മങ്കട മണ്ഡലത്തില്‍ യു ഡി എഫ് നിലനിര്‍ത്തിയത് കുറുവ മാത്രം

Posted on: November 9, 2015 7:06 am | Last updated: November 9, 2015 at 7:06 am
SHARE

കൊളത്തൂര്‍: മങ്കട മണ്ഡലത്തില്‍ യു ഡി എഫ് ഭരിച്ചിരുന്ന ഏഴു പഞ്ചായത്തില്‍ ആറിലും എല്‍ ഡി എഫ് മുന്നേറ്റം. യു ഡി എഫിന് നിലനിര്‍ത്താനായത് കുറുവയില്‍ മാത്രം. മങ്കട, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് മുന്നേറ്റമുണ്ടാക്കിയത്.
മുസ്‌ലിം ലീഗിന്റെ തട്ടകമായ കുറുവയില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തിയെങ്കിലും എല്‍ ഡി എഫിന് മികച്ച നേട്ടമുണ്ടാക്കാനായി. 22ല്‍ 12 സീറ്റ് യു ഡി എഫിന് ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 10 സീറ്റ് നേടാനായി. രൂപവത്കരിച്ച കാലം മുതല്‍ യു ഡി എഫ് ഭരിച്ചിരുന്ന കൂട്ടിലങ്ങാടിയില്‍ 19ല്‍ 10 സീറ്റ് നേടി എല്‍ ഡി എഫ് ഭരണം പിടിച്ചടക്കി. കഴിഞ്ഞ തവണ യു ഡി എഫ് ഭരിച്ചിരുന്ന മൂര്‍ക്കനാട് പുഴക്കാട്ടിരി പഞ്ചായത്തുകളിലും എല്‍ ഡി എഫ് ഭരണം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ എല്‍ ഡി എഫിന് ഒരു സീറ്റ് മാത്രം ലഭിച്ചിരുന്ന മക്കരപ്പറമ്പില്‍ ഇത്തവണ അഞ്ച് സീറ്റില്‍ വിജയിച്ചു. പത്താം വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്രനും നാലാം വാര്‍ഡില്‍ നിന്ന് ജയിച്ച ലീഗ് വിമതനുമാണ് ഇവിടെ ഭരണം തീരുമാനിക്കുക.
മങ്കടയില്‍ എല്‍ ഡി എഫ് ഒമ്പത് സീറ്റില്‍ വിജയിച്ചപ്പോള്‍ യു ഡി എഫിനു എട്ട് സീറ്റാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. അങ്ങാടിപ്പുറത്ത് എല്‍ ഡി എഫ് മികച്ച മുന്നേറ്റമുണ്ടാക്കി. എല്‍ ഡി എഫ് 16 സീറ്റ് നേടിയപ്പോള്‍ യു ഡി എഫ് ആറില്‍ ചുരുങ്ങി. ഇവിടെ ബി ജെ പിക്ക് ഇരു സീറ്റുണ്ട്.