Connect with us

Kerala

വെള്ളാപ്പള്ളി വിഷയത്തിലും കടുത്ത നിലപാടുമായി സുധീരന്‍

Published

|

Last Updated

ആലപ്പുഴ: ബാര്‍ കോഴ വിഷയത്തില്‍ സര്‍ക്കാറിന് അടിതെറ്റിയ സാഹചര്യത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിയുടെ വിഷയത്തിലും കെ പി സി സി പിടിമുറുക്കുന്നു. എസ് എന്‍ ഡി പി യോഗത്തിന് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പദവികള്‍ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നാണ് കെ പി സി സി പ്രസിഡന്റിന്റെ ആവശ്യം. ബി ജെ പിയുമായി സഖ്യത്തിലായ എസ് എന്‍ ഡി പി യോഗത്തിന് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പദവികള്‍ തിരിച്ചെടുക്കണമെന്ന് നേരത്തെ തന്നെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പരസ്യമായി ആവശ്യപ്പെട്ടതാണ്.
അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കി എസ് എന്‍ ഡി പി യോഗം ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും നേടിയെടുക്കുകയാണെന്നും സര്‍ക്കാരിനെതിരെ രംഗത്ത് വരുമ്പോള്‍ ഇത്തരം സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അധ്വാനിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ട സ്ഥാനമാനങ്ങളാണ് ഇത്തരക്കാര്‍ കൈക്കലാക്കുന്നതെന്നും സുധീരന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ ബി ജെ പിയുമായി സഖ്യത്തിലാകുകയും മൂന്നാം മുന്നണി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്തിട്ട് പോലും പദവികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും എക്‌സൈസിലുമടക്കം പല സര്‍ക്കാര്‍ ഓഫീസുകളിലും താക്കോല്‍ സ്ഥാനങ്ങളില്‍ വെള്ളാപ്പള്ളി നിര്‍ദേശിക്കുന്നവരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതായും കെ പി സി സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളിലും സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വാമി ശാശ്വതീകാനന്ദയുടെ മരണം തുടരന്വേഷിക്കുന്നതിന് സാഹചര്യമൊരുങ്ങിയിട്ടും ഇത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയില്‍ ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുകയും പിന്നീട് മന്ത്രി രമേശ് ചെന്നിത്തല തന്നെ തുടരന്വേഷണം ഇല്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തുടരന്വേഷണ ആവശ്യമുന്നയിച്ച് കത്ത് നല്‍കുകയായിരുന്നു. പിന്നീട് ഹൈക്കോടതി തന്നെ ഈ വിഷയത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ പോംവഴിയില്ലാതെ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നുവന്ന മൈക്രോഫിനാന്‍സ് തട്ടിപ്പ്, അധ്യാപക നിയമനത്തിലെ കോഴ തുടങ്ങിയ നിരവധി പരാതികള്‍ സര്‍ക്കാറിന് രേഖാമൂലം ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ തയ്യാറായിട്ടില്ല.
തന്നെയുമല്ല, കാലാവധി പൂര്‍ത്തിയാകുന്ന തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ വെള്ളാപ്പള്ളി നിര്‍ദേശിക്കുന്നവരെ അംഗങ്ങളാക്കാനുള്ള നീക്കവും നടന്നുവരുന്നു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് തള്ളി സര്‍ക്കാര്‍ ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകുന്നതില്‍ സുധീരന് കടുത്ത അമര്‍ഷമുണ്ട്.ബാര്‍ കോഴ വിഷയത്തിന് പുറമെ, വെള്ളാപ്പള്ളിയോടുള്ള മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മൃദുസമീപനമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ എം പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി സി സി നേതൃയോഗവും ഇക്കാര്യത്തില്‍ അടിവരയിട്ടു. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളില്‍ ശക്തമായ അന്വേഷണത്തിന് ഉത്തരവിടാനും അവര്‍ക്ക് നല്‍കിയിട്ടുള്ള പദവികള്‍ പിടിച്ചുവാങ്ങാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കുമെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest