വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍

Posted on: November 10, 2015 4:29 am | Last updated: November 9, 2015 at 9:46 pm
SHARE

ഹൈക്കോടതിയും മന്ത്രി മാണിയെ കൈവിട്ടു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ അധികാരം ചോദ്യംചെയ്യുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയെന്ന മട്ടില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത് മാണിയെ രക്ഷിക്കാനായിരുന്നു. അന്വേഷണോദ്യോഗസ്ഥനായ എസ് പിയുടെ റിപ്പോര്‍ട്ട് തിരുത്താന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഡയറക്ടറുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നുമായിരുന്നു വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് നീക്കിക്കിട്ടിയാല്‍ കേസന്വേഷണം വഴിതിരിച്ചു വിടുകയോ മരവിപ്പിക്കുകയോ ചെയ്യാമെന്നായിരുന്നുവത്രെ ഏതോ ‘ബുദ്ധി കേന്ദ്രങ്ങള്‍’ സര്‍ക്കാറിന് നല്‍കിയ ഉപദേശം. എന്നാല്‍ ഹൈക്കോടതി ആ പരാമര്‍ശം നീക്കാന്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, തുടരന്വേഷണ ഉത്തരവ് ശരിവെക്കുകയും ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ വിമര്‍ശം കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ ആവര്‍ത്തിക്കുകയുമാണുണ്ടായത് . കേസില്‍ ഡയറക്ടരുടെ ഇടപെടല്‍ സന്ദേഹങ്ങള്‍ക്കിട നല്‍കുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തെളിവുകള്‍ അദ്ദേഹം പരിശോധിച്ചില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഡയറക്ടര്‍ തന്റെ നിഗമനങ്ങള്‍ അന്വേഷണ ഉദ്യോഗസഥന് മേല്‍ അടിച്ചേല്‍പിച്ചതായും കോടതി കുറ്റപ്പെടുത്തി.
ഇതുമാത്രമല്ല, മാണിയുടെ രാജിയുടെ ആവശ്യകതയും കോടതി അദ്ദേഹത്തെയും സര്‍ക്കാറിനെയും ഓര്‍മിപ്പിക്കുകയുമുണ്ടായി. മാണി അധികാരത്തില്‍ തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിയായ ആള്‍ അധികാരക്കസേരയില്‍ തുടര്‍ന്നാല്‍ നീതി നടപ്പാകുമെന്ന് ജനം എങ്ങനെ വിശ്വസിക്കും? ഈ സാഹചര്യത്തില്‍ ഇനിയും മന്ത്രി പദവിയില്‍ തുടരുന്ന കാര്യം അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിടുന്നുവെന്നുള്ള പരാമര്‍ശത്തിലൂടെ മാണി രാജിവെക്കണമെന്ന് പറയാതെ പറയുകയായിരുന്നു കോടതി. മന്ത്രിയാണ് ആരോപണ വിധേയന്‍. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന പ്രയോഗത്തിലൂടെ രാജിയില്‍ കുറഞ്ഞ ഒന്നും ഇവിടെ സംഗതമല്ലെന്നാണ് കോടതി ഉദ്ദേശിച്ചതെന്നും വ്യക്തമാണ്. ഇതോടെ ഹൈക്കോടതിയെ സമീപിച്ച നടപടി സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കുകയാണുണ്ടായതെന്ന് വ്യക്തം.
മാണിക്ക് മാന്യമായി രാജി വെച്ചൊഴിയാന്‍ അവസരങ്ങളേറെയുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സിന്റെ തീരുമാനം വന്നയുടനെയായിരുന്നു രാജിയെങ്കില്‍ അതിന് പവന്‍മാറ്റ് തിളക്കമുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണദ്യോഗോസ്ഥന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയപ്പോഴോ, ചുരുങ്ങിയ പക്ഷം തുടരന്വേഷണത്തിനുത്തരവിട്ട വിജിലന്‍സ് കോടതി വിധി വന്ന ഉടനെയോ ആയിരുന്നു രാജിയെങ്കിലും ഇത്രയും നാറില്ലായിരുന്നു. ഇപ്പോള്‍ എല്ലാ വഴിയും അടയുകയും കോടതി തന്നെ രാജിക്ക് ആവശ്യപ്പെടുകയും ഭരണ മുന്നണിയിലെ ഘടക കക്ഷികളും, സ്വന്തം പാര്‍ട്ടി പോലും കൈയൊഴുകയും ചെയ്തതോടെ മാത്രമാണ് അദ്ദേഹം രാജിക്ക് സന്നദ്ധമാവുന്നത്.
കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതില്‍ സര്‍ക്കാറിനും ചെറുതല്ലാത്ത പങ്കുണ്ട്. നേരത്തെ മന്ത്രിക്കെതിരെ അന്വേഷണ ഏജന്‍സിയുടെയും കോടതികളുടെയും പരാമര്‍ശം വരികയും രാജിയാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അഭിപ്രായമുയരുകയും ചെയ്തപ്പോള്‍ ഭരണനേതൃത്വത്തിന് അദ്ദേഹത്തിന്റെ രാജിക്കാവശ്യപ്പെടാമായിരുന്നു. പകരം മാണിയെ സംരക്ഷിക്കാനും കോണ്‍ഗ്രസില്‍ നിന്നും മുന്നണിയില്‍ നിന്നും രാജിയാവശ്യം ഉയരുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടന്നത്. യു ഡി എഫ് നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടത് പോലെ രാജി അല്‍പം നേരത്തെ ആയിരുന്നെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ ആഘാതം ഭരണ മുന്നണിക്ക് എല്‍ക്കേണ്ടി വരുമായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് മാണിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടതും തുടരന്വേഷണത്തിന് അനുമതി നല്‍കിയതും. ആ ഘട്ടത്തിലെങ്കിലും അദ്ദേഹത്തെ രാജി വെപ്പിച്ചിരുന്നെങ്കില്‍ യു ഡി എഫിന് പിടിച്ചു നില്‍ക്കാമായിരുന്നു. അന്നേരത്തും മാണിക്ക് കവചം തീര്‍ക്കാന്‍ ഒരുമ്പെട്ടതിലുട ഇടത് മുന്നണിക്ക് മികച്ചൊരു ആയുധം എറിഞ്ഞു കൊടുക്കലായിരുന്നു യു ഡി എഫ്. പൊതുജനത്തിന്റെ പണത്തില്‍ കോടതിക്ക് ആശങ്കയുണ്ടെന്ന പരാമര്‍ശത്തിലൂടെ മാണിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അതിരുവിട്ട കളിയെ ഹൈക്കോടതിയും കുറ്റപ്പെടുത്തുകയുണ്ടായി.
യു ഡി എഫ് ഭരണത്തിലും എല്‍ ഡി എഫ് ഭരണത്തിലും വേറെയും നിരവധി കോഴക്കേസുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും സര്‍ക്കാറിനെ ഇത്രയധികം പ്രതിസന്ധിയിലാക്കുകയോ നാണം കെടുത്തുകയോ ചെയ്തിട്ടില്ല. മാണിയുടെ രാജിക്ക് വേണ്ടി ഭരണ മുന്നണിക്കകത്ത് നിന്ന് തന്നെ ശക്തമായ ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ താമസിയാതെ രാജി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ അത് കൊണ്ടും പിടിച്ചു നില്‍ക്കാനാകാത്ത വിധം കാര്യങ്ങള്‍ കൈവിട്ടു പോയി. വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ ഇതാണ് ആരുടെയും ഗതി.