Connect with us

Kerala

റീപോളിംഗില്‍ യുഡിഎഫ്; റിബലുകളുടെ സഹായത്തോടെ ഫറോക്ക് നഗരസഭ യുഡിഎഫ് ഭരിക്കും

Published

|

Last Updated

ഫറോക്ക് കോതോര്‍ തോട് വാര്‍ഡില്‍ റീപോളിംഗ് കഴിഞ്ഞ് ഇറങ്ങിയ വോട്ടര്‍മാര്‍

ഫറോക്ക്: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് റീപോളിംഗ് നടന്ന ഫറോക്ക് കോതോര്‍തോട് വാര്‍ഡില്‍ യുഡിഎഫിന് വിജയം. 92 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി മൊയ്തീന്‍കോയ എന്ന ബാവ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്നിരുന്ന ഫറോക്കില്‍ യുഡിഎഫ് മേല്‍ക്കൈ നേടി. നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 18 സീറ്റുകളും യുഡിഎഫ് 16 സീറ്റുകളും യുഡിഎഫ് വിമതര്‍ രണ്ട് സീറ്റുകളും ബിജെപി ഒരു സീറ്റും നേടിയിരുന്നു. വിമതര്‍ നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ വിജയം കൂടി ആയതോടെ യുഡിഎഫിന്റെ കക്ഷിനില 19 ആയി ഉയര്‍ന്നു.

ഫറോക്ക് കോതോര്‍തോടില്‍ വിജയിച്ച മൊയ്തീന്‍കോയ

ഫറോക്ക് കോതോര്‍തോടില്‍ വിജയിച്ച മൊയ്തീന്‍കോയ

റീപോളിംഗില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് തുണയായി. രണ്ടാം തീയതി നടന്ന തിരഞ്ഞെടുപ്പില്‍ 79.47 ശതമാനമായിരുന്ന പോളിംഗ് റീപോളിംഗില്‍ 81.63 ആയി ഉയര്‍ന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ 102 വോട്ട് നേടിയിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് ശൈജലിന് റീപോളിംഗില്‍ ലഭിച്ചത് വെറും അഞ്ച് വോട്ടാണ്. ജെഡിയു സ്ഥാനാര്‍ഥി ജലാലുദ്ദീന്‍ തങ്ങളുടെ വോട്ട് 27ല്‍ നിന്ന് നാലായും ചുരുങ്ങി.

ഫറോക്കില്‍ കൂടി യുഡിഎഫ് ഭരണം ഉറപ്പായതോടെ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭകളുടെ എണ്ണം മൂന്നായി. പയ്യോളിയും കൊടുവള്ളിയുമാണ് യുഡിഎഫ് നേടിയ മറ്റു നഗരസഭകള്‍. വടകര, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര നഗരസഭകള്‍ എല്‍ഡിഎഫിനാണ് ലഭിച്ചത്.

Latest