തന്ത്രം പാളി; റിവിഷന്‍ ഹരജി പ്രഹരമായി

Posted on: November 9, 2015 11:58 pm | Last updated: November 9, 2015 at 11:58 pm
SHARE

km mani copyതിരുവനന്തപുരം :വിജിലന്‍സിന്റെ ചുമലിലൂടെ കെ എം മാണിയെ രക്ഷിക്കാന്‍ നല്‍കിയ റിവിഷന്‍ ഹരജി തന്നെ മാണിക്ക് പ്രഹരമായി. തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട ശേഷവും രാജിയില്ലെന്ന നിലപാട് സ്വീകരിച്ച മാണിയോട് ജനം ഇറക്കിവിടുമെന്ന് പറയാതെ പറയുകയായിരുന്നു ഹൈക്കോടതി. വിജിലന്‍സ് തുടരന്വേഷണത്തിന് ഉത്തരവിട്ട ഘട്ടത്തില്‍ തന്നെ രാജിവെക്കില്ലെന്നും നൂറുവട്ടം അന്വേഷിക്കട്ടെയെന്നുമുള്ള നിലപാടാണ് മാണി സ്വീകരിച്ചത്. പാമോലിന്‍ കേസില്‍ തനിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ താന്‍ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ മാണിയുടെ രാജി ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊടിമ്പിരിക്കൊണ്ടിരിക്കെ മാണിക്കെതിരെ വന്ന വിജിലന്‍സ് കോടതി ഉത്തരവില്‍ കോണ്‍ഗ്രസ് നേതാക്കളും മൗനം പാലിച്ചു. രാജി ആവശ്യം ആരും പരസ്യമായി ഉന്നയിക്കാതെ വന്നതോടെ വിഷയം തണുത്തുപോകുമെന്ന ഘട്ടത്തിലാണ് ഹൈക്കോടതി വിധി വരുന്നത്. വിജിലന്‍സ് കോടതി ഉത്തരവനുസരിച്ചുള്ള തുടരന്വേഷണം തടസ്സപ്പെടുത്തരുതെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി തന്നെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നതോടെയാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിജിലന്‍സ് ഡയറക്ടറുടെ അധികാരം തന്നെ ചോദ്യം ചെയ്യുന്നതാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും ഇത് വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശവും നല്‍കി. എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ അധികാരം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനൊപ്പം വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കൂടി ആവശ്യപ്പെട്ടാണ് റിവിഷന്‍ ഹരജി നല്‍കിയത്. പുറമേക്ക് വിജിലന്‍സിന് വേണ്ടിയെന്ന് കാണിക്കുകയും എന്നാല്‍, മാണിക്കെതിരായ അന്വേഷണം തടയാന്‍ ലക്ഷ്യമിട്ടുമുള്ളതായിരുന്നു ഹരജി. ഈ നീക്കത്തിനാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്.
ഹൈക്കോടതിയെ സമീപിച്ചത് തന്നെ തെറ്റായെന്ന അഭിപ്രായമാണ് ഇപ്പോള്‍ കേരളകോണ്‍ഗ്രസിനുള്ളത്. ഹൈക്കോടതി വിധിയിലൂടെ തുടരന്വേഷണം നടക്കുമെന്ന് മാത്രമല്ല, മാണിയുടെ മന്ത്രിക്കസേര തുലാസിലാകുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കാനും കോടതി തയ്യാറായിട്ടില്ല. കേസില്‍ ഡയറക്ടര്‍ക്ക് മേല്‍നോട്ടം വഹിക്കാമെന്ന് മാത്രമാണ് കോടതി പറഞ്ഞുവെച്ചത്. കെ എം മാണിയുടെ കേസില്‍ ഡയറക്ടര്‍ യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്ന കൂടുതല്‍ രൂക്ഷമായ വിമര്‍ശം വിന്‍സന്‍ എം പോളിനെതിരെ ഉയര്‍ത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here