ഇന്ത്യ നല്ല ദിനങ്ങളിലേക്ക്

Posted on: November 10, 2015 4:47 am | Last updated: November 9, 2015 at 9:48 pm
SHARE

biharകോര്‍പ്പറേറ്റ് മൂലധനതാത്പര്യങ്ങളും ഹിന്ദുത്വവും ചേര്‍ന്ന് നിര്‍മിച്ചെടുത്ത നരേന്ദ്ര മോദിയുടെ’ഭീതിദമായ’ഭരണവാഴ്ചയില്‍ നിന്ന് ഇന്ത്യന്‍ ജനത നല്ല ദിനങ്ങളിലേക്ക് കടക്കാനുള്ള ധീരമായ യത്‌നങ്ങളാരംഭിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അടിവരയിട്ട് വ്യക്തമാക്കുന്നത്. 243 സീറ്റുകളില്‍ 178 സീറ്റുകള്‍ നേടിക്കൊണ്ട് മഹാസഖ്യം വിജയിച്ചിരിക്കുകയാണ്. അസഹിഷ്ണുതയും അപരമത വിരോധത്തിലും അധിഷ്ഠിതമായ സംഘപരിവാര്‍ അജന്‍ഡക്ക് ശക്തമായ പ്രഹരമാണ് ബീഹാറിലെ സാധാരണക്കാരായ വോട്ടര്‍മാര്‍ ഏല്‍പിച്ചിരിക്കുന്നത്. കാള മാംസം സൂക്ഷിച്ചുവെന്നാരോപിച്ച് നിരപരാധിയായ മനുഷ്യനെ തല്ലിക്കൊല്ലുകയും ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുകയും ചെയ്യുന്ന സവര്‍ണ ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ്’ഭീകരതക്കെതിരായി അനുരഞ്ജനരഹിതമായ നിലപാട് സ്വീകരിക്കാന്‍ ലാലു പ്രസാദ് യാദവിനും നിതീഷ്‌കുമാറിനും കഴിഞ്ഞുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തെ ശ്രദ്ധേയമാക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവരുടെയും വിജയമായിട്ടാണ് ബീഹാറിലെ മഹാസഖ്യത്തിന്റെ വിജയത്തെ കാണേണ്ടത്. സംഘപരിവാറിന്റെ അസഹിഷ്ണുതക്കും അഹന്തക്കും ബീഹാര്‍ ജനത നല്‍കിയ ഈ തിരിച്ചടി ഹിന്ദുത്വ ഫാസിസ്റ്റ്’ഭീഷണിയെ പ്രതിരോധിക്കാന്‍ മതനിരപേക്ഷ ശക്തികളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസമാണ് ഇന്ത്യന്‍ ജനതക്ക് നല്‍കിയിരിക്കുന്നത്.
ബീഹാറിലെ സവിശേഷമായ ജാതിഘടനയെ ഹിന്ദുത്വത്തിന് അനുകൂലമാക്കി നിര്‍ത്താനുള്ള മോദിയുടെയും അമിത്ഷായുടെയും സോഷ്യല്‍ എഞ്ചിനീയറിംഗിന് ഏറ്റ തിരിച്ചടികൂടിയാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം. കടുത്ത വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിത്തറയായി നില്‍ക്കുന്ന പിന്നാക്ക ദളിത് വിഭാഗങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞതാണ് യു പിയിലും ബീഹാറിലുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ബി ജെ പിയെ സഹായിച്ചത്. തീവ്രഹിന്ദുത്വത്തിന്റെ പ്രതീകമായ മോദിയെ വികാസ് പുരുഷനും പ്രധാനമന്ത്രിയുമായി ഉയര്‍ത്തിക്കാട്ടി ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമിത്ഷാ ബി ജെ പിയെ അധികാരത്തിലെത്തിച്ചത്. സഹസ്രകണക്കിന് കോടികളൊഴുക്കിയാണ് ബി ജെ പി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പരീക്ഷിച്ചത്. ആപ്‌കോവേള്‍ഡ്‌വൈഡ് പോലുള്ള പബ്ലിക്‌റിലേഷന്‍സ് കമ്പനികളും വന്‍കിട മാധ്യമങ്ങളുമാണ് ഗുജറാത്ത് വംശഹത്യയുടെ ചോരക്കറപുരണ്ടമോദിയെ വികസന നായകനാക്കി അധികാരത്തിലെത്തിച്ചത്. 16,000 കോടി രൂപയാണ് മോദിയുടെ പ്രതിച്ഛായ നിര്‍മിതിക്കായി അദാനിമാര്‍ ഒഴുക്കിയത്.
ഇത്തരം പ്രചാരണതന്ത്രങ്ങളും ഹിന്ദുത്വകാര്‍ഡുമൊന്നും എല്ലാകാലത്തും എല്ലാ സ്ഥലത്തും ഒരുപോലെ ഏല്‍ക്കില്ലെന്നാണ് മോദി അധികാരത്തില്‍ വന്നതിനു ശേഷമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയുന്നതിന് തൊട്ടുമുമ്പാണ് യു പിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നത്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പോലും ബി ജെ പിക്ക് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ജയതാപൂര്‍ ഉള്‍പ്പെടെ ആര്‍ എസ് എസ് ആദര്‍ശ ഗ്രാമങ്ങളായി അവരുടെ എം പിമാരെക്കൊണ്ട് ദത്തെടുപ്പിച്ച എല്ലാ സ്ഥലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. യു പിയില്‍ ബി എസ് പിയാണ് നേട്ടം കൊയ്തത്. സമാജ്‌വാദി പാര്‍ട്ടിയും അവഗണിക്കാനാവാത്ത സാന്നിധ്യവും സ്വാധീനവും പ്രകടിപ്പിച്ചു. ബി ജെ പിയെ പോലെ യു പിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു.
ഈ 17 മാസക്കാലത്തിനുള്ളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെപി പരാജയപ്പെടുകയാണുണ്ടായത്. യു പി, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ ബി ജെ പി ആധിപത്യം പുലര്‍ത്തിയ സംസ്ഥാനങ്ങളിലെല്ലാം കനത്ത തിരിച്ചടി ഉണ്ടായി. യു പിയിലെന്നപോലെ ഛത്തീസ്ഗഡിലെ തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ബി ജെ പിക്ക് കിട്ടിയത്. 2015 ആദ്യം നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം മൂന്ന് സീറ്റ് മാത്രമാണ് അവര്‍ക്ക് കിട്ടിയത്. ഇപ്പോള്‍ ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭാവി എന്തായിരിക്കുമെന്നും ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കുകയാണ്. മോദി-അമിത്ഷാ മാജിക്കുകൊണ്ടൊന്നും ജനങ്ങളെ കബളിപ്പിച്ച് നിര്‍ത്താനാകില്ലെന്നാണ് ഈ ഫലങ്ങളെല്ലാം കാണിക്കുന്നത്. ഇന്ത്യയുടെ നാനത്വത്തെയും മതനിരപേക്ഷതയെയും നിരാകരിക്കുന്ന ഹിന്ദുരാഷ്ട്രവാദത്തിനും ആര്‍ എസ് എസിന്റെ തിട്ടൂരം അനുസരിച്ചുള്ള’ഭരണനയങ്ങള്‍ക്കും എതിരായ ജനവികാരമാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അലയടിക്കുന്നത്.’ഭിന്ന ജാതിമതവംശീയ വിഭാഗങ്ങളുടെ സൗഹൃദപൂര്‍ണവും സമാധാനപരവുമായ ജീവിതത്തിന്’ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ്റ് നടപടികളെ ഒരുകാരണവശാലും പൊറുപ്പിക്കില്ലെന്ന താക്കീതാണ് സമ്മതിദാനാവകാശമുപയോഗിച്ച് ബീഹാറിലെ സാധാരണക്കാരായ ജനങ്ങള്‍ മോഡിക്ക് നല്‍കിയിരിക്കുന്നത്.
