ലീഗിലെ വിഭാഗീയത: കോട്ടോപ്പാടം പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി

Posted on: November 9, 2015 7:25 am | Last updated: November 9, 2015 at 7:25 am
SHARE

മണ്ണാര്‍ക്കാട്: ലീഗിലെ വിഭാഗീയത മൂലം കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചു. 22 സീറ്റില്‍ 14 സീറ്റും നേടിയാണ് ഇടതുമുന്നണി ആദ്യമായി പഞ്ചായത്ത്ഭരണത്തിലെത്തുന്നത്.—കഴിഞ്ഞ 35 വര്‍ഷക്കാലം തുടര്‍ച്ചയായുളള ഐക്യമുന്നണിയുടെ ഭരണത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. 2010ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടങ്ങിയ ലീഗിലെ വിഭാഗിയത കഴിഞ്ഞ 5 വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാത്തതാണ് വന്‍ പരാജയത്തിന് പ്രധാന ഹേതുവായത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കുളള ഭീമനാട്, കോട്ടോപ്പാടം, അരിയൂര്‍ എന്നീ മൂന്ന് ബ്ലോക്ക് ഡിവിഷനുകളും, ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനും മുസ്‌ലിംലീഗിന് ഇതോടെ നഷ്ടമായി.
സംസ്ഥാന നേതൃത്വം പല പ്രാവശ്യം ഇടപെട്ടിട്ടും ഇരുവിഭാഗങ്ങളിലെയും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ നിലവിലെ പഞ്ചായത്ത് കമ്മിറ്റിയും ചില വാര്‍ഡ് കമ്മിറ്റികളും പിരിച്ചുവിട്ടത് വിഭാഗീയതക്ക് ആക്കംകൂട്ടി. ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ ഒരു വിഭാഗം ലീഗ് അംഗങ്ങള്‍ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ കാരണമായി.
പിരിച്ചുവിട്ട പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റിയും വാര്‍ഡുകമ്മിറ്റികളും പുനസ്ഥാപിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതോടുകൂടിയാണ് രണ്ടുവിഭാഗങ്ങളായി മത്സരിക്കാന്‍ കാരണം. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗും, കോണ്‍ഗ്രസും ചേര്‍ന്ന് യു ഡി എഫ് മുന്നണിയായും ലീഗിലെ മറുവിഭാഗം ജനകീയ മുന്നണിയുടെ ബാനറിലും പരസ്പരം മത്സരിക്കുകയായിരുന്നു. ഇത് സി പി എമ്മിന്റെ വിജയത്തിന് ഏറെ സഹായകമായി. തിരഞ്ഞെടുപ്പില്‍ ലീഗിന് 4ഉം, കോണ്‍ഗ്രസിന് രണ്ടുമടക്കം യു ഡി എഫിന് 6ഉം, ജനകീയ മുന്നണിക്ക് രണ്ട് സീറ്റുകളുമാണ് നേടാനായത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ പാറശ്ശേരി ഹസ്സന്‍, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ഹംസ, നിയോജക മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ ടി എ സിദ്ദീഖ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് മുത്തനില്‍, മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ തുടങ്ങിയ പ്രമുഖരെല്ലാം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ലീഗിലെ വിമതര്‍ക്ക് നേതൃത്വം നല്‍കിയ കല്ലടി അബൂബക്കര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച വിമത ലീഗ് സ്ഥാനാര്‍ഥി അഡ്വ നാസര്‍ കൊമ്പത്ത് 8746 വോട്ടുകള്‍ നേടി. ഇതാണ് എല്‍ ഡി എഫിന് ആദ്യമായി ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷന്‍ ലഭിക്കാനിടിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here