Connect with us

Kerala

സമ്മര്‍ദ്ദമേറുന്നു: മാണിയുടെ രാജി ഇന്നുണ്ടായേക്കും

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ധനമന്ത്രി കെ എം മാണിക്ക് കന ത്ത പ്രഹരം. ഇതോടെ മാണിയുടെ രാജി അനിവാര്യമായി. കോടതി വിധിക്ക് പിന്നാലെ രാജി ആവശ്യം യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു. ഇന്നലെ തന്നെ രാജിവെക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായതെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കണമെന്ന് മാണി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അടിയന്തിര യു ഡി എഫ് യോഗം ചേരാന്‍ തീരുമാനിച്ചത്. ഈ യോഗത്തിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗവും തിരുവനന്തപുരത്ത് ചേരും. അതിന് ശേഷം രാജി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്നലെ രാത്രി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മാണി രാജിവെക്കണമെന്ന പാര്‍ട്ടി നിലപാട് അറിയിച്ചു. കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായമാണിതെന്നും ഇനി പ്രതിരോധിക്കാന്‍ കഴിയില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇന്ന് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
കോടതി വിധി വന്നതിന് പിന്നാലെ യു ഡി എഫ് കേന്ദ്രങ്ങളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മാണിയുടെ രാജി ഒരു ദിവസം പോലും വൈകരുതെന്ന നിലപാടാണ് വി എം സുധീരനും ചെന്നിത്തലയും സ്വീകരിച്ചത്. ഇത്രയും കടുത്ത പരാമര്‍ശങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ രാജി ഒരു ദിവസം വൈകുന്നത് പോലും കടുത്ത തിരിച്ചടിക്ക് കാരണമാകുമെന്ന നിലപാട് സുധീരനും രമേശും മുഖ്യമന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം സുധീരനെ വിളിച്ച് രാജിക്കാര്യം വെച്ചുനീട്ടരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇന്നലെ വൈകുന്നേരം തന്നെ യു ഡി എഫ് യോഗം ചേരാന്‍ തീരുമാനിച്ചു.
മുസ്‌ലിം ലീഗ് നേതാക്കള്‍ മലപ്പുറത്തും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ബെംഗളൂരുവിലും രമേശ് ചെന്നിത്തല മുംബൈയിലുമായതിനാല്‍ ഇവരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചിയില്‍ രാത്രി യോഗം ചേരാമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയെ മാണി അറിയിച്ചത്. പാര്‍ട്ടി എം എല്‍ എമാരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷം യു ഡി എഫ് യോഗം ചേര്‍ന്നാല്‍ മതിയെന്നുമായിരുന്നു മാണിയുടെ നിലപാട്. അതോടെ യോഗം ഇന്നത്തേക്ക് മാറ്റി. രാവിലെ ഒമ്പതിന് ക്ലിഫ്ഹൗസിലാണ് യോഗം.
മാണിക്കൊപ്പം ജലവിഭവ മന്ത്രി പി ജെ ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെക്കണമെന്ന നിര്‍ദേശം കേരളാ കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ജോസഫ് ഗ്രൂപ്പ് തള്ളി. കേരളാകോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗവും ഇന്ന് 11 മണിക്ക് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാജിവെച്ച് പകരം മന്ത്രി വരികയാണെങ്കില്‍ സി എഫ് തോമസിനാകും അവസരം. പാര്‍ട്ടിയില്‍ രണ്ടാമന്‍ പി ജെ ജോസഫ് ആണെന്നിരിക്കെ മാണിയുടെ വകുപ്പ് തോമസിന് നല്‍കുന്നത് പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ഈ പ്രതിസന്ധികള്‍ എങ്ങനെ മറികടക്കുമെന്ന ആലോചനകള്‍ക്ക് ശേഷമേ രാജിക്കാര്യത്തില്‍ മാണി തീരുമാനമെടുക്കൂ.
അതേസമയം, തനിക്കെതിരായ ഗൂഢാലോചനാവാദം ഉയര്‍ത്തി രാജി പ്രതിരോധിക്കാനും മാണി ശ്രമം തുടങ്ങി. ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത് പോലും ഇതിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം മാണി ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത വേളയിലും പാര്‍ട്ടി ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടിതലത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Latest