Connect with us

Gulf

മലയാളത്തിന്റെ ജീന്‍ ബേങ്ക് ഗള്‍ഫ്: ടി പത്മനാഭന്‍

Published

|

Last Updated

ഷാര്‍ജ: മലയാളത്തിന്റെ ജീന്‍ ബേങ്ക് ഗള്‍ഫില്‍ ആയിരിക്കുമെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. നെല്ലിന്റെ ജീന്‍ബേങ്ക് ഫിലിപ്പൈന്‍സിലാണ്. അത്തരത്തില്‍ മലയാളത്തെ നിലനിര്‍ത്തുന്ന, വ്യാപകമാക്കുന്ന ബൗദ്ധികമായ ജീന്‍ ബേങ്ക് ഗള്‍ഫില്‍ ആയിരിക്കും. അതുകൊണ്ടാണ് മലയാളത്തിന് ഇത്രയധികം പ്രാധാന്യം ഇവിടെ ലഭിക്കുന്നത്. 70കളില്‍ തന്നെ അവാര്‍ഡ് നിരസിച്ചെന്ന ആളെന്ന നിലക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരസ്‌കാരം തിരിച്ചുകൊടുക്കണോ വേണ്ടയോയെന്ന് താന്‍ തീരുമാനിക്കേണ്ട കാര്യമില്ല. പുരസ്‌കാരം തിരിച്ചുകൊടുക്കുന്നതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. 70കളില്‍ തന്നെ ഇതൊക്കെ വേണ്ടെന്നുവെച്ച ആളാണ് ഞാന്‍.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാരായിമാര്‍ക്ക് കെട്ടിവെക്കാന്‍ തുക നല്‍കിയത് രാഷ്ട്രീയം ഉള്ളതുകൊണ്ടല്ല. അത് സുഹൃദ്ബന്ധം കാരണമാണ്. താന്‍ ഖദര്‍ ധരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയക്കാരനല്ല.
കേരളത്തിലടക്കം സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളുണ്ട്. കൊച്ചുകുട്ടികളെയടക്കം പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു. ഇതിനൊക്കെ ഒരു എഴുത്തുകാരനെന്ന നിലയിലും സാമൂഹിക ബാധ്യതയുള്ള ആളെന്ന നിലയിലും പ്രതിഷേധമുണ്ട്. സങ്കടകരമായ കാലത്തിലൂടെ നാം കടന്നുപോകുന്നത്, ടി പത്മനാഭന്‍ ചൂണ്ടിക്കാട്ടി. പി കെ പാറക്കടവ് മോഡറേറ്ററായിരുന്നു.

Latest