സാമ്പത്തിക അച്ചടക്കം അനിവാര്യമെന്ന് ഐ എം എഫ്

Posted on: November 9, 2015 8:49 pm | Last updated: November 9, 2015 at 8:49 pm

QNA_Emir_Fund_120012ദോഹ :ജി സി സിയിലെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ സാമ്പത്തിക നയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഐ എം എഫ് മേധാവി ക്രിസ്റ്റീന ലഗാര്‍ദെ ചൂണ്ടിക്കാട്ടി. സാമ്പത്തിക നയങ്ങളില്‍ ജാഗ്രത പുലര്‍ത്തിയവരെ അങ്ങനെയല്ലാത്തവര്‍ മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു. ദോഹയില്‍ ജി സി സിയിലെ മുതിര്‍ന്ന സാമ്പത്തിക അധികൃതകരുമായി നടത്തിയ യോഗത്തിന് ശേഷം പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം മുതലുള്ള ഇന്ധന, വാതക വിലകളിലെ കുറവ് സര്‍ക്കാറുകളുടെ ഊര്‍ജ വരുമാനത്തില്‍ വലിയ ഇടിച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ, ഇന്ധന വിലകളിലെ മന്ദതയുമായി ഒത്തുപോകാന്‍ ജി സി സി രാഷ്ട്രങ്ങള്‍ ബജറ്റില്‍ ക്രമീകരണം കൊണ്ടുവരണം. സമ്പദ്‌വ്യവസ്ഥയില്‍ ക്രമീകരണം കൊണ്ടുവന്നവര്‍ക്ക് സാമ്പത്തികവളര്‍ച്ചാതോതില്‍ ആഘാതമുണ്ടാകുമ്പോഴും അതിനെ നിയന്ത്രിക്കാനും കരുത്തരായി നിലകൊള്ളാനും സാധിച്ചിട്ടുണ്ട്. അങ്ങനെ വരുത്താത്തവര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ആരെയും പ്രത്യേകം പരാമര്‍ശിക്കാതെ ലഗാര്‍ദെ പറഞ്ഞു.
സഊദി അറേബ്യയും യു എ ഇയും അടക്കമുള്ള ജി സി സി രാഷ്ട്രങ്ങള്‍ മേഖലാതല വാറ്റ് കൊണ്ടുവരണമെന്നും അത് തുച്ഛമായ നിരക്കിലുള്ളതാണെങ്കിലും വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ പരിഷ്‌കാരത്തില്‍ അമാന്തം വരുത്തരുത്. നിലവിലെ ചെലവിന്റെ തോത് വളരെയേറെ കുറക്കേണ്ടതുണ്ട്. പുതിയ വരവ് ചെലവ് യാഥാര്‍ഥ്യങ്ങളില്‍ പൊതു കൂലിവര്‍ധനവിന് യാതൊരു സ്ഥാനുമില്ലെന്നും ആ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കണമെന്നും ലഗാര്‍ദെ അഭിപ്രായപ്പെട്ടു.
ദോഹയിലെത്തിയ ഐ എം എഫ് മേധാവി ക്രിസ്റ്റീന ലഗാര്‍ദെ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുമായും കൂടിക്കാഴ്ച നടത്തി.
അമീരി ദീവാന്‍ ഓഫീസിലായിരുന്നു അമീറുമായുള്ള കൂടിക്കാഴ്ച. അമീറിനെ കാണാന്‍ ലഗാര്‍ദെ താത്പര്യപ്പെടുകയായിരുന്നു. ജി സി സി രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ കമ്മിറ്റികളുടെയും ജി സി സിയിലെ സെന്‍ട്രല്‍ ബേങ്കുകളുടെ ഗവര്‍ണര്‍മാരുടെയും സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ലഗാര്‍ദെ ഖത്വറിലെത്തിയത്. ഖത്വറും ഐ എം എഫും തമ്മിലുള്ള സഹകരണ ബന്ധങ്ങളെ അമീറും ലഗാര്‍ദെയും അവലോകനം ചെയ്തു.
മറ്റ് നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സാമ്പത്തിക സാഹചര്യങ്ങളും പുലര്‍ത്തേണ്ട മുന്‍കരുതലുകളും ചര്‍ച്ചയായി.