തദ്ദേശ തിരഞ്ഞെടുപ്പ്: തുടര്‍ചലനങ്ങളുടെ ആകാംക്ഷയില്‍ കേരളം

Posted on: November 9, 2015 2:45 am | Last updated: November 9, 2015 at 11:43 pm
SHARE

Ramesh-Chennithala-VM-Sudheeran-Oommen-Chandyതിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം. തിരിച്ചടി നേരിട്ടത് യു ഡി എഫിലായതിനാല്‍ മുന്നണിയിലും സര്‍ക്കാറിലും എന്ത് മാറ്റം വരുമെന്നതിലാണ് ഏവരുടെയും ശ്രദ്ധ. തിരുത്തല്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് എങ്ങനെയാകുമെന്നാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തില്‍ 11, 12 തീയതികളില്‍ ചേരുന്ന കെ പി സി സി നേതൃയോഗം നിര്‍ണായകമാണ്. അതിനിടെ ബാര്‍കോഴ കേസിലെ വിജിലന്‍സ് കോടതി ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് വിധി പറയും.
എസ് എന്‍ ഡി പി- ബി ജെ പി ബന്ധം സി പി എമ്മിന്റെ വോട്ട് ചോര്‍ത്തുമെന്നും അത് യു ഡി എഫിനെ തുണക്കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക്. എന്നാല്‍, ബി ജെ പിയെയും എസ് എന്‍ ഡി പിയെയും തുറന്നെതിര്‍ത്ത സി പി എം തങ്ങളുടെ വോട്ട് ചോര്‍ച്ച തടയുന്നതില്‍ ഒരുപരിധി വരെ വിജയിച്ചു. കോണ്‍ഗ്രസ് സ്വീകരിച്ച മൃദുസമീപനം കെ പി സി സി നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയാകും. സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ വീഴ്ച സംഭവിച്ചെന്ന പരാതി കോണ്‍ഗ്രസില്‍ വ്യാപകമാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പെ ഇതേച്ചൊല്ലി പൊട്ടിത്തെറി തുടങ്ങിയത് ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.
വിജിലന്‍സ് കോടതി വിധിയുണ്ടായിട്ടും ധനമന്ത്രി കെ എം മാണിയെ ഇനിയും സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യത്തിനും നേതൃത്വം ഉത്തരം നല്‍കേണ്ടി വരും. വിധി സര്‍ക്കാറിനെതിരായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങും. ഭരണതലപ്പത്ത് നേതൃമാറ്റം എന്ന ആവശ്യം പരസ്യമായി ഉയരില്ലെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. സി പി എം നേതൃയോഗങ്ങളും ഇന്ന് തുടങ്ങും. വിജയത്തിന്റെ ആവേശത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടി സി പി എമ്മിനെ അലട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here