Connect with us

Gulf

കരയിലും കടലിലും സഞ്ചരിക്കാവുന്ന കാറുമായി ദുബൈ കസ്റ്റംസ്

Published

|

Last Updated

ദുബൈ: കരയിലും കടലിലും ഒരുപോലെ സഞ്ചരിക്കാവുന്ന അത്യാധുനിക കാറുമായി ദുബൈ കസ്റ്റംസ്. ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ച കാറാണ് ദുബൈ കസ്റ്റംസിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
കസ്റ്റംസ് വിഭാഗം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനം സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വകുപ്പിന് കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കസ്റ്റംസ് വിഭാഗമായി മാറുകയെന്ന പദ്ധതിയുടെ ഭാഗമായാണ് നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം പുത്തന്‍ ഉപകരണങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ദുബൈയിലെ ജനങ്ങളുടെ സംരക്ഷണവും സാമ്പത്തിക വികസനവുമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കസ്റ്റംസ് വകുപ്പിനെ നവീന ആശയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ പേരില്‍ അടുത്തിടെ പ്രശംസിച്ചിരുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹായവും കടലിലും കരയിലും ഓടാന്‍ സാധിക്കുന്ന കാറിന്റെ നിര്‍മിതിക്കുണ്ട്. ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ കാര്‍ രൂപകല്‍പന ചെയ്തതില്‍ തനിക്കുള്ള സംതൃപ്തി ശൈഖ് ഹംദാന്‍ അറിയിച്ചിരുന്നു. ശൈഖ് മുഹമ്മദിന്റെ ദുബൈ 2021 വീക്ഷണത്തിന്റെ കൂടി ഭാഗമാണ് പുതിയ കണ്ടുപിടുത്തം. പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ കാറില്‍ അത്യാധുനികമായ 10 പരിശോധനാ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും സൗരോര്‍ജത്തിലാണ് വാഹനം പ്രവര്‍ത്തിക്കുക.
ഇത്തരത്തില്‍ ദുബൈ കസ്റ്റംസ് ഒരുക്കുന്ന ആദ്യ വാഹനമാണിത്. ദുബൈ തീരത്തേക്ക് വന്‍തോതില്‍ എത്തുന്ന സ്റ്റീം ബോട്ടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവയെ കാര്യക്ഷമമായി പരിശോധിക്കാന്‍ പുതിയ കാര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest