Connect with us

Kasargod

മുന്‍ നഗരസഭാ ചെയര്‍മാന് മര്‍ദനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Published

|

Last Updated

കാഞ്ഞങ്ങാട്: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപിയെ കോണ്‍ഗ്രസിലെ ഒരു വിഭാഗം മര്‍ദിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതോടെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
ഗോപിയെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, ഇപ്പോഴത്തെ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അനില്‍കുമാര്‍ വാഴുന്നോറടി, ബബിന്‍ രാജ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനാണെന്ന് ആരോപിച്ച് ഗോപി വിഭാഗം നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഗോപി വിമതനായി പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
അതേസമയം ഡി സി സി പ്രസിഡന്റിനെതിരെ നീക്കംനടത്തിയതിന്റെ പേരിലാണ് ഗോപി അടക്കമുള്ളവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നത്. ഡി സി സി പ്രസിഡന്റിനെതിരെ ഗോപിയുള്‍പെടെ അച്ചടക്ക നടപടിക്ക് വിധേയരായ കോണ്‍ഗ്രസ് വിഭാഗം സമാന്തര ഗ്രൂപ്പുമായി രംഗത്തുവരുന്നതിനിടയിലാണ് ഗോപിക്കുനേരെ ആക്രമണം ഉണ്ടായത്.