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷാ പറഞ്ഞതും തിരിച്ചടിയായി. ഈ പ്രസ്താവന മുസ്‌ലിം ജനവിഭാഗങ്ങളെ അപമാനിക്കുന്നതായി. ഇതും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മഹാസഖ്യത്തിന് സാധിച്ചുവെന്നും മാഞ്ജി പറഞ്ഞു. മാഞ്ജിയുടെ എച്ച് എ എം 20 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് എച്ച് എ എം. തന്റെ ജന്‍മ ദേശമായ ഇമാം ഗഞ്ചില്‍ നിന്ന് മാഞ്ജിയുടെ തന്നെ സീറ്റാണ് ഇത്.

Latest