കാല്‍നടയാത്രാ സൗഹൃദ നഗരം; ഗതാഗത മന്ത്രാലയം നടപടി തുടങ്ങി

Posted on: November 9, 2015 8:56 pm | Last updated: November 9, 2015 at 8:56 pm

Traffic-eases-on-Doha-roadsദോഹ: കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് വര്‍ധിച്ചതോടെ, രാജ്യത്തെ കാല്‍നടയാത്ര എങ്ങനെ സുരക്ഷിതവും പരിപോഷിപ്പിക്കാനാവുന്നതാണെന്നും സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് ഗതാഗത മന്ത്രാലയം. മന്ത്രാലയം നിയമിച്ച വിദഗ്ധര്‍ നഗരത്തില്‍ പൊതുജനാഭിപ്രായം ശേഖരിച്ചുതുടങ്ങി.
പ്രധാന കേന്ദ്രങ്ങള്‍ക്കിടയില്‍ തടസ്സം കൂടാതെ കാല്‍നട റൂട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറെടുപ്പുകളാണ് ഇവര്‍ നടത്തുക. ഏറ്റവും കൂടുതല്‍ മുറിച്ചുകടക്കല്‍ അനിവാര്യമായ 50 പ്രദേശങ്ങളും കണ്ടെത്തും. 300 തദ്ദേശീയരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് വലിയ പരിഗണന നല്‍കുന്നില്ലെന്ന പൊതു അഭിപ്രായമാണ് ഇവര്‍ക്കെല്ലാമുള്ളതെന്ന് മോട്ട് മക്‌ഡൊണാള്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ട്രാഫിക് എന്‍ജിനീയര്‍ ജോണ്‍ പെയ്‌നെ പറഞ്ഞു. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സാധിക്കില്ലെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. നടപ്പാത പെട്ടെന്ന് അവസാനിക്കുക, പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ തടസ്സം, നടപ്പാതയുടെ മോശം അവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കാല്‍നടയാത്രക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്.
ദോഹ മെട്രോ പദ്ധതി വിജയകരമാകുമ്പോഴേക്ക് കാല്‍നട സുരക്ഷിതത്വം ഖത്വറില്‍ അനിവാര്യമാണെന്ന് തദ്ദേശീയര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വികസനക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഖത്വര്‍ പോലുള്ള രാഷ്ട്രത്തിന് കാറുകളെ വലിയതോതില്‍ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ നിലനില്‍പ്പിനും നടത്തത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പെയ്‌നെ പറഞ്ഞു. രാജ്യത്തെ ചൂട് കൂടിയ കാലാവസ്ഥ കാല്‍നടയാത്രക്കുള്ള അടിസ്ഥാനസൗകര്യം അവഗണിക്കാന്‍ പര്യാപ്തമായ കാരണമല്ല. ചൂട് കൂടുമ്പോള്‍ കുറച്ച് ദൂരമേ സഞ്ചരിക്കുകയുള്ളുവെങ്കിലും കാല്‍നടയാത്ര തന്നെ തിരഞ്ഞെടുക്കുന്നത് ഗുണമേ ഉണ്ടാക്കുകയുള്ളൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്വറിലെ നാലിലൊന്ന് അപകട സംഭവങ്ങളിലും കാല്‍നടയാത്രക്കാരാണ് ഇരകാളാകാറുള്ളത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 68 കാല്‍നടയാത്രക്കാര്‍ മരിച്ചു. 2013ല്‍ ഇത് 62ഉം 2012ല്‍ 58ഉം ആയിരുന്നു. 2014ലും 13ലും 168 കാല്‍നടയാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 2012ല്‍ ഇത് 157 ആയിരുന്നു. ഇന്റര്‍സെക്ഷനുകളിലാണ് കൂടുതല്‍ അപകടങ്ങളും. നടപ്പാത പെട്ടെന്ന് അവസാനിക്കുന്നതിനാല്‍ റോഡില്‍ ഇറങ്ങാന്‍ കാല്‍നടയാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നതാണ് പ്രശ്‌നം. അല്ലെങ്കില്‍ റോഡിന്റെ മറുവശത്തെത്താന്‍ അപകടകരമായ രീതിയില്‍ റോഡ് മുറിച്ചുനടക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ക്രോസ്‌വാകിംഗ് മാസ്റ്റര്‍ പ്ലാനിന് മന്ത്രാലയം മുന്‍കൈ എടുക്കുന്നത്. ഇതനുസരിച്ച് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പാത ശൃംഖല കൊണ്ടുവരികയും എല്ലാ യാത്രകളും കാല്‍നടയായിത്തന്നെ സാധ്യമാക്കുന്ന രീതിയിലുള്ള പദ്ധതിയാണ് നടപ്പാക്കുക. നിലവില്‍ ഇത്തരം വിപുലമായ നടപ്പാതകള്‍ ഇല്ല. ദോഹ ബേങ്കിന്റെയും കോര്‍ണിഷിന്റെയും ഇടയില്‍ പൈലറ്റ് പദ്ധതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നിര്‍ദേശകാടയാളങ്ങളും തടസ്സങ്ങള്‍ നീക്കുന്ന കട്ടൗട്ടുകളും മറ്റുമുള്ള വിപുലമായ കാല്‍നടയാത്രാ ശൃംഖലകള്‍ സ്ഥാപിക്കണമോയെന്ന് പരിശോധിക്കാനാണ് പൈലറ്റ് പദ്ധതി.
പുതിയ കാല്‍നടയാത്രാ മുറിച്ചുകടക്കലിന് പ്രാധാന്യം നല്‍കി 50 പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് മൂന്നാം ഘട്ടം. പാലങ്ങളും സിഗ്നല്‍ ഇന്റര്‍സെക്ഷനുകളും ക്രോസ്സ്‌വാക്‌സും ഇതിലുണ്ടാകും. കഴിഞ്ഞ വര്‍ഷം 267 പുതിയ ക്രോസ്‌വാക്‌സ് നിര്‍മിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചെങ്കിലും അതിന് സമയക്രമം വെച്ചിരുന്നില്ല. ഗതാഗത മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയുടെ ചെലവ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുസരിച്ചായിരിക്കും നിര്‍ണയിക്കുക. ക്രോസ്സ്‌വാക് നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കൂടുതലാണ് എയര്‍ കണ്ടീഷന്‍ ചെയ്ത നടപ്പാലത്തിന്.
അടിസ്ഥാന സൗകര്യക്കുറവിന് പുറമെ വാഹനയാത്രികരുടെ സ്വഭാവവും കാല്‍നടയാത്രക്കാര്‍ക്ക് വലിയ തലവേദനയാണ്. കാല്‍നടയാത്രക്കാര്‍ക്ക് അവകാശങ്ങളില്ലാത്തതും പ്രശ്‌നമാണ്. റോഡ് സുരക്ഷയെ സംബന്ധിച്ച് സ്‌കൂളുകളിലും ടി വി പരസ്യങ്ങള്‍ വഴിയും കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് തദ്ദേശീയര്‍ അഭിപ്രായപ്പെടുന്നു.
ദോഹക്ക് ചുറ്റുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പദ്ധതി സ്ഥലങ്ങളില്‍ കാല്‍നട സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. നടപ്പാതകള്‍ ടണലുകളാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ബിന്‍ മഹ്മൂദിലെ ഖത്വരി ബിന്‍ അല്‍ ഫുജാഹ് സ്ട്രീറ്റില്‍ പുതിയ വിശാലമായ നടപ്പാതകള്‍ നിര്‍മിച്ചെങ്കിലും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തും പമ്പിംഗ് ഉപകരണങ്ങള്‍ വെച്ചും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഷെറാടണ്‍ പാര്‍ക്കിന് സമീപത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്.
സൂഖ് വാഖിഫിന്റെ വടക്കുഭാഗത്തെ കോര്‍ണിഷുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ കാര്‍പാര്‍ക്കിംഗില്‍ കാല്‍നട തുരങ്കങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്‍ ശുയൂഖ് മസ്ജിദിലേക്ക് കടക്കാന്‍ സഹായിക്കുന്ന അല്‍ റയ്യാന്‍ റോഡിന്റെയും അല്‍ അസ്മഖ് സ്ട്രീറ്റിന്റെയും ഇന്റര്‍സെക്ഷന് താഴെ കാല്‍നട തുരങ്കം മുറിഞ്ഞുപോയിരിക്കുകയാണ്. വൃത്തിയുള്ളതും വെളിച്ചമുള്ളതും സി സി ടി വി ക്യാമറകള്‍ സംവിധാനിച്ചതുമാണെങ്കിലും നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളുടെ അഭാവം വലിയ വെല്ലുവിളിയാണ്.
ഈ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ജനങ്ങള്‍ കാല്‍നടയാത്രക്ക് താത്പര്യപ്പെടുമെന്ന് മോട്ട് മക്‌ഡൊണാള്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ട്രാഫിക് എന്‍ജിനീയര്‍ ജോണ്‍ പെയ്‌നെ പറയുന്നു. മുശൈരിബ് ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് വികസിപ്പിക്കുന്നത്.
പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ കൂടുതല്‍ അവസരം ഈ മാസം അവസാനത്തോടെ ഒരുക്കും. അതിന്റെ വേദിയും സമയവും പ്രാദേശിക മാധ്യമങ്ങളിലൂടെ അറിയിക്കും. കൂടുതല്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുക്കാം. അദ്ദേഹം അറിയിച്ചു.