Connect with us

Gulf

എണ്ണ വില ഉയരുമെന്ന് പ്രതീക്ഷ

Published

|

Last Updated

ദോഹ: വരും വര്‍ഷങ്ങളില്‍ എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷ. 2019നു മുമ്പ് ബാരലിന്70-80 ഡോളര്‍ നിരക്കിലേക്ക് വില ഉയരുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ. അടുത്ത വര്‍ഷം മുതല്‍ തന്നെ എണ്ണ വിലയില്‍ മാറ്റം പ്രകടമായിത്തുടങ്ങുമെന്നും നിരീക്ഷിക്കപ്പെടുന്നു.
ദോഹയില്‍ അറബ് സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവേ ഖാലിദ് അല്‍ ഖാത്വര്‍ ആണ് ഈ നീരീക്ഷണം നടത്തിയത്. എണ്ണ വില കുറഞ്ഞ സാഹചര്യം എണ്ണയുത്പാദക രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന സ്വാധീനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായണ് അറബ് സെന്റര്‍ കോണ്‍ഫറന്‍സ് നടത്തിയത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വേള്‍ഡ് ബേങ്ക് കണ്‍സള്‍ട്ടന്റ് മഹ്മൂദ് സലാമയുടെ അഭിപ്രായം. അടുത്ത വര്‍ഷത്തോടെ തന്നെ ചിലപ്പോള്‍ പൂര്‍വസ്ഥിതിയിലെത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ആഗോള എണ്ണ വിപണിയെ സുസ്ഥിരപ്പെടുത്തുന്നതിന് എണ്ണയുത്പാദനം കുറക്കുക എന്ന ആശയത്തോട് മുന്‍ ഖത്വര്‍ ഊര്‍ജ, വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്പാദനം കുറച്ചാല്‍ ഒപെകില്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്കിടയിലെ അകലം ഇല്ലാതാകും. ഇത് ഒപെകുമായി സഹരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് ഈ രാജ്യങ്ങളെ എത്തിക്കാനായിരിക്കും വഴി വെക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ രംഗത്തുണ്ടായ തണുപ്പാണ് എണ്ണവിലിയിടിവിന്റെ പ്രധാന കാരണം. ഇന്ത്യക്കൊപ്പം ചൈന വലിയ എണ്ണ ഉപഭോഗ രാജ്യമാണ്. പക്ഷേ ചൈനയില്‍ എന്തുകൊണ്ട് പെട്ടെന്ന് സാമ്പത്തിക മന്ദീഭാവം ഉണ്ടായി എന്ന് ആരും ചോദിക്കുന്നില്ല.
എണ്ണവിലയിലെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും സബ്‌സിഡികള്‍ എടുത്തു കളയാനും സന്നദ്ധമാകണമെന്ന് ഐ എം എഫ് ഉള്‍പെടെയുള്ള ലോക ഏജന്‍സികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കേ സബ്‌സിഡികള്‍ ഗവണ്‍മെന്റുകള്‍ക്ക് ബാധ്യതയാകുമെന്നാണ് അറിയിപ്പ്. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണത്തെക്കുറിച്ച് പലരും പറയുന്നു. എന്നാല്‍ ഏതുവൈവിധ്യവത്കരണവും എണ്ണയുമായി ബന്ധപ്പെടുന്നു എന്നും അതിയ്യ പറയുന്നു.

Latest