Connect with us

Articles

അതൊരു കെട്ടുകഥയായിരുന്നു

Published

|

Last Updated

ബി ജെ പിയും നരേന്ദ്ര മോദിയും തങ്ങളെക്കുറിച്ച് സ്വയം കെട്ടിപ്പടുത്ത കണക്കുകൂട്ടലുകള്‍ തെറ്റിത്തുടങ്ങി എന്നതിന്റെ ആദ്യ സൂചനയാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് എന്നതില്‍ സംശയമില്ല. വിശാല മഹാസഖ്യം നേടിയ വിജയം ബി ജെ പിയുടെ സ്വയം തകര്‍ച്ചയുടെ തുടക്കമാണ്. ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചതുപോലെ ബീഹാര്‍ മോദിയുടെ “വാട്ടര്‍ലൂ” ആയി മാറിയിരിക്കുകയാണ്. ഇനിയങ്ങോട്ട് ബി ജെ പിയുടെ സൗഭാഗ്യങ്ങള്‍ ക്രമേണ ഇടിഞ്ഞുവീഴുന്നത് നമുക്ക് കാണാം എന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്ന രീതിയെയും അതിന്റെ സ്വഭാവത്തെയും കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാളും പ്രതീക്ഷിച്ച ഫലമാണ് ബീഹാറിലേത്. എന്തൊക്കെ പറഞ്ഞാലും ജാതിയും മതവും കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വോട്ടിംഗിന്റെ കാര്യത്തിലും ഈ ശീലം ഇന്ത്യക്കാര്‍ തെറ്റിക്കാറില്ല. ഏതെങ്കിലും തരത്തിലുള്ള ഒരു തരംഗം ഉള്ളപ്പോഴേ അതിനെന്തെങ്കിലും ഒരു മാറ്റമുണ്ടായിട്ടുള്ളൂ. 2014ലെ ബി ജെ പിയുടെ വിജയം അത്തരത്തിലുള്ള ഒന്നായിരുന്നു. പക്ഷേ, ആ തരംഗം ഒരു താത്കാലിക പ്രതിഭാസം മാത്രമായിരുന്നുവെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
മോദി തരംഗം ഒരു കെട്ടുകഥ ആയിരുന്നു. 2014ല്‍ ബീഹാറില്‍ ഉള്‍പ്പടെ ബി ജെ പിയെ ജയിപ്പിച്ച ഘടകങ്ങള്‍ എല്ലാം തന്നെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ് ശരി. അതില്‍ പ്രധാനപ്പെട്ട ഘടകമായിരുന്നു ഇന്ത്യയില്‍ ഇതുവരെയും സാധ്യമാകാത്ത വികസനം നരേന്ദ്ര മോദി കൊണ്ടുവരുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍. തൊഴില്‍ രഹിതരായ യുവാക്കള്‍ ആണ് ഈ പ്രചാരണത്തെ കൂടുതല്‍ വിശ്വസിച്ചതും പ്രചരിപ്പിച്ചതും. പക്ഷേ, മോദിയുടെ ഭരണം എന്ത് മാറ്റമാണ് കൊണ്ടുവന്നത് എന്ന് നമുക്കെല്ലാം അറിയാം. മുദ്രാവാക്യങ്ങള്‍ മുഴക്കിയതുകൊണ്ട് ജോലി ലഭ്യത ഉറപ്പുവരുത്താന്‍ കഴിയില്ലല്ലോ. അതിനു സ്ഥിരതയുള്ള, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടന വേണം. പക്ഷേ ഇന്ത്യന്‍ സംമ്പദ്ഘടന ഇന്ന് സ്തംഭനാവസ്ഥയിലാണ്. വിദേശ നിക്ഷേപം കൊണ്ടുവരുന്നു, ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇന്ത്യയില്‍ നിക്ഷേപമിറക്കിയിരുന്ന പലരും ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമല്ല എന്ന് തിരിച്ചറിഞ്ഞു രാജ്യം വിടാന്‍ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ വന്‍ തോതില്‍ നിക്ഷേപമിറക്കിയ അമേരിക്കന്‍ വ്യവസായി റിം റോജര്‍ വാഗ്ദാനങ്ങളെ മുന്‍ നിര്‍ത്തി മാത്രം നിക്ഷേപമിറക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് ഇന്ത്യ വിട്ടത്.
മോദി ഭരണത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമേയുള്ളൂ, പ്രവൃത്തികള്‍ ഇല്ല എന്ന് ജനങ്ങളും തിരിച്ചറിഞ്ഞുതുടങ്ങി. ഭക്ഷ്യ വിഭവങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. പരിപ്പും ഉള്ളിയും തന്നെ ഉദാഹരണം. സമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്ത ഒരിടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ദാദ്രിയിലും മറ്റും നടന്ന അതിക്രമങ്ങള്‍ ബി ജെ പിയുടെ വര്‍ഗീയ മുഖം ഒന്ന് കൂടി വെളിച്ചത്ത് കൊണ്ടുവന്നു. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ചു തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു എന്നതാണ് ബീഹാറില്‍ നാം കണ്ടത്. ജനങ്ങള്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി. അതോടെ മോദി തരംഗം ഒരു വാട്ടര്‍ ലൂ മാത്രമായി. ഇന്ത്യയിലെ പരമ്പരാഗത വോട്ടിംഗ് സ്വഭാവം തന്നെയാണ് നാം ബീഹാറിലും കണ്ടത്. ജനങ്ങള്‍ വന്‍ തോതില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് ചെയ്തു എന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ട് തന്നെ ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുക പ്രായാസമുള്ള ഒരു കാര്യമായിരുന്നില്ല. മഹാസഖ്യം ബീഹാറില്‍ അധികാരത്തില്‍ എത്തുമെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞതും അതുകൊണ്ടായിരുന്നു.
ഈ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിയുടെയും എന്‍ ഡി എയുടെയും ജാതി സമവാക്യത്തെ കുറിച്ചുള്ള ചില സൂചനകളും നല്‍കുന്നുണ്ട്. ബി ജെ പിയുടെ പിന്തുണയും സ്വാധീനവും ഉന്നത ജാതി വിഭാഗങ്ങളില്‍ ഒതുങ്ങി. ന്യൂനപക്ഷങ്ങളും 16 ശതമാനം വരുന്ന പട്ടിക ജാതിക്കാരും 19 ശതമാനം വരുന്ന യാദവരും കുര്‍മീസും വന്‍ തോതില്‍ മഹാസഖ്യത്തിന് വോട്ട് നല്‍കി എന്ന് വേണം കരുതാന്‍. 17 ശതമാനം വരുന്ന മുസ്‌ലിംകളും മഹാ സഖ്യത്തിന് തന്നെ വോട്ട് ചെയ്തു. ദാദ്രി കൊലപാതകം, ലവ്ജിഹാദ് പ്രചാരണങ്ങള്‍ തുടങ്ങിയവ അവരുടെ വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒരു കാര്യം അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ മുസ്‌ലിംകള്‍ വ്യാപകമായി തള്ളിക്കളഞ്ഞു എന്നതാണ്. ബി ജെ പിയുടെ ആശിര്‍വാദത്തോടെ മുസ്‌ലിംകളുടെ വോട്ട് ഭിന്നിപ്പിക്കാന്‍ വന്ന ആള്‍ എന്ന അര്‍ഥത്തിലാണ് മുസ്‌ലിംകള്‍ അദ്ദേഹത്തെയും ആ പാര്‍ട്ടിയെയും മനസ്സിലാക്കിയത്.
മോദിയുടെയോ ബി ജെ പിയുടെയോ കൈകളില്‍ പലരും കരുതുന്ന പോലെ ഒരു മാജിക്കും ഇല്ല. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കൗശലങ്ങള്‍ മാത്രമാണവരുടെ കൈമുതല്‍. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബി ജെ പിയുടെയും മോദിയുടെയും തരംഗം അവസാനിച്ചതാണ്. ബീഹാര്‍ ഫലം അതിന്റെ ആക്കം വര്‍ധിപ്പിക്കും. കടുത്ത ആര്‍ എസ് എസ് പക്ഷക്കാരായ വലതുപക്ഷ ഉന്നത ജാതി ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും വരും കാലത്ത് ബി ജെ പി യെ പിന്തുണക്കില്ല. അതോടെ ബി ജെ പിയുടെ തകര്‍ച്ച പൂര്‍ണമാകും.
പക്ഷേ, ഈ തകര്‍ച്ചയുടെ ഗുണം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അപര്യാപ്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കതിനു കഴിയില്ല. അടുത്ത പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. രാജ്യം കടുത്ത പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുന്ന ഘട്ടമാണിത്. പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിനും അത് വഴി പുതിയൊരു മുന്നേറ്റത്തിനും ആവശ്യമായ പശ്ചാത്തലം ഒരുക്കാന്‍ ഈ ആപത്ഘട്ടം ഒരു പശ്ചാത്തലമായി പ്രവര്‍ത്തിക്കും എന്നാണ് എന്റെ വിശ്വാസം. ശക്തമായ ഒരു ആഭ്യന്തര സംഘര്‍ഷത്തിലേക്ക് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഇന്ത്യയെ കൊണ്ട് ചെന്നെത്തിക്കും. ജനങ്ങള്‍ തെരുവിലിറങ്ങും. അവര്‍ ഭരണാധികാരികളെ തിരുത്തുകയും പുതിയ നേതാക്കളെ കണ്ടെത്തുകയും ചെയ്യും. ആ ഇന്ത്യയിലാണ് എന്റെ പ്രതീക്ഷ.
ബീഹാറില്‍ മഹാസഖ്യം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ സന്യാസത്തിനു പോകും എന്ന് ഞാന്‍ പറഞ്ഞിരുന്നു. ബീഹാര്‍ ഫലത്തെ കുറിച്ചുള്ള എന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ പറച്ചില്‍. ആ ബോധ്യം ശരിയായല്ലോ.