Connect with us

Kerala

സീസറിന്റെ ഭാര്യ സംശയാതീതയാകട്ടെ

Published

|

Last Updated

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. നീതി നടപ്പായാല്‍ മാത്രം പോര, നടപ്പായതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഇത് ജുഡീഷ്യറിക്ക് മാത്രമല്ല, രാഷ്ട്രത്തിന്റെ മറ്റ് രണ്ട് സ്തൂപങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്. പ്രതിയായ മന്ത്രി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ ശരിയായ അന്വേഷണം നടക്കില്ലെന്ന് സാധാരണ ജനം കരുതുന്നു. ബാര്‍ കോഴ കേസില്‍ അഡ്വക്കറ്റ് ജനറലിനെ പോലും മറികടന്ന് പുറത്തുനിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് തേടേണ്ടിവന്നു. നിയമമന്ത്രി പ്രതിയായതിനാലാണ് അഡ്വക്കറ്റ് ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് നിയമോപദേശം തേടിയതെന്നും വിജിലന്‍സ് ഡയറക്ടര്‍ തന്നെ സമ്മതിക്കുന്നു. പുറത്തുനിന്ന് നിയമോപദേശം തേടിയതിനും സാധാരണക്കാരുടെ നികുതിപ്പണം ചെലവഴിക്കേണ്ടതുണ്ടോ? കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് മുതിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പ്രതിയുടെ മനസ്സാക്ഷിക്ക് വിടുന്നു. പുറത്തു നിന്ന് അഭിഭാഷകരുടെ ഉപദേശം തേടാന്‍ എ ജി ഉപദേശിച്ചതിനാല്‍ നിയമോപദേശം തേടുന്നതില്‍ അപാകതയില്ല. എന്നാല്‍, പ്രതിയെ വിചാരണക്കയക്കണമോ എന്നതിലല്ല നിയമോപദേശം തേടേണ്ടിയിരുന്നത്.

ആരാണീ സീസറിന്റെ ഭാര്യ?

ബി സി 62ല്‍ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ നടത്തിയ പരാമര്‍ശമാണ് ഇന്നലെ ഹൈക്കോടതി ധനമന്ത്രി കെ എം മാണിക്കെതിരായി പ്രയോഗിച്ചത്. ഹൈക്കോടതി വിധി പുറത്തുവന്നതോടെ ഈ പരാമര്‍ശത്തെക്കുറിച്ചാണ് കേരളത്തിലെ ചര്‍ച്ച. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളില്‍. ഇതിന്റെ പിന്നാമ്പുറം ഇങ്ങനെയാണ്:
ജൂലിയസ് സീസറുടെ രണ്ടാം ഭാര്യയായ പോംപി, ബോണാ ദിയ എന്ന ദേവതയുടെ തിരുനാളില്‍ സ്ത്രീകള്‍ക്കായി മാത്രം നടത്തിയ ആഘോഷ ചടങ്ങിലേക്ക് പബ്ലിയസ് ക്ലോഡിയസ് എന്ന നേതാവ് സ്ത്രീ വേഷം ധരിച്ച് കയറിപ്പറ്റി. ഈ സംഭവം വിവാദമായി. മൂടിവെക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാതെ ആള്‍മാറാട്ട കഥ പുറത്തായി. തുടര്‍ന്ന് ഇയാളെയും സീസറുടെ ഭാര്യ പോംപിയേയും ചേര്‍ത്ത് നാട്ടില്‍ കഥകള്‍ പ്രചരിച്ചു. ഈ കഥകളില്‍ വിശ്വസിച്ചിരുന്നില്ലെങ്കില്‍പ്പോലും ഭരണാധികാരിയായ സീസര്‍ ഭാര്യ പോംപിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. എന്നാല്‍, വെറുമൊരു ആരോപണത്തിന്റെ പേരില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത് ശരിയാണോ എന്നായിരുന്നു നാട്ടിലുയര്‍ന്ന ചോദ്യം. ഈ ചോദ്യത്തിനാണ് സീസര്‍ ഈ വിഖ്യാത മറുപടി നല്‍കിയത്. “സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം”.
ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ സംശയാതീതരായി പ്രവര്‍ത്തിക്കണമെന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം. സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന ആവശ്യം വന്ന സമയത്ത് മന്‍മോഹന്‍ സിംഗിനെതിരെയും ഈ പ്രയോഗം ഉയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest