അക്രമത്തിന് ഇനിയും അയവു വന്നില്ല

Posted on: November 10, 2015 3:29 am | Last updated: November 9, 2015 at 9:29 pm

കാഞ്ഞങ്ങാട്: വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷത്തിനു ഇനിയും അയവുവന്നില്ല. അക്രമങ്ങളില്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
ഹൊസ്ദുര്‍ഗിലെ ബി ജെ പി ആസ്ഥാനമന്ദിരമായ കെ ജി മാരാര്‍ മന്ദിരത്തിനു നേരെയുണ്ടായ കല്ലേറില്‍ ഓഫീസിന്റെ മുന്‍ ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇന്നലെ രാവിലെയാണ് സംഭവം.സംഭവത്തിനു പിന്നില്‍ സി പി എമ്മുകാരാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ. ടി കെ മുകുന്ദനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ മീനാപ്പീസില്‍ സി പി എം പ്രവര്‍ത്തകന്‍ സുരേഷിന്റെ കെ എല്‍ 60 ബി 726 നമ്പര്‍ മോട്ടോര്‍ ബൈക്ക് കടലില്‍ തള്ളിയ നിലയില്‍ കാണപ്പെട്ടു. സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് സി പി എം കേന്ദ്രങ്ങളുടെ പരാതി. കാഞ്ഞങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹനന്‍ മാസ്റ്ററുടെ വീടിനു നേരെയും ഒരു സംഘം ആക്രമണം നടത്തി.
സി പി എം ആവിക്കര ബ്രാഞ്ച് സെക്രട്ടറി എ കെ ശശികുമാറിന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തു. വീടിന്റെ മൂന്ന് ഭാഗത്തെയും ജനല്‍ ഗ്ലാസുകള്‍ പാടെ തകര്‍ന്ന നിലയിലാണ്. കഴിഞ്ഞദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു. ബി ജെ പി പ്രവര്‍ത്തകന്‍ ഹൊസ്ദുര്‍ഗിലെ വെല്‍ഡര്‍ നിട്ടടുക്കത്തെ എച്ച് എന്‍ രാഗേഷിന്റെ കെ എല്‍ 60 ജെ 8098 ആള്‍ട്ടോ കാര്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ അരുണ്‍ നെല്ലിക്കാട്, നന്ദു നിട്ടടുക്കം, ശരത്, ബാബുരാജ് നിട്ടടുക്കം, ഗണേശന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. കാറിന്റെ പിറക്‌വശം പൂര്‍ണമായും കത്തി നശിച്ചു.
പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി പെരുമുണ്ടയില്‍ സിപിഎം പ്രവര്‍ത്തകനായ പി. ഡി ധനഞ്ജയന്‍ (50), മകന്‍ മിഥുന്‍ (14) എന്നിവരെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇരുവരെയും പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളാര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ കൃഷ്ണദാസ് (44), ഭാര്യ ശാന്ത (36) എന്നിവര്‍ക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെ അടിയേറ്റു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.