Connect with us

Wayanad

നഷ്ടമായത് ചിരിച്ച് ആരേയും എതിരേല്‍ക്കുന്ന ജനകീയ നേതാവിനെ

Published

|

Last Updated

മാനന്തവാടി: പി വി ജോണിന്റെ മരണം മാനന്തവാടിക്ക് നഷ്ടമായത് ചിരിച്ചും ആരേയും എതിരേല്‍ക്കുന്ന ജനകീയ നേതാവിനെ. തൊഴിലാളി പ്രസ്താനത്തിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിന്റെ മാനന്തവാടിയിലെ നെടും തൂണായി മാറിയ പി വി ജോണ്‍ മാനന്തവാടിയിലെ സാധാരണക്കാരുടെ ജോണേട്ടനായിരുന്നു.
1978കളിലാണ് മാനന്തവാടി ടൗണില്‍ ടാക്‌സി ഡ്രൈവറായി രംഗത്തെത്തിയ ജോണ്‍ ഐ എന്‍ ടിയു സിയിലൂടെയാണ് കോണ്‍ഗ്രസിലെത്തുന്നത്. പയ്യമ്പള്ളി വാര്‍ഡ് പ്രസിഡന്റും പിന്നീട് മാനന്തവാടി മണ്ഡലം പ്രസിഡന്റായും ജോണ്‍ പ്രവര്‍ത്തിച്ചു.
2005ല്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി. ചിരക്കര, കൊയിലേരി വാര്‍ഡുകലെ പ്രതിനിധീകരിച്ച് 15 വര്‍ഷത്തോളം ഗ്രാമപഞ്ചായത്തില്‍ അംഗമായിരുന്നു. ദീര്‍ഘകാലം മാനന്തവാടി ഫാര്‍മേഴ്‌സ് ബേങ്ക് ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയരക്ടറാണ്. മൂന്നു മാസം മുമ്പാണ് ഡി സി സിജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസില്‍ എപ്പോഴും ഐ പക്ഷത്തായിരുന്നെങ്കിലും ഇരു ഗ്രൂപ്പുകളിലും സര്‍വ സമ്മതനായിരുന്നു പി വി ജോണ്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ എപ്പോഴും ചിരിച്ച് കൊണ്ട് ഇടപെടാന്‍ ജോണേട്ടന്‍ മുന്നിലുണ്ടായിരുന്നു. ഇന്നലെ ജോണിന്റെ ആത്മഹത്യാവിവരം ഇത് കൊണ്ട് തന്നെ ആര്‍ക്കും വിശ്വസിക്കാനായില്ല. യാഥാര്‍ഥ്യമാണെന്നറിഞ്ഞതോടെ പാര്‍ട്ടി ഓഫീസിലേക്കും ആശുപത്രിയിലേക്കും പൊതുദര്‍ശനത്തിന് വെച്ച കമ്മ്യൂണിറ്റി ഹാളിലേക്കും ജനങ്ങളുടെ ഒഴുക്കായിരുന്നു.
മന്ത്രി ജയലക്ഷ്മി, ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ സി പി എം നേതാക്കളായ വര്‍ക്കി മാസ്റ്റര്‍, കെ വി മോഹനന്‍,, സജി ശങ്കര്‍ തുടങ്ങിവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Latest