സിന്‍ഹയെ പട്ടിയോടുപമിച്ച് ബി ജെ പി നേതാവ്

Posted on: November 10, 2015 12:26 am | Last updated: November 10, 2015 at 12:26 am
SHARE

12kailash_13_06_2014ന്യൂഡല്‍ഹി: ബി ജെ പി നേതാവ് വിജയ വര്‍ഗിയ വീണ്ടും വിവാദത്തില്‍. ബീഹാറില്‍ നിന്നുള്ള ബി ജെ പി. എം പി ശത്രുഘ്‌നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ചാണ് ഇത്തവണ വിവാദം ഉണ്ടാക്കിയത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ തോല്‍വിയില്‍ നില്‍ക്കെ ബി ജെ പിയുടെ തന്നെ എം പിയായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയതാണ് വിജയ വര്‍ഗിയയെ ചൊടിപ്പിച്ചത്. ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയാണ് വിജയ വര്‍ഗിയ.
ഇവിടെ മത്സരം നടന്നത് ബീഹാരികളും ബാഹരികളും തമ്മിലാണ്. പരാജയത്തില്‍ നിന്നും ബി ജെ പി പാഠം ഉള്‍ക്കൊള്ളണം. മഹാസഖ്യത്തിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ബീഹാര്‍ ജനതയെയും മഹാസഖ്യത്തിന്റെ നേതാക്കളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും സിന്‍ഹ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ ഇന്നലെ പ്രതികരിക്കുകയായിരുന്നു വിജയ വര്‍ഗിയ. ഒരു വാഹനം നീങ്ങുമ്പോള്‍ അതിലുള്ള പട്ടിയുടെ ധാരണ അവന്‍ ഉള്ളത് കൊണ്ടാണ് വണ്ടി നീങ്ങുന്നതെന്നാണ്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ നിലനില്‍പ് പാര്‍ട്ടിയുടെ കെട്ടുറപ്പിലാണ്. അല്ലാതെ പാര്‍ട്ടിയുടെ കെട്ടുറപ്പ് അദ്ദേഹത്തിന്റെ കഴിവിലല്ല. പാര്‍ട്ടിയുടെ കീഴിലാണ് എല്ലാവരും. അക്കൂട്ടത്തില്‍ ഒരാളാണ് ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതികരണത്തോട് ശക്തമായി വിയോജിക്കുന്നതായും വിജയ വര്‍ഗിയ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാറൂഖ് ഖാനെതിരെയുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന വന്‍ വിവാദം ഉണ്ടാക്കിയിരുന്നു.