മോദിയുടെയും അമിത്ഷായുടെയും എല്ലാ തന്ത്രങ്ങളും ബീഹാറില്‍ പാളുകയായിരുന്നു. വ്യത്യസ്ത ജാതി സമൂഹങ്ങളെ ഹിന്ദുത്വത്തിലേക്ക് വിലയിപ്പിച്ചെടുത്ത് വോട്ടുകള്‍ തട്ടിയെടുക്കാമെന്നായിരുന്നു അവര്‍ കണക്കുകൂട്ടിയിരുന്നത്. ബീഹാറിലെ ജനസംഖ്യയില്‍ 14 ശതമാനം പിന്നോക്ക യാദവ സമുദായമാണ്. 17 ശതമാനം മുസ്‌ലിംകളും നാല് ശതമാനം പിന്നാക്ക കുറുമി വി’ഭാഗവും. ഈ ജാതി സമൂഹങ്ങളെല്ലാം പഴയ സാമൂഹിക നീതി പ്രസ്ഥാനത്തിന്റെ ‘ഭാഗമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിത്തറയാണ്. പ്രതേ്യകിച്ച് യാദവ മുസ്‌ലിം ജനവിഭാഗങ്ങള്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ സ്വാധിനവലയത്തിലാണ്. കുറുമികളാകട്ടെ നിതീഷ് കുമാറിന്റെ ജെ ഡി യു സ്വാധീനത്തിലും. അഞ്ച് ശതമാനത്തോളം വരുന്ന ദുസാദ് വിഭാഗം രാംവിലാസ് പസ്വാന്റെ സമുദായമാണ്. അഞ്ച് ശതമാനത്തോളം വരുന്ന മുഷഹാര്‍ സമുദായത്തില്‍ നിന്നുള്ള ആളാണ് ജിതിന്റാംമാഞ്ചി. 13 ശതമാനം വരുന്ന സവര്‍ണവിഭാഗമാണ് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും എക്കാലത്തെയും സാമൂഹിക അടിത്തറ.
ബി ജെ പിയുടെ പരമ്പരാഗത അടിത്തറയായ’ഭൂമിഹാര്‍ ഉള്‍പ്പെടെയുള്ള സവര്‍ണവിഭാഗങ്ങള്‍ ജിതിന്റാം മാഞ്ചിയെപോലെയുള്ള ഒരു മുഷാഹാര്‍ സമുദായക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതില്‍ അതൃപ്തരായിരുന്നു. ആ സവര്‍ണ ജാതിക്കാരെ ബി ജെ പിയോടടുപ്പിച്ച് നിര്‍ത്താനാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍’ഗവതിനെകൊണ്ട് ജാതിസംവരണം പുനപരിശോധിക്കണമെന്ന് പ്രസ്താവന ഇറക്കിച്ചത്. അത് ഉരളിന് വെച്ചത് ഉറിക്കുകൊണ്ട അവസ്ഥയാണ് സൃഷ്ടിച്ചത്. ആര്‍ എസ് എസിന്റെ സംവരണവിരുദ്ധ പ്രസ്താവനയെ തിരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി മാറ്റുന്നതിനും മഹാസഖ്യത്തെ നയിച്ച ലാലുവിനും നിതീഷിനും കഴിഞ്ഞു. സവര്‍ണ പ്രത്യയശാസ്ത്രമാണ് ബി ജെ പിയുടെ രാഷ്ട്രീയ അജന്‍ഡയുടെ അടിസ്ഥാനമെന്ന് നൂറുകണക്കിന് പൊതുയോഗങ്ങളില്‍ ലാലുപ്രസാദ് യാദവ് ഗോള്‍വാള്‍ക്കറുടെ വിചാരധാര ഉദ്ധരിച്ച് പ്രസംഗിച്ചു.
ഇത് തിരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ പ്രചാരണ വിഷയമാക്കാന്‍ ലാലുപ്രസാദ് യാദവിന് കഴിഞ്ഞവെന്നത് പിന്നോക്ക ദളിത് വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ഉറപ്പ് വരുത്തുന്നതിന് സഹായകരമായി. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രചാരണയോഗങ്ങളില്‍ വിചാരധാര ഉയര്‍ത്തിപിടിച്ച് ആര്‍ എസ് എസിന്റെ സംവരണവിരുദ്ധത ജനങ്ങളിലേക്കെത്തിച്ചു. രാജ്യസഭയില്‍കൂടി ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ സംവരണാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ഭരണഘടനാഭേദഗതി കൊണ്ടുവരുമെന്ന നിതീഷ്‌കുമാറിന്റെ പ്രസ്താവനകൂടി വന്നതോടെ മോദിയുടെ പിറകെ വികസനവ്യാമോഹങ്ങളില്‍പെട്ട് പോയിരുന്ന അഭ്യസ്തവിദ്യരായ യുവാക്കളില്‍ പോലും പുനര്‍ചിന്തയുണ്ടാക്കി. ബി ജെ പിയുടെ സംവരണവിരുദ്ധത എന്‍ ഡി എയുടെ കൂടെ നില്‍ക്കുന്ന പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കു പോലും സഹിക്കാവുന്നതായിരുന്നില്ല.
