Connect with us

International

ക്രൊയേഷ്യന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് ജയം

Published

|

Last Updated

സാഗ്രബ്: ക്രൊയേഷ്യ 2013ല്‍ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ന്ന ശേഷം നടന്ന ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം. എന്നാല്‍ ഒറ്റക്ക് ഭരിക്കാനുള്ള വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ടൊമിസ്‌ലാവ് കരാമാകൊ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 151 സീറ്റില്‍ 59 സീറ്റ് നേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പ്രധാനമന്ത്രി സൊരാന്‍ മിലാനോവിക് നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 56 സീറ്റാണ് ലഭിച്ചത്. ഇരു കക്ഷികള്‍ക്കും ഒറ്റക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് പാര്‍ലിമെന്റിലെത്താനാകും ശ്രമം. ഈ സാഹചര്യത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടിയായിരിക്കും. വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹവും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പിടിച്ചുലക്കുന്നതിനിടെയാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. നിരവധി ആരോപണങ്ങളുടെ പേരിലാണ് കരാമൊകൊ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താകുന്നത്. തുടര്‍ന്നുവന്ന മധ്യ ഇടത് സര്‍ക്കാറിന് ജനങ്ങളെ തൃപ്തിപ്പെടുത്താനായില്ല. പൊതുമേഖലയെ പരിഷ്‌കരിക്കുന്നതിലും വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നിരുന്നാലും ആറ് വര്‍ഷത്തെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യം പതുക്കെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ്.

Latest