ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം: അസഹിഷ്ണുത ഓര്‍മപ്പെടുത്തി യു എസ് മാധ്യമങ്ങളും

Posted on: November 9, 2015 10:57 pm | Last updated: November 9, 2015 at 10:57 pm
SHARE

modi-shahവാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ വലിയ തിരിച്ചടിയാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വിമര്‍ശിച്ചാണ് യു എസിലെ പ്രമുഖ പത്രങ്ങള്‍ ഇന്നലെ പുറത്തിറങ്ങിയത്. ഇതിന് പുറമെ അമേരിക്കയിലെ പ്രമുഖരും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി.
ഡല്‍ഹിയിലെ എ എ പി വിജയത്തേക്കാള്‍ കൂടുതല്‍ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ഫലമാണ് ബീഹാറിലെത്. ബി ജെ പിയുടെ മോശം പ്രവര്‍ത്തനത്തിന് ലഭിച്ച തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാറിന്റെ സാമൂഹികവും സാമ്പത്തികവുമായ പദ്ധതികളില്‍ വ്യാപകമായ ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി മിഷിഗന്‍ യൂനിവേഴ്‌സിറ്റിയിലെ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ പുനീത് മഞ്ചന്ത അഭിപ്രായപ്പെട്ടു. ഭരണകക്ഷിക്കെതിരെ പോരാടാനുള്ള ഏറ്റവും നല്ല മാര്‍ഗം സഖ്യത്തിലേര്‍പ്പെടുകയാണെന്ന് ഇന്ത്യന്‍ പ്രതിപക്ഷത്തിന് ഈ ഫലം തിരിച്ചറിവ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഭരണകക്ഷിക്ക് പരാജയമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബി ജെ പിയുടെ പരാജയം സമ്മതിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കി. ബി ജെ പിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറയുന്നു. മോദിയുടെ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്യുന്ന പ്രധാന തിരിച്ചടിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ നല്‍കിയിരിക്കുന്നത്. സുപ്രധാനമായ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മോദിക്കും ബി ജെ പിക്കും പരാജയം സംഭവിച്ചിരിക്കുന്നു. നിലവിലെ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകാന്‍ ഇത് സര്‍ക്കാറിന് തടസ്സം സൃഷ്ടിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ബി ജെ പിക്കേറ്റ കനത്ത തിരിച്ചടി ആ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്തുമോ എന്ന കാര്യം സുപ്രധാനമായിരിക്കുമെന്ന് നാഷനല്‍ പബ്ലിക്ക് റേഡിയോ സംപ്രേഷണം ചെയ്തു.
അധികാരത്തിലെത്തിയത് മുതല്‍ അസഹിഷ്ണുതയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറിനെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് അമേരിക്കയിലെ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പുവരുത്തി ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.