സംവരണാനുകൂല്യങ്ങള്‍ പറ്റി ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിഭാഗം ലോക്‌സഭാതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മോദിക്കനുകൂലമായിരുന്നു. എന്നാല്‍ ബി ജെ പിയുടെ സംവരണവിരുദ്ധനിലപാടുകള്‍ തിരഞ്ഞെടുപ്പ് രംഗത്ത് മഹാസഖ്യം കത്തിച്ചുനിര്‍ത്തിയതോടെ അത്തരം വിഭാഗങ്ങളെല്ലാം മഹാസഖ്യത്തിനനുകൂലമാകുന്ന സ്ഥിതിയാണ് ഉണ്ടായത്. മോദിയുടെയും അമിത്ഷായുടെയും സവര്‍ണ ജാതിക്കൊപ്പം ദളിതുകളെയും മഹാദളിതുകളെയും പിന്നാക്കക്കാരെയും ചേര്‍ത്തുകൊണ്ടുള്ള ഹിന്ദുത്വ ധ്രുവീകരണതന്ത്രം അക്ഷരാര്‍ഥത്തില്‍ സംവരണനിലപാടില്‍ തട്ടി പാളിപ്പോകുകയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സാമൂഹിക ഉണര്‍വുകളെയും എക്കാലത്തും എതിര്‍ത്തുപോന്ന സവര്‍ണജാതിസേനകളുമായി ബി ജെ പിക്കുള്ള ബന്ധം അധഃസ്ഥിത ജനസമൂഹങ്ങളില്‍ നേരത്തെ തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തോട് എതിര്‍പ്പ് രൂപപ്പെടുത്തിയിരുന്നല്ലോ. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടിയ മൂന്ന് സീറ്റുകള്‍ രണ്‍ബീര്‍ സേനപോലുള്ള സംഘപരിവാര്‍ ശക്തികളോട് എതിര്‍ത്തുനിന്ന മേഖലകളിലാണ്. സി പി ഐ(എം എല്‍)ന് ബാല്‍റാംപൂരിലും ദറൗലിലും തരാരിലുമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
അമിത്ഷായുടെ സാമൂഹിക എഞ്ചിനീയറിംഗ് പൊളിഞ്ഞതോടെയാണ് കടുത്ത ന്യൂനപക്ഷ വിരോധം പടര്‍ത്തി ഹിന്ദു ഏകീകരണം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കിയത്. ദര്‍ബംഗയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഭീകരവാദിയായ യാസിന്‍’ഭട്കറെ പരാമര്‍ശിച്ചതും മുസ്‌ലിംകള്‍ ഭീകരവാദികളാണെന്ന പ്രചരണം നടത്തിയതും ഈയൊരു ലക്ഷ്യത്തോടെയായിരുന്നു. അമിത്ഷാ ബീഹാറില്‍ മഹാസഖ്യം വിജയിച്ചാല്‍ പടക്കം പൊട്ടുന്നത് പാക്കിസ്ഥാനിലായിരിക്കുമെന്നുവരെ പ്രസംഗിക്കാന്‍ മടി കാണിച്ചില്ല. സംഘപരിവാറിന്റെ എല്ലാവിധ കൗടില്യങ്ങളെയും കുപ്രചരണങ്ങളെയും അതിജീവിച്ചുകൊണ്ട് ബീഹാര്‍ ജനത മതനിരപേക്ഷതക്കു വേണ്ടിനടത്തിയ ഈ വിധിയെഴുത്ത് മോദിയിസത്തില്‍ നിന്ന് ഇന്ത്യ നല്ലദിനങ്ങളിലേക്ക് കടന്നുവരുന്നതിന്റെ ആഹ്ലാദകരമായ സൂചനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here