സമ്മര്‍ദം കടുത്തു; ഇനി പിടിച്ചുനില്‍ക്കാനാകില്ല

Posted on: November 10, 2015 12:06 am | Last updated: November 10, 2015 at 12:06 am
SHARE

km maniതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശം നേരിട്ട കെ എം മാണിക്ക് മന്ത്രി പദത്തില്‍ പിടിച്ചുതൂങ്ങുക ഇനി അസാധ്യം. യു ഡി എഫ് ഘടക കക്ഷികളും കോണ്‍ഗ്രസും കടുത്ത സമ്മര്‍ദവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ രാജി മാത്രമാണ് ഇനി പോംവഴി. രാജിക്ക് ശേഷം എന്ത് എന്നതില്‍ അഭിപ്രായം പറയുന്നതിനപ്പുറം രാജിയില്ലെന്ന നിലപാട് സ്വീകരിക്കാന്‍ ഇനി കെ എം മാണിക്ക് കഴിയില്ല. ഒരുമിച്ചിരിക്കാന്‍ കഴിയാത്ത അകലത്തിലായിരുന്നു യു ഡി എഫ് നേതാക്കള്‍ ഇന്നലെയെന്നതിനാല്‍ മാത്രമാണ് തീരുമാനം ഇന്നത്തേക്ക് മാറിയത്. രാജിയല്ലാതെ മറ്റെന്ത് പോംവഴിയെന്നാണ് കെ എം മാണിയുടെ ചിന്തയെങ്കിലും കോണ്‍ഗ്രസ് ഇനി അത് സമ്മതിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസ് ആണെന്നാണ് അവരുടെ വാദം.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ തന്നെ മാണി രാജിവെക്കണമെന്ന മുറവിളി കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. കോടതി പരാമര്‍ശത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നുമാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കുന്നത്. രാജിവെക്കണമെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് വി ഡി സതീശനും ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറും ടി എന്‍ പ്രതാപന്‍ എം എല്‍ എയും ആവശ്യപ്പെട്ടു. ഘടക കക്ഷികളില്‍ പരസ്യമായി രാജി ആവശ്യം മുസ്‌ലിം ലീഗ് ഉയര്‍ത്തിയിട്ടില്ലെങ്കിലും രാജി വെക്കാതെ മാര്‍ഗമില്ലെന്ന് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍ എസ് പിയും ജെ ഡി യുവും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും മാണി രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യമാണ് മാണിയുടെ പ്രതിരോധം നിഷ്ഫലമാകുന്നത്.
വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട ഘട്ടത്തില്‍ത്തന്നെ രാജിവെക്കണമെന്ന വികാരം യു ഡി എഫില്‍ ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാജിവെക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ മാത്രമാണ് പരസ്യപ്രതികരണത്തിന് ആരും മുതിരാതിരുന്നത്. വി ഡി സതീശന്‍ ഇക്കാര്യം ഇന്നലെ തുറന്ന് പറഞ്ഞു. വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ മാണിയെ മുഖ്യമന്ത്രി പ്രതിരോധിച്ചത് ശരിയായില്ലെന്നും ഇനിയും സംരക്ഷിച്ചാല്‍ നേതൃത്വത്തെ തിരുത്തുമെന്നും സതീശന്‍ തുറന്ന് പറഞ്ഞുകഴിഞ്ഞു.
രാജി നേരത്തെ വേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പങ്കുവെച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ബാര്‍ കോഴ കേസ് കാരണമായെന്ന പൊതു വികാരം കോണ്‍ഗ്രസിലും യു ഡി എഫിലും ശക്തമാണ്. അഴിമതിക്കെതിരായ വികാരം ദേശീയതലത്തില്‍ത്തന്നെ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യവും മാണിയെ സംരക്ഷിക്കുന്നതിന് തടസ്സമാണ്. ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടി ദേശീയ മാധ്യമങ്ങള്‍ പോലും വലിയ വാര്‍ത്തയാക്കി. കെ എം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ തന്നെ കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മാണിയെ സംരക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന സന്ദേശം ഐ ഗ്രൂപ്പും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം.